എൽപിഎസ്ടി റാങ്ക് ഹോൾഡേഴ്സ് സമരം നൂറാം ദിവസത്തിലേക്ക്; നാളെ നിയമസഭ വളഞ്ഞ് മനുഷ്യച്ചങ്ങല തീർക്കും

സെക്രട്ടറിയറ്റിന് മുന്നിൽ സമരം ചെയ്യുന്ന എൽപിഎസ്ടി റാങ്ക് ഹോൾഡേഴ്സ്
തിരുവനന്തപുരം : സെക്രട്ടറിയറ്റിന് മുൻപിൽ എൽപിഎസ്ടി റാങ്ക് ഹോൾഡേഴ്സ് നടത്തുന്ന സമരം നൂറാം ദിവസത്തിലേക്ക് കടക്കുന്നു. സമരത്തിന്റെ നൂറാം ദിനമായ ഒക്ടോബർ 13ന് ചൊവ്വാഴ്ച രാവിലെ 11 മണിക്ക് ഉദ്യോഗാർഥികൾ മനുഷ്യച്ചങ്ങല തീർത്ത് നിയമസഭ വളയും. പിഎസ്‌സി റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട ഉദ്യോഗാർഥികൾക്ക് അർഹമായ നിയമനം ഉറപ്പാക്കുക, എയ്ഡഡ് സ്കൂൾ നിയമനങ്ങൾ പിഎസ്‌സിക്ക് വിടുക, കോഴ നിയമനങ്ങൾ അവസാനിപ്പിക്കുക തുടങ്ങിയ വിവിധ ആവശ്യങ്ങളുന്നയിച്ചാണ് ഉദ്യോഗാർഥികൾ സമരം തുടരുന്നത്.
നേരത്തെ സെക്രട്ടറിയറ്റ് വളഞ്ഞതിന് സമാനമായ രീതിയിൽ വൻ പങ്കാളിത്തത്തോടെയാണ് നിയമസഭാ വളയൽ സമരവും സംഘടിപ്പിക്കുന്നത്. റാങ്ക് ലിസ്റ്റിൽ ഇടംപിടിച്ച യോഗ്യരായ ഉദ്യോഗാർഥികൾക്ക് ജോലി നൽകാതെ പിൻവാതിൽ, കോഴ നിയമനങ്ങൾ നടത്തുന്ന നയങ്ങൾക്കെതിരെ യുവതയുടെ ശക്തമായ ശബ്ദമുയർത്തുകയാണ് ലക്ഷ്യം. ചൊവ്വാഴ്ച രാവിലെ 11ന് ആരംഭിക്കുന്ന നിയമസഭാ വളയൽ പ്രക്ഷോഭത്തിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നൂറുകണക്കിന് ഉദ്യോഗാർഥികൾ അണിനിരക്കും. ഉദ്യോഗാർഥികളുടെ ന്യായമായ ആവശ്യങ്ങൾ ഒന്നും തന്നെ സർക്കാർ അംഗീകരിക്കാത്ത സാഹചര്യത്തിലാണ് കൂടുതൽ ശക്തമായ പ്രതിഷേധങ്ങളിലേക്ക് നീങ്ങുന്നതെന്ന് എൽപിഎസ്ടി റാങ്ക് ഹോൾഡേഴ്സ് സമരത്തിന് നേതൃത്വം നൽകുന്ന വളർമതി ടീച്ചർ വ്യക്തമാക്കി.
റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് അർഹമായ നിയമനം നൽകണമെന്നും, അതിനാവശ്യമായ ഒഴിവുകൾ കണ്ടെത്തി നികത്തണമെന്നും ആവശ്യപ്പെട്ട് 37 ദിവസത്തെ സമരവും 13 ദിവസത്തെ നിരാഹാര സമരവും ഉദ്യോഗാർഥികൾ നടത്തിയിരുന്നു. ഉദ്യോഗാർത്ഥികൾ മുന്നോട്ടുവച്ച ആവശ്യങ്ങൾ പഠനവിധേയമാക്കുന്നതിനായി സർക്കാർ 45 ദിവസം സമയം ആവശ്യപ്പെട്ടു. തുടർന്ന് 51 ദിവസങ്ങൾക്ക് ശേഷം വീണ്ടും ചർച്ച നടന്നെങ്കിലും, ചില ആവശ്യങ്ങൾ മാത്രം അംഗീകരിക്കുകയും പ്രധാന ആവശ്യമായ അധ്യാപക–വിദ്യാർഥി അനുപാതം 1:25 ആയി പുനർനിശ്ചയിക്കണമെന്ന ആവശ്യം നിരാകരിക്കുകയും ചെയ്തതോടെയാണ് സമരം കടുപ്പിക്കാൻ ഉദ്യോഗാർഥികൾ തീരുമാനിച്ചത്. അധ്യാപക–വിദ്യാർഥി അനുപാതം നടപ്പാക്കാതെ വരും വർഷങ്ങളിലും എൽപിഎസ്ടി നിയമനത്തിന് ആവശ്യമായ പുതിയ ഒഴിവുകൾ സൃഷ്ടിക്കപ്പെടില്ലെന്നതാണ് യാഥാർഥ്യമെന്നും വളർമതി ടീച്ചർ പറഞ്ഞു.








0 comments