ad
Deshabhimani

വൈറൽപാട്ടിൽ വിഷു തൂക്കി; കുഞ്ഞു മിടുക്കിയെ കാണാൻ മണിയാശാനെത്തി, സമ്മാനമായി സൈക്കിളും

MM MANI.jpg

നിയ (മിന്നു) മോൾക്ക് കുവൈത്തിലെ കേരള ആർട്ട്‌ ലവേഴ്സ് അസോസിയേഷൻ (കല) നൽകുന്ന സൈക്കിൾ മുതിർന്ന സിപിഐ എം നേതാവ് എം എം മണി എംഎൽഎ സമ്മാനിക്കുന്നു. സിപിഐ എം ജില്ലാ സെക്രട്ടറി ആർ നാസർ സമീപം

വെബ് ഡെസ്ക്

Published on Apr 22, 2026, 04:45 PM | 2 min read

മുഹമ്മ: ‘മുപ്പത്തിമുക്കോടി ഫണ്ടുകളെല്ലാം പറ്റിച്ചെടുത്തൊരു കോൺ​ഗ്രസിതല്ലേ..’ വൈറലായ ഗാനത്തിന് ചുവട് വെച്ച് വിഷു തൂക്കിയ നാലുവയസുകാരിയെ കാണാൻ എം എം മണിയെത്തി, കൂടെ സമ്മാനമായി കരുതിയ കുട്ടിസൈക്കിളും. മുഹമ്മ സ്വദേശി നിയ (മിന്നു) മോളെ കാണാനാണ്‌ മുതിർന്ന സിപിഐ എം നേതാവും എംഎൽഎയുമായ എം എം മണി മുഹമ്മയിലെ വീട്ടിലെത്തിയത്‌.


വിഷു ആഘോഷത്തിനിടയിൽ നാലുവയസുകാരി പാടുന്ന വീഡിയോ "കോൺഗ്രസുകാർക്ക് ഇലക്ഷൻ കഴിഞ്ഞുവന്ന വിഷുവായിട്ട് കൈനീട്ടം തന്നില്ല എന്ന്‌ പറയരുത്’ എന്ന അടിക്കുറിപ്പോടെ എം എം മണി ഫേസ്ബുക്കിൽ പങ്കുവച്ചിരുന്നു. പിന്നാലെ ഇ‍ൗ വീഡിയോ കേരളം ഏറ്റെടുക്കുകയായിരുന്നു. മുഹമ്മ തുരുത്തൻകവലയ്‌ക്ക്‌ സമീപം ശ്രീരാഗം വീട്ടിൽ സി എസ് ശരത്– ശിൽപ്പ ദമ്പതികളുടെ മകളാണ് നിയ. വിഷുത്തലേന്ന് വീട്ടിൽ കമ്പിത്തിരി കത്തിച്ച് ചുവടുവച്ച് പാടിയപ്പോൾ അമ്മ ശിൽപ്പയാണ്‌ വീഡിയോ ഇൻസ്‌റ്റഗ്രാമിൽ പങ്കുവച്ചത്‌.




മുണ്ടക്കൈ– ചൂരൽമല ദുരിത ബാധിതതർക്കായി പിരിച്ച പണം കവർന്ന കോൺഗ്രസ്‌ നേതൃത്വത്തോട്‌ ചോദ്യങ്ങൾ ഉന്നയിച്ചുകൊണ്ടുള്ള ഗാനം തയ്യാറാക്കിയത്‌ കുവൈത്തിലെ കേരള ആർട്ട്‌ ലവേഴ്സ് അസോസിയേഷൻ (കല) പ്രവർത്തകരാണ്‌. പാട്ടും വീഡിയോയും വൈറലായതോടെ കല പ്രവർത്തകരാണ്‌ നിയയെ നേരിൽക്കണ്ട് അനുമോദിക്കാൻ അവസരമൊരുക്കിയത്‌. ​കലയുടെ സ്‌നേഹോപഹാരമായി എം എം മണി നിയയ്‌ക്ക്‌ സൈക്കിൾ സമ്മാനിച്ചു. കുട്ടിയെ അഭിനന്ദിക്കുകയുംചെയ്‌തു.


തിന്മകൾക്കെതിരെ പ്രായഭേദമന്യേ സാമൂഹ്യപ്രതികരണം ഉയർന്നുവരണമെന്ന് എം എം മണി പറഞ്ഞു. പാടിയും ആടിയും ഈ വിഷയത്തെ കൂടുതൽ പേരിലേക്ക് എത്തിച്ച നിയമോൾ അഭിനന്ദനമർഹിക്കുന്നതായും അദ്ദേഹം പറഞ്ഞു. സിപിഐ എം, ഡിവൈഎഫ്ഐ, അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ തുടങ്ങിയ സംഘടനകൾ നിയമോൾക്കും ചേച്ചി ദിയമോൾക്കും പഠനോപകരണങ്ങൾ ഉൾപ്പെടെ സമ്മാനിച്ചു.


സിപിഐ എം മുഹമ്മ നോർത്ത് ലോക്കൽ സെക്രട്ടറി ഡി ഷാജി അധ്യക്ഷനായി. ജില്ലാ സെക്രട്ടറി ആർ നാസർ, മാരാരിക്കുളം ഏരിയ സെക്രട്ടറി പി രഘുനാഥ്, ജില്ലാ പഞ്ചായത്ത്‌ സ്ഥിരംസമിതി അധ്യക്ഷൻ എസ് രാധാകൃഷ്‌ണൻ, കയർ കോർപറേഷൻ ചെയർമാൻ ജി വേണുഗോപാൽ, ‘കല’ സെക്രട്ടറി കെ കെ സുദർശനൻ എന്നിവർ സംസാരിച്ചു. സിപിഐ എം ഏരിയ കമ്മിറ്റി അംഗങ്ങളായ സി കെ സുരേന്ദ്രൻ, കെ ഡി അനിൽകുമാർ, മുഹമ്മ പഞ്ചായത്ത്‌ പ്രസിഡന്റ് എം അരുൺമോഹൻ, കല പ്രവർത്തകൻ എം ആർ തൃപ്തികുമാർ എന്നിവർ പങ്കെടുത്തു.






deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home