print edition കുരുക്കിയത് ഒരുമാസം നീണ്ട ദൗത്യത്തിൽ; ഓവേലിയിലെ നരഭോജി കടുവ കൂട്ടിലായി

ഗൂഡല്ലൂർ–ഉൗട്ടി പാതയിലെ സിൽവർ ഗ്ലൗഡിൽ വനം വകുപ്പ് സ്ഥാപിച്ച കൂട്ടിലകപ്പെട്ട നരഭോജി കടുവ

സ്വന്തം ലേഖകൻ
Published on Sep 19, 2026, 12:45 AM | 1 min read
ഗൂഡല്ലൂർ : രണ്ടുപേരെ കൊന്നുതിന്ന് ഒരുമാസത്തോളം ഓവേലി, ഗൂഡല്ലൂർ മേഖലകളെ ഭീതിയിലാഴ്‌ത്തിയ നരഭോജി കടുവ ഒടുവിൽ കൂട്ടിലായി. ഗൂഡല്ലൂർ–ഉൗട്ടി പാതയിലെ സിൽവർ ഗ്ലൗഡിൽ വനം വകുപ്പ് സ്ഥാപിച്ച കൂട്ടിലാണ് വെള്ളി പുലർച്ചെ കടുവ കുടുങ്ങിയത്. ആളുകളെ ഇരയാക്കിയ ഓവേലി ലാറസ്‌റ്റൺ നാലാം നന്പറിൽനിന്ന് നാലുകിലോമീറ്റർ മാറിയാണ് ഇൗ പ്രദേശം. 13 വയസ്സ് മതിക്കുന്ന ആൺകടുവയാണ് കൂട്ടിലായത്. മുതുമല കടുവാ സങ്കേതത്തിന്റെ ഡാറ്റാ ബേസിലുള്ള എംഡിടി 285–ാം നന്പർ കടുവയാണ്. വലിയ മൃഗങ്ങളെ വേട്ടയാടാൻ കഴിയാത്തവിധം അവശതയും പല്ലുകൾക്ക് തേയ്‌മാനവും ഉണ്ടെന്ന് വനപാലകർ പറഞ്ഞു. മൂക്കിനുതാഴെ മുറിവുമുണ്ട്.
വലിയ കൂട്ടിൽ കുടുങ്ങിയ കടുവയെ മയക്കി പിന്നീട് ചെറിയ കൂട്ടിലേക്ക് മാറ്റി മുതമല കടുവാ സങ്കേതത്തിലെത്തിച്ചു. ഇവിടെനിന്ന് പരിശോധനകൾക്കുശേഷം ചെന്നൈയിലെ വണ്ടല്ലൂർ മൃഗശാലയിലേക്ക് കൊണ്ടുപോയി. ആഗസ്‌ത് എട്ടിനും 21നുമാണ് രണ്ടുപേരെ കടുവ കൊന്ന് ശരീരഭാഗങ്ങൾ ഭക്ഷിച്ചത്. വലിയ പ്രതിഷേധങ്ങളും സമരങ്ങളുമാണ് പ്രദേശങ്ങളിലുണ്ടായത്. 18 കൂടുകളാണ് കടുവയെ കുരുക്കാനായി സ്ഥാപിച്ചത്. മുന്നൂറിലധികം കാമറകളുംവച്ച് നിരീക്ഷണം നടത്തി. വനം വകുപ്പിന്റെ വാഹനങ്ങളിലാണ് വിദ്യാർഥികളെ വിദ്യാലയങ്ങളിൽ എത്തിച്ചിരുന്നതും തിരികെ കൊണ്ടുവന്നിരുന്നതും. തോട്ടങ്ങളിലെല്ലാം പണികൾ ആഴ്‌ചകളോളം നിർത്തിവച്ചു. സുരക്ഷാ മുൻകരുതലുകളോടെ കഴിഞ്ഞ ദിവസങ്ങളിലാണ് പണികൾ പുനരാരംഭിച്ചത്. കടുവയ്‌ക്കായി വച്ച രണ്ട് കൂടുകളിൽ പുലികൾ കുടുങ്ങുകയും ചെയ്‌തു.









0 comments