സൈബർ ആക്രമണം; കോൺഗ്രസ് പ്രൊഫൈലുകൾക്കെതിരെ പരാതിയുമായി ജെബി മേത്തർ

ജെബി മേത്തർ, വി ഡി സതീശൻ
തിരുവനന്തപുരം: മുഖ്യമന്ത്രി വി ഡി സതീശനെതിരെ യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് നടത്തിയ വിമർശനത്തെ പിന്തുണച്ചതിന് മഹിളാ കോൺഗ്രസ് സംസ്ഥാന അധ്യക്ഷയും എംപിയുമായ ജെബി മേത്തർക്കെതിരെ രൂക്ഷമായ സൈബർ ആക്രമണം. എംപിയുടെ സോഷ്യൽമീഡിയ പേജുകൾക്ക് താഴെ അശ്ലീലം കലർന്ന ഭാഷയിലാണ് കോൺഗ്രസ് സൈബർ സംഘത്തിന്റെ അധിക്ഷേപം. സതീശനെ പിന്തുണയ്ക്കുന്നവരാണ് അധിക്ഷേപത്തിന് പിന്നിലെന്ന് പരാതിയുണ്ട്. സൈബർ ആക്രമണത്തിൽ ഡിജിപിക്കും ആഭ്യന്തരമന്ത്രിക്കും പരാതി നൽകിയതായി ജെബി മേത്തർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
സാംസ്കാരിക കേരളം തലകുനിക്കുന്ന വിധമുള്ള ഭാഷയിലാണ് അധിക്ഷേപമെന്ന് ജെബി പറഞ്ഞു. ഗാന്ധി ജയന്തി ദിനത്തിലെ പോസ്റ്റിൽ പോലും അധിക്ഷേപമുണ്ടായി. എങ്ങനെ പ്രതികരിക്കണമെന്ന് ആരൊക്കെയോ എവിടൊക്കെയോ ഇരുന്ന് ആജ്ഞാപിക്കുകയാണ്. വളരെ സംഘടിതമായ രീതിയിലാണ് ആക്രമണം. ഇതുകൊണ്ടൊന്നും തന്റെ നിലപാട് മാറില്ല. മുഖ്യമന്ത്രി പലതവണ അദ്ദേഹത്തിന് സോഷ്യൽ മീഡിയ ടീം ഇല്ലെന്ന് പറഞ്ഞിട്ടുണ്ട്. അതിന്റെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രിക്ക് ഈ സൈബർ ആക്രമണത്തിൽ പങ്കുള്ളതായി കരുതുന്നില്ലെന്നും ജെബി മേത്തർ പരോക്ഷ വിമർശനം ഉന്നയിച്ചു.
അതേസമയം, മുഖ്യമന്ത്രി വി ഡി സതീശനെതിരായ പരാതി എഐസിസി അധ്യക്ഷൻ മല്ലികാർജുർ ഖാർഗെയെ നേരിൽകണ്ട് അടൂർ പ്രകാശ് കൈമാറി. ഗുരുതര ആരോപണങ്ങൾ അടങ്ങിയ കത്താണ് യുഡിഎഫ് കൺവീനർ നൽകിയത്. സതീശനെതിരായ വിമർശനത്തിന് പിന്നാലെ അടൂർ പ്രകാശിനെതിരെയും കടുത്ത സൈബർ ആക്രമണമുണ്ട്.
എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ, കേരളത്തിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി എന്നിവരുടെ രഹസ്യ പിന്തുണ അടൂർ പ്രകാശിനുണ്ട്.









0 comments