മകളെ പിൻസീറ്റിൽ നിർത്തി സ്‌കൂട്ടർയാത്ര; യുവാവിന്റെ ലൈസൻസ് റദ്ദാക്കും

ചേർത്തല: മൂന്ന് വയസുകാരിയായ മകളെ സ്‌കൂട്ടറിന്റെ പിന്നിൽ നിർത്തി യാത്രചെയ്‌ത യുവാവിന്റെ ലൈസൻസ് റദ്ദാക്കാൻ മോട്ടോർവാഹന വകുപ്പ്. സമൂഹ്യമാധ്യമത്തിൽ പ്രചരിച്ച വീഡിയോ ശ്രദ്ധയിൽപ്പെട്ടാണ് നടപടി. മുട്ടത്തിപ്പറമ്പിൽ താമസിക്കുന്ന ഇടുക്കി സ്വദേശി ഡെന്നി ബേബി(25) ക്കെതിരെയാണ് നടപടി. മദ്യപിച്ച് വാഹനം ഓടിച്ചതിന് രണ്ടാംതവണയാണ് ഇയാളുടെ ലൈസൻസ് സസ്‌പെൻഡ്‌ചെയ്‌തത്.
സസ്‌പെൻഷൻ ജൂണിലേ അവസാനിക്കൂ. ഈ സാഹചര്യത്തിലാണ് ലൈസൻസ് റദ്ദാക്കാൻ നടപടി. 26ന് രാത്രി 11.30ന് ചേർത്തല 11–-ാംമൈൽ–മുട്ടത്തിപ്പറമ്പ് റോഡിലായിരുന്നു യാത്ര. ചേർത്തല ജോയിന്റ് ആർടിഒ കെ ജി ബിജുവിന്റെ നേതൃത്വത്തിൽ വീഡിയോ പരിശോധിച്ച് എംവിഐമാരായ കെ ജി ബിജു, എ ആർ രാജേഷ് എന്നിവരാണ് അന്വേഷിച്ചത്. വാഹന ഉടമയിൽനിന്നാണ് ഓടിച്ചത് കുട്ടിയുടെ അച്ഛനാണെന്ന വിവരം ലഭിച്ചത്. രാത്രി ബാൻഡേജ് വാങ്ങാനിറങ്ങിയപ്പോൾ കുട്ടി കരഞ്ഞതിനാൽ ഒപ്പംകൂട്ടിയതാണെന്നായിരുന്നു ഇയാളുടെ വിശദീകരണം. ദൃശ്യം ഫേസ്ബുക്കിൽ പങ്കുവച്ച ജോമോൻ ജോൺ കുരിശിങ്കലിനെ മോട്ടോർവാഹന വകുപ്പ് അഭിനന്ദിച്ചു.










0 comments