print edition സാക്ഷരതാ പ്രസ്ഥാനത്തെ തകർക്കുന്നു; തുറന്നടിച്ച് പ്രേരക്മാർ

തിരുവനന്തപുരം: രാഷ്‌ട്രീയ താൽപ്പര്യങ്ങളുടെ പേരിൽ സാക്ഷരതാ പ്രസ്ഥാനത്തെ തകർക്കുന്നുവെന്ന് ഓൺലൈൻ യോഗത്തിൽ പ്രേരക്‌മാർ. മൂന്ന് മേഖലകളായി തിരിച്ച് സംസ്ഥാനത്തെ മുഴുവൻ പ്രേരക്മാരും പങ്കെടുത്ത യോഗത്തിൽ പൊതുവിദ്യാഭ്യാസ സ്പെഷ്യൽ സെക്രട്ടറി സജിത് ബാബുവിനെ പ്രേരക്‌മാർ പ്രതിഷേധം അറിയിച്ചു.
സംസ്ഥാന സാക്ഷരതാ മിഷൻ ഡയറക്‌ടറോ ജില്ലാ കോർഡിനേറ്ററോ ഇടപെടേണ്ട വിഷയങ്ങൾ മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയാണ് കൈകാര്യം ചെയ്യുന്നതെന്നും കുറ്റപ്പെടുത്തി. സാക്ഷരതാ മിഷൻ ഡയറക്‌ടർ അഹമ്മദ് കബീർ, അസിസ്റ്റന്റ് ഡയറക്ടർ കെ എം ഫവാസ് എന്നിവർക്കെതിരെയും വിമർശമുയർന്നു. സംസ്ഥാന സാക്ഷരതാ മിഷൻ ഓഫീസിൽ ഡയറക്ടർ അടക്കമുള്ളവരുടെ ജോലിയെന്താണെന്നും ചോദിച്ചതോടെ മേഖലായോഗങ്ങൾ അവസാനിപ്പിച്ച് അധികൃതർ തടിതപ്പി. എല്ലാ ചൊവ്വാഴ്ചയും വ്യാഴാഴ്ചയും രജിസ്‌ട്രേഷനായി പ്രേരക്മാർ വീടുകളിലെത്തണമെന്ന് ഡയറക്ടർ നിർദേശിച്ചു.
കഴിഞ്ഞ ദിവസം ജില്ലാ പ്രോജക്‌റ്റ് കോർഡിനേറ്റർമാരുടെയും അസി. പ്രോജക്‌ട് കോർഡിനേറ്റർമാരുടെയും ഓൺലൈൻ യോഗത്തിൽ, സാക്ഷരത മിഷൻ അടച്ചുപൂട്ടുമെന്ന് അസി. ഡയറക്‌ടർ എം കെ ഫവാസ് ഭീഷണിപ്പെടുത്തിയിരുന്നു. തുല്യതാ പഠനത്തിന് ആളെചേർക്കാൻ ജില്ലകൾക്ക് ടാർഗറ്റ് നിശ്‌ചയിക്കുകയും അത് തികച്ചില്ലെങ്കിൽ ശമ്പളം നൽകില്ലെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്‌തു. തദ്ദേശ വകുപ്പിന് കീഴിലായിരുന്ന മിഷനെ യുഡിഎഫ് സർക്കാർ വിദ്യാഭ്യാസ വകുപ്പിലേക്ക് മാറ്റിയെങ്കിലും പ്രേരക്‌മാരെ തദ്ദേശ വകുപ്പിൽ നിലനിർത്തിയിരുന്നു. വകുപ്പുമാറ്റവും പിന്നാലെ നടന്ന നിയമനങ്ങളും സാക്ഷരതാ മിഷനെ തകർക്കുന്ന തരത്തിലാണ്.









0 comments