സംസ്ഥാന തദ്ദേശദിനാഘോഷം ഫെബ്രുവരി 18 നും 19 നും; 23 വരെ വിവിധ പരിപാടികൾ

തിരുവനന്തപുരം : സംസ്ഥാന തദ്ദേശ ദിനാഘോഷം ഫെബ്രുവരി 18നും 19നും ആന്തൂരിൽ നടക്കും. 18ന് രാവിലെ 9ന് മണിക്ക് കെഎപി ഗ്രൗണ്ടിൽ തദ്ദേശ സ്വയംഭരണ മന്ത്രി എം ബി രാജേഷ് ഉദ്ഘാടനം ചെയ്യും. സമാപന സമ്മേളനം 19ന് മുഖ്യമന്ത്രി പിണറായി വിജയൻ കെഎപി ഗ്രൗണ്ടിൽ ഉദ്ഘാടനം ചെയ്യും. ഈ വർഷത്തെ മികച്ച തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കുള്ള അവാർഡുകൾ മുഖ്യമന്ത്രി വിതരണം ചെയ്യും. തദ്ദേശ ദിനാഘോഷത്തിന്റെ ഭാഗമായി 13 മുതൽ 19 വരെ കൾച്ചറൽ ഫെസ്റ്റിവൽ, 21 മുതൽ 23 വരെ ഐഎഫ്എഫ്കെ റീജിയണൽ ഫിലിം ഫെസ്റ്റിവൽ എന്നിവ നടക്കും.
അതിദാരിദ്ര്യ നിർമാർജനം മുതൽ കെ- സ്മാർട്ട്, ഡിജിറ്റൽ സാക്ഷരത വരെയുള്ള വിവിധ പദ്ധതികളുടെ വിലയിരുത്തലും ഭാവി പ്രവർത്തനങ്ങളുടെ ആസൂത്രണവും പ്രതിനിധി സമ്മേളനത്തിൽ നടക്കും. ജനപ്രതിനിധികൾക്കും ഉദ്യോഗസ്ഥർക്കുമായി വിവിധ അക്കാദമിക് സെഷനുകളും ഒരുക്കിയിട്ടുണ്ട്. സംസ്ഥാനത്തെ മുഴുവൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെയും അധ്യക്ഷന്മാരും സെക്രട്ടറിമാരും രണ്ട് ദിവസങ്ങളിലായി നടക്കുന്ന തദ്ദേശ ദിനാഘോഷത്തിൽ പങ്കാളികളാകും.
ദിനാഘോഷത്തിന്റെ ഭാഗമായി കണ്ണൂർ ഗവ. എഞ്ചിനീയറിംഗ് കോളജ് ഗ്രൗണ്ടിൽ ഫെബ്രുവരി 13 മുതൽ 19 വരെ വികസന എക്‌സിബിഷൻ, കുടുംബശ്രീ ഇന്ത്യാ ഫുഡ് കോർട്ട്, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിപണന സ്റ്റാളുകൾ എന്നിവ ഒരുക്കും. 14 മുതൽ 19 വരെ ഉച്ചകഴിഞ്ഞ് തദ്ദേശ സ്വയംഭരണ വകുപ്പിലെ ജീവനക്കാരുടെയും ജനപ്രതിനിധികളുടെയും കലാമത്സരങ്ങൾ നടക്കും. ഒപ്പന, തിരുവാതിര, ഗ്രൂപ്പ് നാടോടി നൃത്തം തുടങ്ങിയ ഇനങ്ങളിൽ കണ്ണൂർ ജില്ലയിലെ കേരളോത്സവത്തിൽ ബ്ലോക്ക്/മുനിസിപ്പൽ തലങ്ങളിൽ ഒന്നാം സ്ഥാനം നേടിയ ടീമുകൾക്കായുള്ള മത്സരങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. പൊതുവിഭാഗത്തിൽ ജില്ലാതല കൈകൊട്ടിക്കളി മത്സരം, മെഹന്തി ഫെസ്റ്റ്, വിവിധ രചനാമത്സരങ്ങൾ എന്നിവയും സംഘടിപ്പിക്കും.
13 മുതൽ 19 വരെ എല്ലാ ദിവസവും രാത്രി എട്ടു മണിക്ക് ആന്തൂർ നഗരസഭാ സ്റ്റേഡിയത്തിൽ പ്രമുഖ കലാകാരന്മാരെ അണിനിരത്തി മെഗാ ഷോകൾ സംഘടിപ്പിക്കും. 13ന് രാത്രി എട്ടു മണിക്ക് വിധുപ്രതാപ് ബാന്റ്, 14ന് ശ്രീരാഗ് ഭരതൻ, അനുശ്രീ (സ്റ്റാർ സിംഗർ) ഗാനമേള, മഹാലക്ഷ്മിയും സംഘവും അവതരിപ്പിക്കുന്ന 'ദി റിഫ്ലക്ഷൻ' നൃത്താവിഷ്‌ക്കാരം എന്നിവ അരങ്ങേറും. 15ന് രമ്യ നമ്പീശന്റെ നൃത്തപരിപാടിയും മാംഗോസ്റ്റീൻ ക്ലബ് ബാൻഡ് പെർഫോമൻസും നടക്കും. 16ന് മെഹ്ഫിൽ ഇ സമ സൂഫി ബാന്റ്, 17ന് റിമി ടോമിയുടെ ഗാനമേള,18ന് ജോബ് കുര്യന്റെ ഗാനമേള, റിമ കല്ലിങ്കൽ അവതരിപ്പിക്കുന്ന 'മാമാങ്കം' നൃത്തപരിപാടി എന്നിവയും നടക്കും. 19ന് വേടന്റെ പരിപാടിയോടെ മെഗാ ഷോകൾക്ക് സമാപനമാകും.
ഗവ. എഞ്ചിനീയറിംഗ് കോളേജ് ഗ്രൗണ്ടിൽ ഫെബ്രുവരി 13 മുതൽ 17 വരെ എല്ലാ ദിവസവും രാവിലെ 11 മണി മുതൽ ഒരു മണി വരെ വിവിധ വകുപ്പുകളുടെ സഹകരണത്തോടെ സെമിനാറുകൾ നടക്കും.14ന് പ്രാദേശിക സർക്കാരുകളുടെ വിജ്ഞാനസാംസ്‌കാരിക നയപരിപാടികളും ലൈബ്രറികളും 15ന് 'ഉത്തരവാദിത്വ ടൂറിസവും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും' 16ന് 'ദുരന്ത നിവാരണവും പ്രാദേശിക ഭരണകൂടങ്ങളും' 17ന് 'സംരംഭകത്വം സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ' എന്നീ വിഷയങ്ങളിലാണ് സെമിനാറുകൾ നടക്കുക. മന്ത്രിമാരായ പി എ മുഹമ്മദ് റിയാസ്, വി ശിവൻകുട്ടി, വി അബ്ദുറഹിമാൻ ഉൾപ്പെടെയുള്ളവർ ആഘോഷപരിപാടികളിൽ സംവദിക്കാനെത്തും. മാങ്ങാട്ടുപറമ്പ് ഗവ. എഞ്ചിനീയറിംഗ് കോളേജ് ഗ്രൗണ്ടിലും ആന്തൂർ നഗരസഭാ ഗ്രൗണ്ടിലുമായി നടക്കുന്ന എല്ലാ പരിപാടികൾക്കും പ്രവേശനം സൗജന്യമാണ്.










0 comments