print edition രാജ്യം ഇഡിയുടെ നിഴലിൽ: മനീഷ് സിസോദിയ

തിരുവനന്തപുരം : എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ പേര് ഇലക്ഷൻ ഡെകോയ്റ്റ്സ് (തെരഞ്ഞെടുപ്പുകൊള്ളക്കാർ) എന്നു മാറ്റുന്നതാണ് ഉചിതമെന്ന് ഡൽഹി മുൻ ഉപമുഖ്യമന്ത്രിയും എഎപി നേതാവുമായ മനീഷ് സിസോദിയ. ഇൗ കൊള്ളക്കാർക്കെതിരായി സംസ്ഥാനവും സിപിഐ എമ്മും നടത്തുന്ന പോരാട്ടത്തിന് പിന്തുണ പ്രഖ്യാപിക്കുന്നു. കേന്ദ്ര ഏജൻസികൾ വേട്ടയാടിയപ്പോൾ തങ്ങൾക്ക് കേരളജനത നൽകിയ പിന്തുണയ്ക്ക് നന്ദി അറിയിക്കുന്നതായും സിസോദിയ പറഞ്ഞു.
‘കേന്ദ്ര ഏജൻസികളുടെ രാഷ്ട്രീയവേട്ട’ വിഷയത്തിൽ എ കെ ജി പഠന ഗവേഷണകേന്ദ്രം സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യം ഇഡിയുടെ നിഴലിലാണ്. മോദിക്കുമാത്രമാണ് ഇഡിയും സിബിഐയും സേവനം ചെയ്യുന്നത്. നീറ്റ് ചോദ്യ പേപ്പർ ചോർച്ച, മയക്കുമരുന്ന് മാഫിയ, ബലാത്സംഗക്കേസുകൾ എന്നിവയിലൊന്നും സിബിഐക്ക് ഇടപെടാനില്ല. ബിജെപിയുടെ രാഷ്ട്രീയ എതിരാളികളെ അറസ്റ്റ് ചെയ്യുന്ന തിരക്കിലാണവർ. ബിജെപിക്ക് പണം സംഘടിപ്പിക്കാൻ വ്യവസായികളെയും വേട്ടയാടുന്നു.
ഇലക്ടറൽ ബോണ്ട് വിവരങ്ങൾ സുപ്രീംകോടതി ഇടപെടലിൽ പുറത്തുവന്നതോടെ ഇത് കൂടുതൽ വ്യക്തമായി. തനിക്കെതിരെ കേസ് നൽകിയത് കോൺഗ്രസ് നേതാവാണ്. അതുപയോഗിച്ചാണ് ബിജെപി നീക്കം നടത്തിയത്. നെഹ്റുവിനെ അധിക്ഷേപിച്ച് ബിജെപി രംഗത്തുവരുന്പോഴും അണിയറയിൽ കോൺഗ്രസും ബിജെപിയും ഒന്നാണ്. കേരളത്തിലും ബംഗാളിലും ഡൽഹിയിലും യുപിയിലും അതങ്ങനെയാണ്.
ഡൽഹിയിൽ എഎപി സർക്കാർ ജനക്ഷേമപദ്ധതികൾ നടപ്പാക്കി. ബിജെപിയും കോൺഗ്രസും ഒരുമിച്ച് എതിർത്തു. വ്യാജ കേസുണ്ടാക്കി. തന്റെ വീട് റെയ്ഡ് ചെയ്തു. അടുത്തദിവസം ചിലർ തന്നെ കാണാനെത്തി. നിങ്ങൾക്കുവേണ്ടി അവരോട് സംസാരിക്കണോയെന്ന് ചോദിച്ചു. സംസാരിക്കാൻ പറഞ്ഞതോടെ, പോയിവന്ന അദ്ദേഹം എത്ര എംഎൽഎമാരെ താങ്കൾക്കൊപ്പം കൊണ്ടുവരാനാകുമെന്നാണ് ചോദിച്ചത്. താനടക്കം ആരും ഇൗ ഭീഷണിക്ക് വഴങ്ങില്ലെന്നു പറഞ്ഞ് അദ്ദേഹത്തെ മടക്കി.
18 മാസം ജയിലിൽ കിടന്നു. ജയിലിൽ വന്ന് കാണാൻ കുടുംബത്തെ അനുവദിച്ചില്ല. ദിവസം അഞ്ചു മിനിറ്റ് ഫോണിൽ സംസാരിക്കാം. എന്നാൽ, മൂന്നുദിവസം കൂടുന്പോൾ ബിജെപിയിൽ ചേരാൻ ആവശ്യപ്പെട്ടുള്ള സന്ദേശവുമായി ചിലർ നേരിട്ടെത്തി. ഡൽഹി ലഫ്റ്റനന്റ് ഗവർണർ നേരിട്ടെത്തി പറഞ്ഞു, ആ രണ്ടുപേരെ നിങ്ങൾക്കറിയില്ല. മോദിയെയും അമിത് ഷായെയും ഭയമില്ലെന്ന് അദ്ദേഹത്തിനും മറുപടി നൽകി– സിസോദിയ പറഞ്ഞു.









0 comments