'വിവാഹവേദിയിൽ നിന്ന് രജിസ്ട്രേഷൻ, തത്സമയം സർട്ടിഫിക്കറ്റ്'; അമേരിക്കയില്ല, ഇങ്ങ് കാവശേരിയിൽ, കേരളം മാറിയ കാഴ്ച

പാലക്കാട്: ഓഫീസിൽ കയറിയിറങ്ങിയില്ല, ദിവസങ്ങളുടെ കാത്തിരിപ്പില്ല, വിവാഹ വേദിയിൽ തന്നെ വിവാഹ സർട്ടിഫിക്കറ്റ്. ഇത് അമേരിക്കയിലെ കഥയല്ല, ഇങ്ങ് കാവശേരിയിൽ. കെ– സ്മാർട്ടിലൂടെ വിവാഹം രജിസ്റ്റർ ചെയ്ത് ലാവണ്യയ്ക്കും വിഷ്ണുവിനുമാണ് മിനിറ്റുകൾക്കകം വിവാഹ സർട്ടിഫിക്കറ്റ് ലഭിച്ചത്. മന്ത്രി എം ബി രാജേഷാണ് കെ സ്മാർട്ടിന്റെ ഡിജിറ്റൽ വിപ്ലവം ഫെയ്സ്ബുക്കിലൂടെ പങ്കുവെച്ചത്.
അവധിദിനമായിട്ട് പോലും കാവശ്ശേരി പഞ്ചായത്ത് ജീവനക്കാർ തത്സമയം ഈ അപേക്ഷ അപ്രൂവ് ചെയ്തതോടെയാണ് വിവാഹ ദിവസം തന്നെ സർട്ടിഫിക്കറ്റ് ദമ്പതികൾക്ക് ലഭിച്ചത്. വധൂവരന്മാർക്കൊപ്പം ഫോട്ടോയെടുക്കാൻ പഞ്ചായത്ത് അംഗം ടി വേലായുധൻ എത്തിയപ്പോൾ നവദമ്പതികൾക്ക് പ്രിന്റ് ചെയ്ത സർട്ടിഫിക്കറ്റും കൈമാറുകയായിരുന്നു. കെ സ്മാർട്ട് നിലവിൽ വന്ന ശേഷം നടന്ന 1,50,320 വിവാഹ രജിസ്ട്രേഷനിൽ 62,915 എണ്ണവും വീഡിയോ കെവൈസി വഴിയാണ് ചെയ്തതെന്ന് മന്ത്രി പറഞ്ഞു.
ഫെയ്സ്ബുക്ക് കുറിപ്പ്
ഒരു വിവാഹവേദിയിൽ ഇന്ന് നടന്നത് കാണൂ…
ഇത് അമേരിക്കയിലൊന്നുമല്ല, ഇങ്ങ് കാവശേരിയിലാണ്…
ഇങ്ങനെയൊക്കെയാണ് കേരളം മാറിയത്❤️
ദീപാവലി ദിവസമായ ഇന്നായിരുന്നു ലാവണ്യയുടെയും വിഷ്ണുവിന്റെയും വിവാഹം. വിവാഹം കഴിഞ്ഞയുടൻ തന്നെ കെ- സ്മാർട്ട് വഴി ഇരുവരും വിവാഹ രജിസ്ട്രേഷൻ അപേക്ഷ വീഡിയോ കെവൈസി വഴി പൂർത്തിയാക്കി. അവധിദിനമായിട്ട് പോലും കാവശ്ശേരി പഞ്ചായത്ത് ജീവനക്കാർ തത്സമയം ഈ അപേക്ഷ അപ്രൂവ് ചെയ്തു. മിനുട്ടുകൾക്കകം സർട്ടിഫിക്കറ്റ് വാട്ട്സാപ്പിലെത്തി. വധൂവരന്മാർക്കൊപ്പം ഫോട്ടോയെടുക്കാൻ പഞ്ചായത്ത് അംഗം ടി വേലായുധൻ എത്തിയപ്പോൾ നവദമ്പതികൾക്ക് പ്രിന്റ് ചെയ്ത സർട്ടിഫിക്കറ്റും കൈമാറി.
കെ സ്മാർട്ട് നിലവിൽ വന്ന ശേഷം നടന്ന 1,50,320 വിവാഹ രജിസ്ട്രേഷനിൽ 62,915 എണ്ണവും വീഡിയോ കെവൈസി വഴിയാണ് ചെയ്തത്. പഞ്ചായത്ത് ഓഫീസിൽ പോകാതെ വിവാഹം രജിസ്റ്റർ വീഡിയോ കെ വൈ സി വഴി വിവാഹം രജിസ്റ്റർ ചെയ്യാനുള്ള സൗകര്യം വധൂവരന്മാരും, അവധി ദിനത്തിൽ പോലും എവിടെയിരുന്നും ഫയലുകൾ അപ്രൂവ് ചെയ്യാനുള്ള സംവിധാനം ജീവനക്കാരും വിനിയോഗിച്ചു. കാവശേരി പഞ്ചായത്തിലെ ഈ ജീവനക്കാർ എല്ലാവർക്കും മാതൃകയാണ്, അവരെ പ്രത്യേകം അഭിനന്ദിക്കുന്നു. കെ സ്മാർട്ട് എന്ന ഈ ഡിജിറ്റൽ വിപ്ലവം സാധ്യമാക്കിയ ഇൻഫർമേഷൻ കേരള മിഷന് പ്രത്യേക അഭിനന്ദനങ്ങൾ. ലാവണ്യയ്ക്കും വിഷ്ണുവിനും വിവാഹ മംഗളാശംസകൾ…










0 comments