Deshabhimani

സുഹൃത്തിന്റെ പ്രണയ ബന്ധത്തിലെ തർക്കം തീർക്കാനിടപ്പെട്ടു; യുവാവിനെ തലക്കടിച്ചുകൊന്ന് ബന്ധുക്കൾ

 amal
വെബ് ഡെസ്ക്

Published on Oct 18, 2025, 03:14 PM | 1 min read

തിരുവനന്തപുരം: സുഹൃത്തിൻ്റെ പ്രണയ ബന്ധത്തിലുണ്ടായ തർക്കം പറഞ്ഞ് തീർക്കാനെത്തിയ യുവാവ് പെൺകുട്ടിയുടെ ബന്ധുക്കളുടെ അടിയേറ്റ് മരിച്ചു. സംഭവത്തിൽ പെൺകുട്ടിയുടെ ബന്ധുക്കളായ സുരേഷ്, രാജേഷ്, അജിത് എന്നിവരെ വർക്കല പൊലീസ് കസ്റ്റഡിയിലെടുത്തു. കാമുകൻ്റെ സുഹൃത്തും കൊല്ലം ഈസ്റ്റ് കല്ലട തെക്കേമുറി സ്വദേശിയുമായ അമലാണ് (24)കഴിഞ്ഞ ദിവസം ചികിത്സയിലിരിക്കെ മരിച്ചത്.


സംസാരത്തിനിടയിൽ പെൺകുട്ടിയുടെ പിതാവ് സുഹൃത്തിൻ്റെ ബന്ധുക്കളുമായി വാക്കുതർക്കത്തിലേർപ്പെടുകയായിരുന്നു. ഇത് കയ്യാങ്കളിയിലെത്തിയതോടെയാണ് അമലിന് അടിയേറ്റത്. വർക്കല കണ്ണമ്പയിൽ വച്ച് കഴിഞ്ഞ പതിനാലിനാണ് യുവാവിന് മർദ്ദനമേറ്റത്.


കണ്ണമ്പ സ്വദേശിയായ പെൺകുട്ടിയും അമലിന്റെ സുഹൃത്തും പ്രണയത്തിലായിരുന്നു. എന്നാൽ ഈ ബന്ധം അവസാനിച്ചതോടെ അമലും സുഹൃത്തിൻ്റെ ബന്ധുക്കളും പെൺകുട്ടിയുടെ വീട്ടിലെത്തുകയായിരുന്നു. തടിപ്പണിക്കാരാനായ അമൽ തെങ്ങിൽ നിന്ന് വീണതാണെന്നാണ് ആശുപത്രി അധികൃതരോട് ബന്ധുക്കൾ പറഞ്ഞത്. എന്നാൽ ഡോക്ടർക്ക് സംശയം തോന്നിയതിനെ തുടർന്ന് പൊലീസിൽ അറിയിക്കുകയായിരുന്നു.


ഇതിനിടയിൽ ആരോഗ്യനില വഷളായതോടെ അമൽ ഇന്നലെ മരിച്ചു. പിന്നീട് പൊലീസ് നടത്തിയ വിശദമായ ചോദ്യം ചെയ്യലിലാണ് വർക്കലയിൽ വച്ച് അമലിന് അടിയേറ്റ വിവരം ബന്ധുക്കൾ പറഞ്ഞത്. പിന്നാലെയാണ് പെൺകുട്ടിയുടെ വീട്ടുകാരെയടക്കം അറസ്റ്റ് ചെയ്തത്.


കസ്റ്റഡിയിലെടുത്തവരെ ഇവരെ ചോദ്യം ചെയ്യുകയാണ്.






deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home