പഠനം നിർത്തി നാട്ടിലേക്ക് മടങ്ങവെ വാഹനാപകടം: നഴ്‌സിങ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: പഠനം അവസാനിപ്പിച്ച് പിതാവിനൊപ്പം നാട്ടിലേക്ക് മടങ്ങുകയായിരുന്ന മലയാളി നഴ്‌സിങ് വിദ്യാർത്ഥിനി മൈസൂരുവിൽ ഉണ്ടായ വാഹനാപകടത്തിൽ മരിച്ചു. തൃശൂർ വരവൂർ കുമരപ്പനാൽ കുന്നത്ത് വീട്ടിൽ സുരേന്ദ്രൻ–സിനി ദമ്പതികളുടെ മകൾ ആര്യ (18) യാണ് ബുധനാഴ്ച വൈകിട്ടുണ്ടായ അപകടത്തിൽ മരിച്ചത്.
അപകടത്തിൽ പരിക്കേറ്റ പിതാവ് സുരേന്ദ്രൻ മൈസൂരുവിലെ ആശുപത്രിയിൽ ചികിത്സയിലാണ്. ഇദ്ദേഹത്തിന്റെ പരിക്ക് സാരമുള്ളതല്ലെന്നാണ് വിവരം. മൈസൂരു ആദി ചുഞ്ചനഗിരി മെഡിക്കൽ കോളേജിലെ ഒന്നാം വർഷ നഴ്‌സിങ് വിദ്യാർത്ഥിനിയായിരുന്നു ആര്യ. കോളേജിലെ താമസസൗകര്യങ്ങളും ഭക്ഷണവും ശരിയായ രീതിയിലല്ലാത്തതിനാൽ വലിയ ബുദ്ധിമുട്ടിലായിരുന്നു ആര്യ.
തുടർന്ന് പഠനം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങാൻ തീരുമാനിക്കുകയായിരുന്നു. മകളെ കൂട്ടിക്കൊണ്ടുവരാൻ മൈസൂരുവിൽ എത്തിയതായിരുന്നു പിതാവ് സുരേന്ദ്രൻ. രേഖകളെല്ലാം വാങ്ങി ഇരുവരും കാറിൽ നാട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് ദുരന്തമുണ്ടായത്. ഇവർ സഞ്ചരിച്ചിരുന്ന കാറിലേക്ക് എതിരെ വന്ന മറ്റൊരു കാർ നിയന്ത്രണം വിട്ട് ശക്തമായി ഇടിക്കുകയായിരുന്നു.
അപകടം നടന്ന ഉടൻ തന്നെ നാട്ടുകാരും പൊലീസും ചേർന്ന് ആര്യയെയും സുരേന്ദ്രനെയും അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ആര്യയുടെ ജീവൻ രക്ഷിക്കാനായില്ല. മൈസൂരു പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം നാട്ടിലെത്തിക്കും.










0 comments