print edition മാധ്യമം ജീവനക്കാരുടെ സമരം ഒത്തുതീർന്നു

തിരുവനന്തപുരം
മാധ്യമം പത്രത്തിലെ ശമ്പള പ്രതിസന്ധിയെത്തുടർന്ന് ജീവനക്കാർ കഴിഞ്ഞ മൂന്ന് മാസമായി നടത്തിവന്ന സമരം പിൻവലിച്ചു. തൊഴിൽ മന്ത്രി വി ശിവൻകുട്ടിയുടെ സാന്നിധ്യത്തിൽ നടന്ന ചർച്ചയിലാണ് തീരുമാനം.
ചർച്ചയിലെ തീരുമാനപ്രകാരം, കുടിശ്ശികയുള്ള ശമ്പളത്തിൽ ഒരു മാസത്തെ പൂർണ ശമ്പളം മാർച്ച് 15-നും അടുത്ത മാസത്തെ ശമ്പളം ഏപ്രിൽ 15-നും വിതരണം ചെയ്യും. സ്ഥാപനത്തിലെ ശമ്പള കുടിശ്ശികയടക്കമുള്ള എല്ലാ തൊഴിൽ പ്രശ്നങ്ങളെയുംകുറിച്ച് പഠിച്ച് ഒരു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ അഡീഷണൽ ലേബർ കമീഷണറെ ചുമതലപ്പെടുത്തി. കൂടാതെ, സമരകാലയളവിൽ നടത്തിയ സ്ഥലം മാറ്റങ്ങളിൽ ജീവനക്കാരുടെ ബുദ്ധിമുട്ടുകൾ പരിഗണിച്ച് അനുകൂല സമീപനം സ്വീകരിക്കണമെന്ന് മന്ത്രി നിർദേശിച്ചു. ഇക്കാര്യത്തിൽ അനുകൂലമായ പരിഗണനയുണ്ടാകുമെന്ന് മാധ്യമം സിഇഒ ഉറപ്പുനൽകി.
യോഗത്തിൽ ലേബർ കമീഷണർ നസറുദീൻ, സംയുക്ത ട്രേഡ് യൂണിയൻ സമിതി ചെയർമാൻ ആർ ചന്ദ്രശേഖരൻ (ഐഎൻടിയുസി), ജനറൽ കൺവീനർ കെ എൻ ഗോപിനാഥ് (സിഐടിയു), എഐടിയുസി സംസ്ഥാന സെക്രട്ടറി അഡ്വ. ജോർജ് തോമസ്, കെയുഡബ്ല്യുജെ സംസ്ഥാന പ്രസിഡന്റ് കെ പി റെജി, ജനറൽ സെക്രട്ടറി സുരേഷ് എടപ്പാൾ, കെഎൻഇഎഫ് പ്രസിഡന്റ് വി എസ് ജോൺസൻ തുടങ്ങിയവരും മാധ്യമം മാനേജ്‌മെന്റ് പ്രതിനിധികളും പങ്കെടുത്തു.










0 comments