print edition ‘ബലിദാനി’കളുടെ പേരിൽ ബിജെപി അംഗങ്ങളുടെ പ്രതിജ്ഞ ; അയോഗ്യരാക്കാനാവശ്യപ്പെട്ട് കലക്ടർക്ക് പരാതി

പത്തനംതിട്ട
‘ബലിദാനി’കളുടെ പേരിൽ സത്യവാചകംചൊല്ലി ബിജെപി പഞ്ചായത്തംഗങ്ങൾ. പത്തനംതിട്ട കോയിപ്രം പഞ്ചായത്തിലെ അഞ്ച് അംഗങ്ങളാണ് ഭരണഘടനാവിരുദ്ധമായി സത്യപ്രതിജ്ഞ ചെയ്‌തത്. ഇവരെ അയോഗ്യരാക്കാനാവശ്യപ്പെട്ട് കലക്ടർക്ക് പരാതി നൽകിയിട്ടുണ്ട്. പഞ്ചായത്തിലെ നാലാംവാർഡംഗം പി ഉണ്ണിക്കൃഷ്‌ണൻ, ആർ അശ്വതി (വാർഡ് അഞ്ച്), ജ്യോതിലക്ഷ്‌മി (വാർഡ് ഒമ്പത്), പി കെ ബിജു (വാർഡ് 11), ശരണ്യ വിജയൻ (വാർഡ് 12) എന്നിവരാണ് ‘ബലിദാനി’കളുടെ പേരിൽ പ്രതിജ്ഞയെടുത്തത്.
പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ സത്യവാചകം അംഗങ്ങൾക്ക് നേരത്തെ തന്നെ പ്രിന്റ് ചെയ്‌ത് നൽകിയിരുന്നു. ഇത് ബിജെപി അംഗങ്ങൾ അവഗണിച്ചു. സംഭവം ശ്രദ്ധയിൽപ്പെട്ടെന്നും നടപടി സ്വീകരിക്കേണ്ടത് തെരഞ്ഞെടുപ്പ് കമീഷനാണെന്നും വരണാധികാരിയായ പിഡബ്ല്യുഡി തിരുവല്ല അസിസ്‌റ്റന്റ് എക്‌സിക്യൂട്ടീവ് എൻജിനിയർ എസ് അനു പറഞ്ഞു.
അംഗങ്ങളുടെ പ്രവൃത്തി അനുചിതവും ഭരണഘടനാ ലംഘനവുമാണെന്ന് നിയമവൃത്തങ്ങൾ ചൂണ്ടിക്കാട്ടി. ഭരണഘടനാ ലംഘനം നടത്തിയ ബിജെപി അംഗങ്ങളെ അയോഗ്യരായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് കോയിപ്രം പഞ്ചായത്ത് അഞ്ചാംവാർഡ് വോട്ടർ ആനപ്പാറ കിഴക്കേതിൽ എ കെ സന്തോഷ്‌കുമാർ ജില്ലാ വരണാധികാരിയായ കലക്ടർക്ക് പരാതിനൽകി. കോടതിയെ സമീപിക്കുമെന്നും ഇദ്ദേഹം പറഞ്ഞു. യുഡിഎഫ് – ഏഴ്, എൽഡിഎഫ് – ആറ്, എൻഡിഎ– അഞ്ച് എന്നിങ്ങനെയാണ് പഞ്ചായത്തിലെ കക്ഷിനില.










0 comments