print edition തദ്ദേശസ്ഥാപനങ്ങൾ സ്തംഭനത്തിലേക്ക്; ഫണ്ടെവിടെ സർക്കാരേ?

പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: ജനങ്ങളുടെ അടിസ്ഥാന പ്രശ്നങ്ങൾപോലും പരിഹരിക്കാൻ ഫണ്ടില്ലാതെ തദ്ദേശസ്ഥാപനങ്ങൾ പ്രയാസപ്പെടുമ്പോൾ നടപടിയില്ലാതെ സർക്കാർ. പദ്ധതി വിഹിതത്തിന്റെ ആദ്യഗഡു എന്നുകിട്ടുമെന്ന് ചോദിക്കുന്പോൾ ‘ഇതാ ഉടൻ’ എന്ന മുഖ്യമന്ത്രിയുടെ പതിവ് പല്ലവി കേട്ട് തദ്ദേശസ്ഥാപന ഭരണസമിതികൾക്ക് മടുത്തു. പണം എന്ന് കൈമാറുമെന്ന് വ്യക്തമാക്കാൻ ധനവകുപ്പുകൂടി കൈകാര്യംചെയ്യുന്ന മുഖ്യമന്ത്രി ബുധനാഴ്ചയും തയ്യാറായില്ല. തദ്ദേശമന്ത്രിയാകട്ടെ ഇക്കാര്യം അറിഞ്ഞ മട്ടുമില്ല.
തദ്ദേശസ്ഥാപനങ്ങൾക്ക് പുതിയ സാന്പത്തിക വർഷത്തെ പദ്ധതി വിഹിതത്തിന്റെ ആദ്യഗഡുവായി ലഭിക്കേണ്ടത് 3000 കോടി രൂപയാണ്. കഴിഞ്ഞ സാന്പത്തിക വർഷത്തെ സ്പിൽ ഓവർ തുകയും നൽകണം. എന്നാൽ, അധികാരമേറ്റ് രണ്ടു മാസം കഴിഞ്ഞിട്ടും യുഡിഎഫ് സർക്കാർ തുക നൽകിയിട്ടില്ല.
ഇതോടെ, പുതിയ പദ്ധതികളുടെ നിർവഹണത്തോടൊപ്പം ഒട്ടേറെ ക്ഷേമ, ആശ്വാസ പ്രവർത്തനം അവതാളത്തിലായി. സാന്ത്വന പരിചരണം, കുടുംബാരോഗ്യ കേന്ദ്രങ്ങളിലെ ഡോക്ടർമാരുടെ സേവനം, അങ്കണവാടികളിലെ പോഷകാഹാര വിതരണം, ബഡ്സ് സ്കൂൾ പ്രവർത്തനം, ഭിന്നശേഷി കുട്ടികൾക്കുള്ള സ്കോളർഷിപ്പ് തുടങ്ങിയവ താളംതെറ്റി. മെയിന്റനൻസ് ഗ്രാന്റില്ലാത്തതിനാൽ അറ്റകുറ്റപ്പണികളും നിലച്ചു. മെയിന്റനൻസ് ഗ്രാന്റായ 4315 കോടിയുടെ ആദ്യ ഗഡുവായ 1348.56 കോടി രൂപയാണ് കിട്ടാനുള്ളത്.
തദ്ദേശസ്ഥാപനങ്ങൾക്കുള്ള മൊത്തം ഫണ്ടും യുഡിഎഫ് സർക്കാർ വെട്ടിക്കുറച്ചു. ജനുവരി 29ന് എൽഡിഎഫ് സർക്കാർ അവതരിപ്പിച്ച ബജറ്റിൽ തദ്ദേശസ്ഥാപനങ്ങൾക്ക് നീക്കിവച്ചത് 10,189 കോടിരൂപയായിരുന്നു. എന്നാൽ, വിഡി സതീശൻ അവതരിപ്പിച്ച യുഡിഎഫ് സർക്കാരിന്റെ പുതുക്കിയ ബജറ്റിൽ 8655.45 കോടി രൂപയാണ് വകയിരുത്തിയത്.
1533.55 കോടി രൂപ കുറവ്. നഗരസഭകൾ ഉൾപ്പെടെ എല്ലാ വിഭാഗം തദ്ദേശസ്ഥാപനങ്ങളുടെ ആനുപാതിക വിഹിതവും കുറഞ്ഞു. കോർപറേഷനുകൾക്ക് മാത്രം 569.15 കോടിയും നഗരസഭകൾക്ക് 222.69 കോടിയുമാണ് കുറഞ്ഞത്. ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളുടെ വിഹിതത്തിൽ 741.51 കോടിയും കുറഞ്ഞു.









0 comments