'സ്വപ്നം സാക്ഷാത്കരിക്കാൻ ഭരണത്തുടർച്ച വേണം'; എൽഡിഎഫ് വികസന മുന്നേറ്റ ജാഥയ്ക്ക് ആശംസയുമായി എം മുകുന്ദൻ

എം മുകുന്ദൻ (File)
കണ്ണൂർ: നവകേരള സൃഷ്ടി പൂർത്തിയാക്കാൻ എൽഡിഎഫിന് ഭരണത്തുടർച്ച ആവശ്യമാണെന്ന് പ്രശസ്ത നോവലിസ്റ്റ് എം മുകുന്ദൻ പറഞ്ഞു. നമ്മൾ സ്വപ്നംകണ്ട കേരളം രൂപപ്പെടുത്തുന്നതിൽ ജനങ്ങളുടെ പങ്കാളിത്തമുണ്ടാകണം. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ഭരണത്തുടർച്ച ആവശ്യമാണ്. ഭരണമെന്നുള്ളത് അധികാരം മാത്രമല്ല, ജനങ്ങളുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കലുമാണ്. അതുകൊണ്ട് മൂന്നാംതവണയും എൽഡിഎഫ് ഭരണം കേരളത്തിന് ആവശ്യമാണെന്നും എം മുകുന്ദൻ പറഞ്ഞു.
സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ നയിക്കുന്ന എൽഡിഎഫ് വികസനമുന്നേറ്റ ജാഥയ്‌ക്ക് ആശംസ നേർന്നുകൊണ്ടായിരുന്നു എം മുകുന്ദന്റെ പ്രതികരണം. ‘‘ഈ ജാഥയ്ക്ക് ഇന്നത്തെ സാഹചര്യത്തിൽ ഒരുപാട് പ്രസക്തിയുണ്ട്. നവോത്ഥാന മൂല്യങ്ങളിൽ അധിഷ്ഠിതമായ സുന്ദരമായ കേരളം രൂപംകൊണ്ടുവരികയാണ്. അതിന് തുടർച്ചയുണ്ടാകണം. നമ്മുടെ സ്വപ്നമായ കേരളത്തിന്റെ ആത്മാവ് മതനിരപേക്ഷതയാണ്, ബഹുസ്വരതയാണ്. അത് ഇന്ന് വലിയ ഭീഷണി നേരിടുകയാണ്. ഇത് തിരിച്ചറിയാനുള്ള അവബോധം ഈ ജാഥ ജനങ്ങൾക്ക് നൽകുമെന്ന് എനിക്കുറപ്പുണ്ട്.‘‘- എം മുകുന്ദൻ പറഞ്ഞു.










0 comments