Deshabhimani

print edition മുഖ്യപ്രതി മുഖ്യമന്ത്രിയുടെ ‘വിശ്വസ്‌തൻ’; എംഡിഎംഎയുമായി പിടിയിലായത് യൂത്ത്‌ കോൺഗ്രസുകാർ

v d satheesan with mdma accused

വി ഡി സതീശനുമായി സ‍ൗഹൃദ സംഭാഷണം നടത്തുന്നതിന്റെ ചിത്രം മുഹമ്മദ്‌ ഹുസൈൻ 
സമൂഹമാധ്യമത്തിൽ പങ്കുവച്ചപ്പോൾ

avatar
സ്വന്തം ലേഖകൻ

Published on Aug 12, 2026, 01:00 AM | 1 min read

കൊച്ചി : കാസർകോട്‌ കാലിക്കടവിൽ 139.29 ഗ്രാം എംഡിഎംഎ പിടിച്ചെടുത്ത കേസിലെ മുഖ്യപ്രതി മുഹമ്മദ്‌ ഹുസൈനും (ഹുസൈൻ മുസാഫിർ) മുഖ്യമന്ത്രി വി ഡി സതീശനും തമ്മിലുള്ള ബന്ധത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്‌. സതീശൻ പ്രതിപക്ഷനേതാവായപ്പോൾ മുതൽ മുഹമ്മദ്‌ ഹുസൈനുമായി അടുത്ത ബന്ധമുണ്ടായിരുന്നതിന്റെ ചിത്രങ്ങൾ പുറത്തുവന്നു. സതീശന്റെ സോഷ്യൽമീഡിയ ടീമിൽ മുഹമ്മദ്‌ ഹുസൈൻ സജീവമായിരുന്നു.


സതീശന്‌ പുറമെ സ്‌റ്റാഫംഗങ്ങളും എറണാകുളത്തും പുറത്തുമുള്ള പല പ്രമുഖ കോൺഗ്രസ്‌ നേതാക്കളും വർഷങ്ങളായി മുഹമ്മദ്‌ ഹുസൈന്റെ സ‍ൗഹൃദവലയത്തിലുണ്ട്‌. ലഹരി ഇടപാടുകൾ സുഗമമായി നടത്താൻ രാഷ്ട്രീയസ്വാധീനവും ഉന്നതരുമായുള്ള അടുപ്പവും കരുവാക്കിയിട്ടുണ്ടെന്നാണ്‌ അന്വേഷകസംഘം കരുതുന്നത്‌. മുഖ്യമന്ത്രിയും ജീവനക്കാരും സംശയനിഴലിലാണ്‌.


‘ടീം വി ഡി സതീശൻ’ എന്ന സമൂഹ മാധ്യമപേജിന്റെ കോ–ഓർഡിനേറ്ററും യൂത്ത്‌ കോൺഗ്രസ്‌ വെങ്ങോല പഞ്ചായത്ത്‌ 142ാം ബൂത്ത്‌ കമ്മിറ്റി പ്രസിഡന്റുമാണ്‌ മുഹമ്മദ്‌ ഹുസൈൻ. ഇയാളെ കൂടാതെ പെരുന്പാവൂർ അറയ്‌ക്കപ്പടി സ്വദേശികളായ പി എ അബ്ദുൾ സലാം(27), പി എ അബ്ബാസ്‌(50) എന്നിവരെയാണ്‌ ഞായറാഴ്‌ച ഏഴുലക്ഷത്തിലേറെ വിലയുള്ള എംഡിഎംഎയുമായി പിടികൂടിയത്‌. വിതരണത്തിന്‌ എംഡിഎംഎ കൊടുത്തുവിട്ട പെരുന്പാവൂർ സ്വദേശി സൈനുൽ ആബിദും (42) പിന്നീട്‌ പിടിയിലായിരുന്നു.


കോൺഗ്രസ്‌ ഭരിക്കുന്ന കർണാടകത്തിൽനിന്നാണ്‌ പ്രതിയും സംഘവും എംഡിഎംഎ എത്തിച്ചിരുന്നത്‌. ലഹരിറാക്കറ്റ്‌, എംഡിഎംഎയുടെ ഉറവിടം, സാന്പത്തിക ഇടപാടുകൾ എന്നിവയുടെ പൂർണവിവരങ്ങൾ കണ്ടെത്തണമെങ്കിൽ മുഖ്യമന്ത്രിയടക്കമുള്ള കോൺഗ്രസ്‌ നേതാക്കളെ അന്വേഷണപരിധിയിൽ ഉൾപ്പെടുത്തേണ്ടി വരും. പ്രതികളായ യൂത്ത്‌ കോൺഗ്രസുകാരിൽ അന്വേഷണം അവസാനിപ്പിക്കാനാണ്‌ നീക്കം നടക്കുന്നത്‌. കർണാടകത്തിൽനിന്ന്‌ രാസലഹരി കൊച്ചിയിലെത്തിച്ച്‌ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ വിൽപ്പന നടത്തുന്നതായിരുന്നു രീതി.


സതീശൻ നയിച്ച ‘പുതുയുഗയാത്ര’ ഉൾപ്പെടെയുള്ള കോൺഗ്രസ്‌ പരിപാടികൾ ലഹരിക്കടത്തിനും വിൽപ്പനയ്‌ക്കും അവസരമാക്കിയെന്ന സൂചനയും പൊലീസിന്‌ ലഭിച്ചിട്ടുണ്ട്‌. പുതുയുഗയാത്രയിൽ മുഹമ്മദ്‌ ഹുസൈൻ ഉണ്ടായിരുന്നു. സതീശൻ പ്രതിപക്ഷനേതാവായിരിക്കെയാണ്‌ സോഷ്യൽമീഡിയ ടീമിൽ ഇയാളെ ഉൾപ്പെടുത്തിയത്‌. അതിവേഗത്തിൽ സതീശന്റെ വിശ്വസ്‌തരിലൊരാളായി. ഒ‍ൗദ്യോഗിക വസതിയിലും പറവൂരിലെ ഓഫീസിലും ദേശത്തെ വസതിയിലുമെല്ലാം ഇയാളുടെ സാന്നിധ്യമുണ്ടായിരുന്നു. സതീശൻ പ്രതിപക്ഷനേതാവായിരിക്കെ ഇയാളുടെ വീട്ടിലുമെത്തിയിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home