ad
Deshabhimani

വർഗീയതയ്‌ക്കെതിരെ സാംസ്‌കാരിക 
പ്രതിരോധം തീർക്കണം: എം കെ റെയ്‌ന

m k raina
avatar
സുജിത്‌ ബേബി

Published on Jun 29, 2025, 01:45 AM | 1 min read


കോഴിക്കോട്‌

രാജ്യത്ത്‌ നടമാടുന്ന അതിക്രമങ്ങൾക്കും വർഗീയതയ്‌ക്കുമെതിരെ സാംസ്‌കാരിക പ്രവർത്തനങ്ങളിലൂടെ പ്രതിരോധം തീർക്കണമെന്ന്‌ നടനും നാടക സംവിധായകനുമായ എം കെ റെയ്ന. എസ്‌എഫ്‌ഐ പതിനെട്ടാമത്‌ അഖിലേന്ത്യാ സമ്മേളനം ഉദ്‌ഘാടനം ചെയ്‌ത റെയ്‌നയുമായി നടത്തിയ അഭിമുഖത്തിൽനിന്ന്‌:


സാംസ്‌കാരിക സ്ഥാപനങ്ങളെ തകർക്കുന്നു

രാജ്യത്ത്‌ പിന്തുടർന്നുവന്ന എല്ലാ നയങ്ങളെയും സാംസ്‌കാരിക സ്ഥാപനങ്ങളെയും മോദി സർക്കാർ തരിപ്പണമാക്കി. ഇതിനുള്ള ഉദാഹരണമാണ്‌ കേന്ദ്ര സാഹിത്യ അക്കാദമി. അടുത്തിടെ അക്കാദമിയിൽ നടന്ന മെഹന്ദി ഫെസ്‌റ്റിവലിൽ മഴയാഘോഷവും തിലകം ചാർത്തലുമായിരുന്നു പ്രധാന പരിപാടി. സാഹിത്യകാരന്മാരും ബുദ്ധിജീവികളും പുതിയ ആശയങ്ങളും നിറഞ്ഞിരുന്ന അക്കാദമിയെ ഈ രൂപത്തിലേക്ക്‌ മാറ്റിയത്‌ സങ്കടകരമാണ്‌. ഗൗരവമായ പരിപാടികൾ നടത്തണമെന്ന ആവശ്യമുയർന്നിട്ടും ഫലമുണ്ടാകുന്നില്ല. അക്കാദമികൾ എല്ലാവിധ അക്കാദമിക പ്രവർത്തനങ്ങൾക്കുമുള്ള വേദിയാണ്‌. അക്കാദമിയുടെ മാഗസിനുകൾപോലും ഗൗരവമുള്ള വിഷയങ്ങൾ കൈകാര്യം ചെയ്യുന്നില്ല.


സംസ്‌കാരത്തെ ആയുധമാക്കുന്നു

മനുഷ്യരെ സ്വാധീനിക്കാൻ ബിജെപിയും ആർഎസ്‌എസും ആയുധമാക്കിയത്‌ സംസ്‌കാരത്തെയാണ്‌. നിരക്ഷരർക്കിടയിൽ സംസ്‌കാരത്തെ സംബന്ധിച്ച്‌ അസത്യപ്രചാരണങ്ങൾ നടത്തി. ഇന്ത്യൻ സാംസ്‌കാരിക മേഖലയിൽ ഫംഗസ്‌ പോലെയാണ്‌ അവരുടെ പ്രവർത്തനം. അതിനെ ഫലപ്രദമായി പ്രതിരോധിക്കാൻ നാം സജ്ജരാകണം.


പ്രതിരോധം ബദലുകളിലൂടെ

ബദലുകൾ രൂപപ്പെടുത്തുക എന്നതാണ്‌ സാംസ്‌കാരികാതിക്രമത്തെ നേരിടാനുള്ള പോംവഴി. അതിനുള്ള പോരാട്ടത്തിൽ വലിയ പ്രയാസങ്ങൾ അനുഭവിക്കേണ്ടി വന്നേക്കാം. അശാന്തമായ കാലഘട്ടത്തിലും സ്വന്തം നാടായ കശ്‌മീരിൽ നാടക പ്രവർത്തനം നടത്തേണ്ടിവന്നിട്ടുണ്ട്‌. വെടിവെപ്പുകൾ നടക്കുന്നിടങ്ങളിൽ ആയിരങ്ങൾ നാടകം കാണാനെത്തി. ദുഷ്‌കരമായ സാഹചര്യങ്ങളിലും പോരാട്ടത്തിന്റെ ബദൽ മാർഗങ്ങൾ സാധ്യമാണ്.


പ്രതികരിക്കുന്നവർ 
ആക്രമിക്കപ്പെടുന്നു

ശരിയായ നിലപാടുകൾക്കുനേരെ അക്രമമുണ്ടാകുന്നത്‌ സ്വാഭാവികമാണ്‌. ഗോദി മീഡിയകളുടെ സഹായത്തോടെയാണ്‌ ഈ അക്രമങ്ങൾ. അസത്യ പ്രചാരണം നടത്തുന്ന ഈ മാധ്യമങ്ങളെ ആരും ഗൗനിക്കാറില്ല. ഇതിന്‌ ബദൽ തീർക്കാൻ നമുക്കാകും. ഗ്രാമീണ മേഖലയിൽ ചെറുപ്പക്കാർ അത്‌ ചെയ്യുന്നുണ്ട്‌.


കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പ്‌ കാലത്ത്‌ ബിഹാറിലെത്തിയപ്പോൾ ചെറുപ്പക്കാർ പുറത്തിറക്കുന്ന ചില വീഡിയോകൾ കണ്ടു. അതിശയിപ്പിക്കും വിധത്തിൽ മനോഹരമായിരുന്നു അത്‌. ഇത്തരത്തിൽ ചെറുതും വലുതുമായ ഇടപെടൽ നടത്താൻ നമുക്കാകും. എന്താണ്‌ സംഭവിക്കുന്നതെന്ന്‌ നിരീക്ഷിക്കാനും അതിന്‌ അനുസരിച്ച്‌ പ്രതികരിക്കാനും കഴിയണം. രാഷ്‌ട്രീയ മുന്നേറ്റം സൃഷ്‌ടിക്കുന്നതിലും സാംസ്‌കാരിക മേഖലക്ക്‌ പങ്കുണ്ട്‌. ഇവ ഒത്തുചേർന്ന്‌ പോകേണ്ടതാണ്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home