ഇത് ഞങ്ങളുടെ ലോകം

സുധ സുന്ദരൻ
Published on Feb 24, 2026, 01:40 AM | 1 min read
മലപ്പുറം: ‘ഓരോ മാസത്തെയും വാടകക്കണക്കുകളിൽനിന്ന് മാറി സ്വന്തം വീടിന്റെ സുരക്ഷയും സന്തോഷവും ഞങ്ങളറിഞ്ഞത് ലൈഫിലൂടെയാണ്. പലയിടങ്ങളിൽ വാടകവീടുകളിലെ കുഞ്ഞു കുഞ്ഞു കുടുംബങ്ങളായിരുന്നു ഞങ്ങൾ. ഇന്ന് ഒറ്റ ഭൂമിയിൽ നൂറുകണക്കിന് കുടുംബങ്ങൾക്കൊപ്പം സ്വന്തം വീട്ടിൽ. ആ മാറ്റവും സന്തോഷവും പറഞ്ഞാലൊന്നും തീരൂല.
ഇത് ഞങ്ങളുടെ ലോകമാണ്’ – സ്വന്തം വീട്ടിലിരുന്ന് കാവുംപുറത്ത് രവീന്ദ്രൻ (46) ആഹ്ലാദം പങ്കുവച്ചു. അഞ്ചുവർഷത്തോളം വാടക വീടുകളിൽ കഴിഞ്ഞ ശേഷമാണ് ലൈഫിലൂടെ സ്വന്തം വീടെന്ന സ്വപ്നം സാധ്യമായത്. കള്ളുഷാപ്പിലെ താൽകാലിക ജീവനക്കാരനായ രവീന്ദ്രനും കുടുംബത്തിനും സ്വന്തംവീട് വിദൂര സ്വപ്നമായിരുന്നു.
അഞ്ചുവർഷം മുമ്പ് പെരിന്തൽമണ്ണ നഗരസഭ ലൈഫ് പദ്ധതിയിലൂടെ ഒടിയന്‍ചോല ഫ്ലാറ്റ് സമുച്ചയത്തിൽ വീട് ലഭിച്ചു. വർഷങ്ങളായുള്ള വാടകജീവിതത്തിന് ശേഷം വീട് ലഭിച്ച പള്ളിപ്പറമ്പിൽ ഉമൈവയും പത്തത്ത് കൗലത്തും വയനാട് സ്വദേശി വലംതല സുനിതയുമെല്ലാം പങ്കുവക്കുന്നത് ഇതേ ആശ്വാസമാണ്. ലൈഫിന്റെ അഭിമാന മാതൃകയാണ് ഒടിയന്‍ചോല ഫ്ലാറ്റ് സമുച്ചയം.
നഗരസഭ എല്‍ഡിഎഫ് ഭരണസമിതി നേതൃത്വത്തില്‍ 2019ലാണ് ഭൂരഹിത ഭവനരഹിതര്‍ക്ക് ഫ്ലാറ്റ് നല്‍കിയത്. 2015ലാണ് 5.58 ഏക്കറില്‍ 400 കുടുംബങ്ങള്‍ക്ക് ഫ്ലാറ്റുകള്‍ പണിയാന്‍ തീരുമാനിച്ചത്. 12 വീടുകള്‍ വീതമുള്ള 34 ഫ്ലാറ്റ് സമുച്ചയങ്ങളുണ്ട്. 10 ഫ്ലാറ്റ് നിര്‍മിച്ചതും 14 എണ്ണം പൂര്‍ത്തിയാക്കിയതും 2020ലെ എല്‍ഡിഎഫ് ഭരണസമിതി. 54 കോടി പദ്ധതിച്ചെലവ് കണക്കാക്കിയ പദ്ധതി 34 കോടിക്ക് പൂര്‍ത്തിയാക്കി.










0 comments