ഡിജിറ്റൽ മാർക്കറ്റിങ്ങിലൂടെ വിപണി കണ്ടെത്താം

തിരുവനന്തപുരം: ഡിജിറ്റൽ മാർക്കറ്റിങ് സാധ്യതകൾ ഉപയോഗപ്പെടുത്തി സ്വയം സംരംഭകരായ സ്ത്രീകൾക്ക് സമൂഹമാധ്യമങ്ങളിലൂടെ വിജയകരമായി വിപണി കണ്ടെത്താനാകുമെന്ന് ഡിജിറ്റൽ യൂണിവേഴ്സിറ്റി സെന്റർ ഫോർ എക്സിക്യൂട്ടീവ് എഡ്യുക്കേഷൻ ആൻഡ് കണ്ടിന്യൂയിങ് സ്റ്റഡീസ് ഡയറക്ടർ സന്തോഷ് കുറുപ്പ്. ഫെയ്സ്ബുക്ക്, ഇൻസ്റ്റഗ്രാം, വാട്സാപ് തുടങ്ങിയ സമൂഹമാധ്യമങ്ങളിലൂടെ കൃത്യമായ ടൂളുകൾ ഉപയോഗിച്ച് മാർക്കറ്റിങ് നടത്തിയാൽ ഉൽപ്പന്നങ്ങൾ വലിയൊരു വിഭാഗം ജനങ്ങളിലേക്ക് എത്തിക്കാനാകുമെന്ന് അദ്ദേഹം പറഞ്ഞു.
വനിതാ വികസന കോർപറേഷൻ സ്ത്രീ സംരംഭകർക്കായി ഒരുക്കിയ പ്രദർശന വിപണനമേള "എസ്കലേറ 2025"ൽ ഡിജിറ്റൽ മാർക്കറ്റിങ് സാധ്യതകൾ എന്ന വിഷയാവതരണം നടത്തുകയായിരുന്നു അദ്ദേഹം. ഡിജിറ്റൽ മാർക്കറ്റിങ് വിദഗ്ധൻ നന്ദു സുരേന്ദ്രൻ, ഡിജിറ്റൽ യൂണിവേഴ്സിറ്റി പിആർഒ വിധു വിൻസെന്റ് എന്നിവർ സംസാരിച്ചു.
വ്യാഴം രാവിലെ 10ന് ടൂറിസം മേഖലയിൽ വനിതാ സംരംഭകരുടെ സാധ്യതകൾ എന്ന വിഷയത്തിലെ സാങ്കേതിക സെഷൻ നടക്കും. മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. മന്ത്രി വീണാ ജോർജ് അധ്യക്ഷയാകും. വൈകിട്ട് 5.30ന് ഗവ. നഴ്സിങ് സ്കൂളിലെയും സിമറ്റ് കോളേജ് ഓഫ് നഴ്സിങ്ങിലെയും വിദ്യാർഥികൾ അവതരിപ്പിക്കുന്ന കലാപരിപാടികളും രാത്രി ഏഴിന് ഗായിക ഡോ. ബിനിത രഞ്ജിത്തിന്റെ സംഗീതപരിപാടിയും നടക്കും.










0 comments