Deshabhimani

print edition എം പി പരമേശ്വരൻ; ജനകീയ ശാസ്‌ത്രത്തിന്റെ കർമകാണ്ഡം

Dr M P Parameswaran
avatar
ഡോ. കെ പി അരവിന്ദന്‍

Published on Aug 12, 2026, 01:00 AM | 2 min read

എം പി പരമേശ്വരനെ ആദ്യം കണ്ടത് അടിയന്തരാവസ്ഥക്കാലത്താണ്‌. ഞാൻ അന്ന് മെഡിക്കൽ വിദ്യാർഥി. തിരുവനന്തപുരത്തെ ബാങ്ക് എംപ്ലോയീസ്‌ ഹാളിൽ ചിന്തയുടെ പുസ്തക പ്രകാശനം. ഹാളിനകത്ത് കുറേപേർ. നടുവിൽ രണ്ടു കുറിയ മനുഷ്യർ. ഒന്ന് പ്രകാശനം ചെയ്യാനെത്തിയ ഇ എം എസ്, മറ്റേത് എം പി. ഇ എം എസിനെ കേൾക്കാനാണ് പോയത്. എം പിയെ വലുതായി ശ്രദ്ധിച്ചില്ല. സർക്കാർ ജോലിയിൽ പ്രവേശിച്ചപ്പോഴാണ്‌ ഞാൻ ശാസ്ത്ര സാഹിത്യ പരിഷത്തിൽ പ്രവർത്തിക്കുന്നത്.


തുടർന്ന്‌ പരിഷത്ത് സ്കൂളുകളിൽ എം പി യെ അടുത്തറിഞ്ഞു. സി ജി ശാന്തകുമാർ, എം കെ പ്രസാദ്, കെ കെ കൃഷ്ണകുമാർ, ഡോ. ബി ഇക്ബാൽ തുടങ്ങിയവർ പങ്കെടുത്ത്‌ രാത്രിവരെ നീണ്ട ചർച്ചകൾ. എം പിയാണ്‌ ചർച്ചകളിൽ നിറഞ്ഞുനിന്നത്. നൂതനാശയങ്ങൾക്ക് രൂപംനൽകാനും വ്യക്തതയോടെ അവതരിപ്പിക്കാനും കൃത്യമായ സംവാദങ്ങളിലൂടെ ഏവരുടെയും അംഗീകാരം നേടാനുമുള്ള കഴിവ്‌ നിസ്‌തുലമാണ്‌. മാതൃകാപരമായ പലതും ഏറ്റെടുക്കാൻ പരിഷത്തിനെ പ്രാപ്‌തമാക്കിയതാകട്ടെ ആ കഴിവും. സംഘടനയെ അത്രമാത്രം എം പി സ്വാധീനിച്ചിരുന്നു.


ഗണിത ബുദ്ധി, പ്രായോഗികത, വിശാല വീക്ഷണം എന്നിവയാണ് പരമേശ്വരനെ വ്യത്യസ്തനാക്കിയത്‌.ഗണിതത്തിന്റെ ചട്ടക്കൂടിലൂടെ അദ്ദേഹം ലോകത്തെ കണ്ടു. അവതരിപ്പിക്കപ്പെട്ട ആശയത്തെ അതിവേഗം അക്കങ്ങളിലാക്കി ഒരു മുഴം മുമ്പേയായിരുന്നു ആ ചിന്ത.


വർഷങ്ങൾ മുമ്പ്‌ ട്രെയിൻ യാത്രയിലെ ചർച്ചക്കിടെ അദ്ദേഹം ഉന്നയിച്ച ആവശ്യം അതിന്‌ ഉദാഹരണം. മനുഷ്യജീവിതത്തിലെ സന്തോഷവും തൃപ്തിയും അളക്കാനുള്ള സൂചിക വേണം. അവയിലെ ഘടകങ്ങൾ, ആരോഗ്യ ഘടകങ്ങൾ, ഓരോന്നിനും നൽകേണ്ട പോയിന്റുകൾ‐ ഇതെല്ലാമടങ്ങിയ വിന്യാസക്രമം തയ്യാറാക്കാൻ ആവശ്യപ്പെട്ടു. തിരക്കുകളിൽ ഞാനത്‌ മറന്നു. വർഷങ്ങൾക്ക്‌ ശേഷമാണ്‌ വേൾഡ്‌ ഹാപ്പിനസ്‌ റിപ്പോർട്ടും മറ്റും പുറത്തിറങ്ങിയത്‌.


ഓരോ വിഷയങ്ങളിലും പരിഷത്ത് സ്വീകരിച്ച നിലപാടുകളിൽ ആ ഗണിത യുക്തിയുണ്ട്‌. വൈകാരികമായല്ലാതെ പ്രശ്‌നത്തിന്റെ നേട്ടങ്ങളും കോട്ടങ്ങളും സംഖ്യാപരമായി തിട്ടപ്പെടുത്തുന്ന രീതിയാണത്‌. സൈലന്റ്‌ വാലി, താപനിലയ വിഷയങ്ങളിൽ അത്‌ കാണാം. വീടുകളിലെ അടുപ്പിന്റെ (90ശതമാനം വീടുകളിലും വിറകടുപ്പ് ഉപയോഗിച്ച കാലത്ത്) ദക്ഷത ഒരു ശതമാനം കൂട്ടിയാൽ എത്ര മരങ്ങൾ സംരക്ഷിക്കാമെന്ന കണക്ക്‌ എം പി പെട്ടെന്ന് ഗണിക്കും. സിദ്ധാന്തം പറച്ചിലിനപ്പുറം സാർത്ഥക പ്രവർത്തനത്തിലായിരുന്നു താൽപ്പര്യം. ശാസ്‌ത്രമായാലും മാർക്സിസമായാലും സിദ്ധാന്ത വിശദീകരണക്കാരെക്കാൾ ആഴത്തിൽ അദ്ദേഹം അവ പഠിച്ചു, പഠിപ്പിച്ചു.


പ്രായോഗികപ്രവർത്തനത്തിലൂടെ എങ്ങിനെ സമൂഹത്തിൽ ഗുണപരമായ മാറ്റമുണ്ടാക്കാമെന്നായിരുന്നു എം പിയുടെ ചിന്ത. ശാസ്‌ത്രത്തിന്റെ അനുഭവജ്ഞാന സിദ്ധാന്തം (എംപിരിസിസം) തന്നെയാണത്. അന്ധവിശ്വാസവിരുദ്ധതയടക്കം ജനങ്ങളെ ശാസ്‌ത്രം പഠിപ്പിക്കാൻ ക്ലാസിനെക്കാൾ ജീവിതം മെച്ചപ്പെടുത്തൽ പ്രവർത്തനങ്ങളാണ്‌ അഭികാമ്യമെന്നായിരുന്നു നിലപാട്‌. വിദ്യാഭ്യാസ രംഗത്തെ പരിഷത്ത് പ്രവർത്തനങ്ങളിലും ആ സ്വാധീനം വലുതായിരുന്നു. പരിഷത്ത് അടുപ്പിലൂടെ ഫിസിക്സും ഭക്ഷണ‐ പരിസ്ഥിതി ശാസ്ത്രവും പഠിപ്പിച്ചു. ആ പരീക്ഷണങ്ങളിൽനിന്നാണ് ബാലോത്സവങ്ങളിലേക്കും പഠനം പാൽപ്പായസത്തിലേക്കും പ്രവർത്തനോന്മുഖ വിദ്യാഭ്യാസത്തിലേക്കുമൊക്കെ പരിഷത്ത്‌ എത്തിയത്.


കാൽപനിക ചിന്തകർ, ഉത്തരാധുനികർ, പാഠപുസ്‌തക മാർക്സിസ്റ്റുകാർ എന്നിങ്ങനെ കൊണ്ടാടപ്പെട്ട ബുദ്ധിജീവികളോടുള്ള മടുപ്പും അവരിലൂടെ സമൂഹത്തിന് ഒന്നും ലഭിക്കുന്നില്ലെന്ന തിരിച്ചറിവുമാകണം എം പിയെ പ്രായോഗികതയുടെ വക്താവാക്കിയത്. എന്നാൽ അദ്ദേഹം എംപിരിസിസത്തെ ആവശ്യത്തിൽ കൂടുതൽ ആശ്രയിക്കുന്നോ എന്ന സംശയവും ചിലപ്പോൾ ഉണ്ടായി. ഹോമിയോപ്പതിയുടെ ഫലപ്രാപ്തിയെപ്പറ്റിയുള്ള ചർച്ചകളിലൊക്കെ എം പി അത്‌ ഉയർത്താറുണ്ട്.


വലിയ ക്യാൻവാസിൽ ചിത്രം വരയ്ക്കാനായിരുന്നു എം പിക്ക്‌ ഇഷ്ടം. വൻ തോതിലുള്ള ഇടപെടലുകളേ ഫലംകാണൂ എന്ന വിശ്വാസമാണ്‌ അതിന്റെ ഉറവിടം. ‘നാം ജീവിക്കുന്ന ലോകം' ശാസ്‌ത്ര ക്ലാസ്‌ പരമ്പര ആസൂത്രണം ചെയ്‌തിരുന്നു. ‘ഭൗതിക ലോകം', ‘ജീവ ലോകം', ‘ശാസ്ത്ര ലോകം', ‘നാളത്തെ ലോകം' എന്നിങ്ങനെ നാലു വിഷയങ്ങൾ. സംസ്ഥാനത്ത്‌ പതിനായിരം ഇടങ്ങളിലെങ്കിലും ക്ലാസ്‌ നടത്തണമെന്ന്‌ എം പിക്ക്‌ നിർബന്ധം. 1987ൽ ഭാരത് ജന വിജ്ഞാന ജാഥ എന്ന പേരിൽ ഇന്ത്യയുടെ എല്ലാ പ്രദേശങ്ങളിൽനിന്നുമുള്ള അഞ്ച്‌ ശാസ്ത്ര ജാഥകൾ ഭോപ്പാലിൽ സമാപിക്കുന്നു. കേരളത്തിൽ നിന്ന് പ്രതിനിധികൾ പോകണം.


എം പിയ്ക്ക് കുറച്ചു പേരൊന്നും പോരാ. അവസാനം ശാസ്ത്ര തീവണ്ടി എന്ന പേരിൽ ഒരു ട്രെയിൻ നിറയെ കേരളത്തിൽ നിന്നുള്ളവർ. അതായിരുന്നു എം പി.അദ്ദേഹത്തിന്റെ മനസ്സിൽ ഉദിച്ച ഇത്തരം പരിപാടികളിലൊന്നാണ് എറണാകുളം ജില്ലയിലെ സാക്ഷരതാ യജ്ഞവും തുടർന്നുള്ള സാക്ഷരതാ പ്രസ്ഥാനവും.


(കേരള ശാസ്ത്രസാഹിത്യ പരിഷത്ത് മുൻ പ്രസിഡന്റാണ് ലേഖകൻ )



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home