Deshabhimani

print edition എം പി പരമേശ്വരൻ ശാസ്ത്രബോധം വളർത്താൻ ജീവിതം സമർപ്പിച്ച വ്യക്തി: പിണറായി വിജയൻ

M P PARAMESHWARAN PINARAYI VIJAYAN
വെബ് ഡെസ്ക്

Published on Aug 12, 2026, 01:00 AM | 1 min read

കേരളത്തിന്റെ ശാസ്ത്ര - സാംസ്‌കാരിക - സാമൂഹിക രംഗങ്ങൾക്ക് വിലമതിക്കാനാകാത്ത സംഭാവനകളാണ്‌ എം പി പരമേശ്വരൻ നൽകിയതെന്ന്‌ പ്രതിപക്ഷ നേതാവ്‌ പിണറായി വിജയൻ പറഞ്ഞു. ആണവശാസ്ത്രജ്ഞൻ, ശാസ്ത്രപ്രചാരകൻ, വൈജ്ഞാനിക സാഹിത്യകാരൻ, ചിന്തകൻ, സാമൂഹിക പ്രവർത്തകൻ എന്നീ നിലകളിൽ കേരളത്തിന്റെ പൊതുജീവിതത്തിൽ സവിശേഷമായ ഇടംനേടിയ വ്യക്തിയായിരുന്നു അദ്ദേഹം. ശാസ്ത്രത്തെ സാധാരണ ജനങ്ങളിലേക്ക് അടുപ്പിക്കുന്നതിനും ശാസ്ത്രബോധവും യുക്തിചിന്തയും വളർത്തുന്നതിനും ജീവിതം സമർപ്പിച്ചു. കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ വളർച്ചയിലും രാജ്യത്തെ ജനകീയ ശാസ്ത്ര, സാക്ഷരതാ പ്രസ്ഥാനങ്ങളിലും നിർണായക പങ്കുവഹിച്ചു.


ജീവിതത്തിന്റെ വലിയ ഒരുഘട്ടത്തിൽ ഇടതുപക്ഷ രാഷ്ട്രീയത്തിന്റെയും ശാസ്ത്രീയ സോഷ്യലിസ്റ്റ് ചിന്തകളുടെയും വക്താവും പ്രചാരകനുമായി ശ്രദ്ധേയനായി. ആണവശാസ്ത്രജ്ഞനെന്നനിലയിൽ ലഭിക്കുമായിരുന്ന വലിയ സൗകര്യങ്ങളും സാധ്യതകളും ഉപേക്ഷിച്ചാണ് സാമൂഹിക പ്രവർത്തനത്തിന്റെ വഴിയിലേക്ക് ഇറങ്ങിയത്. അധികാരം താഴെത്തട്ടിലേക്കെത്തിക്കണമെന്ന ആശയത്തിന്റെ ശക്തനായ വക്താവായിരുന്നു. ജനപങ്കാളിത്തത്തോടെയുള്ള വികസനവും സമൂഹത്തിന്റെ താഴെത്തട്ടിലുള്ളവരുടെ ശാക്തീകരണവും ഉറപ്പാക്കണമെന്ന അദ്ദേഹത്തിന്റെ നിലപാടുകൾ കേരളത്തിന്റെ വികസനചിന്തകളിലും ശ്രദ്ധേയമായ സ്വാധീനം ചെലുത്തി. ശാസ്ത്രത്തെ സാധാരണ മനുഷ്യരുടെ ജീവിതവുമായി ബന്ധിപ്പിച്ച്‌ അദ്ദേഹം രചിച്ച നിരവധി കൃതികൾ തലമുറകളെ സ്വാധീനിച്ചു. അറിവും ശാസ്ത്രബോധവും ജനാധിപത്യവും സാമൂഹിക പുരോഗതിക്കുള്ള ഉപാധികളാക്കണമെന്ന നിലപാട് എന്നും ഓർമിക്കപ്പെടും.


എം പി പരമേശ്വന്റെ വിയോഗം കേരളത്തിന്റെ വൈജ്ഞാനിക, സാംസ്‌കാരിക, സാമൂഹിക മേഖലകൾക്ക് വലിയ നഷ്ടമാണ്‌. കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും സഹപ്രവർത്തകരുടെയും ദുഃഖത്തിൽ പങ്കുചേരുന്നതായും പിണറായി അനുശോചന സന്ദേശത്തിൽ പറഞ്ഞു.


ശാസ്‌ത്രത്തെ സാധാരണക്കാരുടെ ജീവിതവുമായി ബന്ധിപ്പിച്ചു


കേരളത്തിൽ ശാസ്ത്രത്തെ സാധാരണ മനുഷ്യരുടെ ജീവിതവുമായി ബന്ധിപ്പിക്കുന്നതിൽ മുന്നിൽനിന്ന്‌ പ്രവർത്തിച്ച ശാസ്‌ത്രചിന്തകനായിരുന്നു ഡോ. എം പി പരമേശ്വരനെന്ന്‌ ദേശാഭിമാനി ചീഫ്‌ എഡിറ്റർ പുത്തലത്ത്‌ ദിനേശനും റസിഡന്റ്‌ എഡിറ്റർ എം സ്വരാജും അനുശോചന സന്ദേശത്തിൽ പറഞ്ഞു. ശാസ്ത്രപ്രചാരണത്തിനായി അദ്ദേഹം രചിച്ച നിരവധി കൃതികൾ തലമുറകളെ സ്വാധീനിച്ചു. ഇതോടൊപ്പം ആണവ ശാസ്ത്രജ്ഞൻ, വൈജ്ഞാനിക സാഹിത്യകാരൻ, സാമൂഹിക പ്രവർത്തകൻ എന്നീ നിലകളിലും ഏറെ ശ്രദ്ധിക്കപ്പെട്ടു. കേരള ശാസ്ത്രസാഹിത്യ പരിഷത്തിനെ ജനകീയമാക്കുന്നതിലും ജനകീയ ശാസ്ത്ര-പ്രസ്ഥാനങ്ങൾ ശക്തിപ്പെടുത്തുന്നതിലും പ്രധാന പങ്കുവഹിച്ചു. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടെയും സഹപ്രവർത്തകരുടെയും ദുഃഖത്തിൽ പങ്കുചേരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home