ഒക്ടോബർ 3 മുതൽ സ്ഥലംമാറ്റത്തിനു വിലക്ക്
തദ്ദേശ തെരഞ്ഞെടുപ്പ് ; സംവരണവാർഡ് നറുക്കെടുപ്പ് ഒക്ടോബർ 13 മുതൽ

തിരുവനന്തപുരം
തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായി തദ്ദേശസ്ഥാപനങ്ങളിലെ സംവരണവാർഡുകൾ നിശ്ചയിക്കാനുള്ള നറുക്കെടുപ്പ് ഒക്ടോബർ 13 മുതൽ 21 വരെ നടത്തും. മുന്നൊരുക്ക പ്രവർത്തനങ്ങൾ വിലയിരുത്താനായി വിളിച്ചു ചേർത്ത കലക്ടർമാരുടെ യോഗത്തിലാണ് സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണർ എ ഷാജഹാൻ ഇക്കാര്യം അറിയിച്ചത്.
ത്രിതല പഞ്ചായത്തുകളുടെ വാർഡ് സംവരണം നറുക്കെടുപ്പിലൂടെ നിശ്ചയിക്കേണ്ട ചുമതല കലക്ടർമാർക്കാണ്. ഗ്രാമപഞ്ചായത്തുകളിൽ നറുക്കെടുപ്പ് ഒക്ടോബർ 13 മുതൽ 16 വരെയാണ്. ബ്ലോക്ക് പഞ്ചായത്തുകളുടേത് ഒക്ടോബർ 18നും ജില്ലാപഞ്ചായത്തിലേത് 21നും നടത്തും. മുനിസിപ്പാലിറ്റികളിലെ നറുക്കെടുപ്പ് ഒക്‌ടോബർ 16ന് അതതു ജില്ലകളിലെ തദ്ദേശവകുപ്പ് ജോയിന്റ് ഡയറക്ടർ നടത്തും. 21ന് കോഴിക്കോട് വച്ച് കണ്ണൂർ, കോഴിക്കോട് കോർപറേഷനുകളിലെ നറുക്കെടുപ്പും 18ന് കൊച്ചിയിൽ തൃശൂർ, കൊച്ചി കോർപറേഷനുകളിലെ നറുക്കെടുപ്പും 17ന് തിരുവനന്തപുരത്ത് കൊല്ലം, തിരുവനന്തപുരം കോർപറേഷനുകളിലെ നറുക്കെടുപ്പും നടക്കും. കോർപറേഷനുകളിൽ സംവരണവാർഡുകൾ നിശ്ചയിക്കുക അർബൻ ഡയറക്ടർമാരാണ്. നറുക്കെടുപ്പിനുള്ള വിജ്ഞാപനം ഉടൻ പ്രസിദ്ധീകരിക്കും.
ഒക്ടോബർ 3 മുതൽ സ്ഥലംമാറ്റത്തിനു വിലക്ക്
തദ്ദേശ സ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിക്കാനുള്ള ഉദ്യോഗസ്ഥരുടെ വിവരശേഖരണത്തിനായി ഒക്ടോബർ 3 മുതൽ സർക്കാർ ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റം വിലക്കും. ഇതു സംബന്ധിച്ച് സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷൻ ചീഫ് സെക്രട്ടറിക്ക് നിർദേശം നൽകി.
വരണാധികാരികളെയും ഉപവരണാധികാരികളെയും നിയമിച്ച് കമീഷൻ വിജ്ഞാപനം പുറപ്പെടുവിച്ചു. കമീഷന്റെ www.sec.kerala.gov.in വെബ്സൈറ്റിൽ വിജ്ഞാപനം ലഭ്യമാണ്. പരിശീലനം ഒക്ടോബർ ഏഴു മുതൽ 10 വരെ ജില്ലകളിൽ വിവിധ കേന്ദ്രങ്ങളിൽ നടക്കും. സംവരണ നടപടിക്രമങ്ങളെക്കുറിച്ച് തദ്ദേശസ്ഥാപന സെക്രട്ടറിമാർക്ക് 26ന് ഓൺലൈൻ പരിശീലനം നൽകും. ജില്ലാതല ഉദ്യോഗസ്ഥർക്ക് 25നും ജില്ലാതല മാസ്റ്റർട്രെയിനർമാർക്ക് 29നും 30നും തിരുവനന്തപുരത്തുമാണ് പരിശീലനം.
മുന്നൊരുക്കമടക്കം ഹരിതചട്ടം പാലിക്കണം. ഇതിനായി കുടുംബശ്രീ, ഹരിതകർമസേന, ക്ലീൻകേരള കമ്പനി തുടങ്ങിയവയുടെ സേവനം വിനിയോഗിക്കണമെന്നും കമീഷണർ നിർദേശിച്ചു.










0 comments