കേന്ദ്രം നിര്‍ത്തി, കേരളം തുടര്‍ന്നു ; ന്യൂനപക്ഷ വിദ്യാര്‍ഥികള്‍ക്ക് സംസ്ഥാനത്തിന്റെ ‘മാര്‍ഗദീപം’

ഹർഷദ് മാളിയേക്കൽ
Published on Apr 23, 2025, 03:22 AM | 1 min read
കോഴിക്കോട് : കേന്ദ്രസർക്കാർ നിർത്തലാക്കിയ, ന്യൂനപക്ഷ വിഭാഗം വിദ്യാർഥികൾക്കുള്ള പ്രീ മെട്രിക് സ്കോളർഷിപ്പിനുപകരം സംസ്ഥാന സർക്കാർ ആരംഭിച്ച ‘മാർഗദീപം’ സ്കോളർഷിപ്പ് വിതരണം തുടങ്ങി. 2024 –-25 അധ്യയന വർഷത്തിൽ പദ്ധതിയിലൂടെ നൽകിയത് 18.25 കോടി രൂപ. സർക്കാർ/എയ്ഡഡ് സ്‌കൂളുകളിൽ ഒന്നുമുതൽ എട്ടാം ക്ലാസ്‌വരെ പഠിക്കുന്ന 2,87,138 അപേക്ഷകരിൽനിന്ന് അർഹരായ 1,21,667 പേർക്കാണ് തുക നൽകിയത്. ഒരു വിദ്യാർഥിക്ക് 1500 രൂപയാണ് സ്കോളർഷിപ്പ്. ന്യൂനപക്ഷ സ്കോളർഷിപ്പുകളിൽ ഏറ്റവും കൂടുതൽ തുക നൽകിയതും മാർഗദീപത്തിലൂടെയാണ്.
കേരളത്തിൽ പഠിക്കുന്ന സ്ഥിരതാമസക്കാരായ മുസ്ലിം, ക്രിസ്ത്യൻ, സിഖ്, ബുദ്ധ, ജൈന, പാഴ്‌സി മതവിഭാഗത്തിൽപ്പെട്ട വിദ്യാർഥികളെയാണ് തെരഞ്ഞെടുക്കുന്നത്. 2023ലാണ് കേന്ദ്ര സര്‍ക്കാര്‍ പ്രീ മെട്രിക് സ്കോളര്‍ഷിപ്പുകള്‍ നിര്‍ത്തിയത്.
അപേക്ഷിക്കേണ്ട രീതി
വെബ്‌സൈറ്റിൽ https://margadeepam.kerala.gov.in ലഭ്യമാകുന്ന ഫോം സ്ഥാപനമേധാവി വിദ്യാർഥികൾക്ക് നൽകണം. വിദ്യാർഥികളിൽനിന്ന് ശേഖരിക്കുന്ന വിവരങ്ങൾ പോർട്ടലിൽ കൃത്യമായി രേഖപ്പെടുത്തുക. വരുമാന സർട്ടിഫിക്കറ്റ്, ജാതി സർട്ടിഫിക്കറ്റ്, ബാങ്ക് പാസ് ബുക്കിന്റെ പകർപ്പ്, റേഷൻ കാർഡിന്റെ പകർപ്പ്, ആധാറിന്റെ പകർപ്പ്, ബാധകമെങ്കിൽ ഭിന്നശേഷി സർട്ടിഫിക്കറ്റ് (40 ശതമാനവും അതിനുമുകളിലും വൈകല്യമുള്ള വിഭാഗം), പാഠ്യേതര പ്രവർത്തന (സ്‌പോർട്‌സ്/ കല/ ശാസ്ത്രം/ഗണിതം) മികവിന്റെ സർട്ടിഫിക്കറ്റ്, അച്ഛനോ അമ്മയോ രണ്ടുപേരുമോ മരണപ്പെട്ടിട്ടുണ്ടെങ്കിൽ മരണ സർട്ടിഫിക്കറ്റ് എന്നിവ കൈപ്പറ്റി സൂക്ഷ്മ പരിശോധന നടത്തി സൂക്ഷിക്കണം. അപേക്ഷകരുടെ കുടുംബ വാർഷിക വരുമാനം രണ്ടരലക്ഷം രൂപയിൽ കവിയരുത്. 30 ശതമാനം സ്കോളർഷിപ്പ് പെൺകുട്ടികൾക്കായി സംവരണം ചെയ്തിട്ടുണ്ട്.
പെൺകുട്ടികളുടെ അഭാവത്തിൽ ആൺകുട്ടികളെ പരിഗണിക്കും. ഫോൺ: 0471 2300524, 2302090, -2300523.










0 comments