print edition അപകീർത്തിപ്പെടുത്തുന്നത് അധികാരം പിടിക്കാൻ

കേന്ദ്ര ഏജൻസികളുടെ രാഷ്ട്രീയ വേട്ടയ്ക്കെതിരെ എ കെ ജി പ-ഠനഗവേഷണ കേന്ദ്രം സംഘടിപ്പിച്ച സെമിനാറിൽ ഡൽഹി മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ സംസാരിക്കുന്നു
തിരുവനന്തപുരം : എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അടക്കം കേന്ദ്ര ഏജൻസികളെ ദുരുപയോഗിച്ച് അധികാരം കവരാനുള്ള മോദി സർക്കാരിന്റെ നീക്കത്തിനെതിരെ ജാഗ്രതപാലിക്കാൻ ആഹ്വാനംചെയ്ത് എ കെ ജി പഠന ഗവേഷണ കേന്ദ്രം സംഘടിപ്പിച്ച സെമിനാർ. ‘കേന്ദ്ര ഏജൻസികളുടെ രാഷ്ട്രീയ വേട്ട’ വിഷയത്തിൽ സംഘടിപ്പിച്ച സെമിനാർ ഡൽഹി മുൻ ഉപ മുഖ്യമന്ത്രി മനീഷ് സിസോദിയ ഉദ്ഘാടനം ചെയ്തു.
കേരളത്തിലെ നേതാക്കളെ അപകീർത്തിപ്പെടുത്താൻ വ്യാജകേസ് ചുമത്തുകയാണെന്ന് മനീഷ് സിസോദിയ പറഞ്ഞു. ദീർഘനാളത്തെ പൊതുപ്രവർത്തനത്തിലൂടെ നേടിയ ബഹുമാനം അപഹരിക്കാനാണ് ശ്രമം. കേരളത്തിലെ ജനങ്ങൾ ജാഗ്രതയോടെയിരിക്കണം. തെരഞ്ഞെടുപ്പ് കമീഷനെയും ഇഡിയെയും കൂട്ടുപിടിച്ച് കേരളത്തിലെ അധികാരം പിടിക്കാൻ ബിജെപി ശ്രമിക്കും.
ഇഡിയുടെ കേസുകൾ ചീട്ടുകൊട്ടാരം പോലെ തകരുന്പോഴും വേട്ട തുടരുകയാണ്. ഡൽഹി അട്ടിമറിച്ചതുപോലെ കേരളത്തിലും നീക്കം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷ പാർടി നേതാക്കളെ അപകീർത്തിപ്പെടുത്താനുള്ള ബിജെപിയുടെ നിർദേശമാണ് ഇഡി നടപ്പാക്കുന്നതെന്ന് സെമിനാർ ചൂണ്ടിക്കാട്ടി. മാധ്യമ പ്രവർത്തകൻ പ്രബീർ പുർകായസ്ത, സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ തുടങ്ങിയവർ സംസാരിച്ചു.









0 comments