'ഒരു തൈ നടാം'…. ലോക പരിസ്ഥിതി ദിനത്തിൽ വൃക്ഷവൽക്കരണ ദൗത്യവുമായി ഹരിതകേരളം മിഷൻ

തിരുവനന്തപുരം : ഹരിതകേരളം മിഷന്റെ നേതൃത്വത്തിൽ സംസ്ഥാനത്ത് ഒരു കോടി വൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കുന്ന 'ഒരു തൈ നടാം' ജനകീയ വൃക്ഷവൽക്കരണ ക്യാമ്പയിന് ലോക പരിസ്ഥിതി ദിനമായ ജൂൺ 5 ന് തുടക്കം. പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസ് അങ്കണത്തിൽ വൃക്ഷത്തൈ നട്ട് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. വൈകുന്നേരം 3.30 ന് നടക്കുന്ന ചടങ്ങിൽ നവകേരളം കർമപദ്ധതി സംസ്ഥാന കോർഡിനേറ്ററും ഹരിതകേരളം മിഷൻ വൈസ് ചെയർപേഴ്സണുമായ ഡോ. ടി എൻ സീമ, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കും.
ഹരിതകേരളം മിഷൻ 2019 മുതൽ നടപ്പിലാക്കി വരുന്ന പച്ചത്തുരുത്ത് പദ്ധതിയെ കൂടുതൽ ഇടങ്ങളിലേക്ക് വ്യാപിപ്പിക്കുന്നതിനോടൊപ്പം സമഗ്ര വൃക്ഷവൽക്കരണ പ്രവർത്തനവും ലക്ഷ്യമിട്ട് സെപ്റ്റംബർ 30 വരെയാണ് ഒരു തൈ നടാം ക്യാമ്പയിൻ. അപൂർവവും വംശനാശഭീഷണി നേരിടുന്നതുമായ വൃക്ഷങ്ങളുടെ തൈകൾ നട്ടുപിടിപ്പിക്കുന്നതിൽ ക്യാമ്പയിൻ പ്രത്യേകം ശ്രദ്ധ നൽകും. ജൂൺ 05 ന് ക്ലിഫ് ഹൗസിൽ നടുന്ന വൃക്ഷത്തൈകളായ കുളമാവ്, ആറുപുന്ന, ഉണ്ടപൈൻ, കമ്പകം, പൊന്നുഞാവൽ എന്നിവ ഈ വിഭാഗത്തിൽ ഉൾപ്പെടുന്നവയാണ്. വിവിധ കേന്ദ്രങ്ങളിൽ നടക്കുന്ന ജില്ലാതല പരിപാടിയിൽ മന്ത്രിമാർ, എംഎൽഎമാർ, എംപിമാർ, സാമൂഹ്യ സാംസ്കാരിക പ്രവർത്തകർ, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും.
വിദ്യാർഥികൾ, കുടുംബശ്രീ പ്രവർത്തകർ, തൊഴിലുറപ്പ് തൊഴിലാളികൾ, ഹരിത കർമസേനാംഗങ്ങൾ, ജീവനക്കാർ, റസിഡന്റ്സ് അസോസിയേഷനുകൾ, ആരാധനാലയങ്ങൾ, വായനശാലകൾ, സാമൂഹ്യ രാഷ്ടീയ സംഘടനകൾ തുടങ്ങി എല്ലാ ജനവിഭാഗങ്ങളെയും പങ്കെടുപ്പിച്ചാണ് ക്യാമ്പയിൻ സംഘടിപ്പിക്കുന്നതെന്ന് ഹരിതകേരളം മിഷൻ വൈസ് ചെയർപേഴ്സൺ ഡോ. ടി എൻ സീമ അറിയിച്ചു. നട്ടുപിടിപ്പിക്കാനുള്ള തൈകൾ പ്രാദേശികമായി ശേഖരിക്കും.
നടുന്ന തൈകളുടെ പരിപാലനം ഉറപ്പുവരുത്തുന്നതിനായി തദ്ദേശ സ്വയംഭരണ സ്ഥാപന അധ്യക്ഷരുടെ നേതൃത്വത്തിൽ ഹരിതകേരളം മിഷൻ, ജൈവവൈവിധ്യ പരിപാലന സമിതി അംഗങ്ങൾ (BMC), പരിസ്ഥിതി പ്രവർത്തകർ, കൃഷി ഓഫീസർ, കർഷകർ എന്നിവരുടെ നേതൃത്വത്തിൽ പരിപാലന സമിതി രൂപീകരിക്കും.
വെള്ളാണിക്കൽ പാറയിൽ ഓർമത്തുരുത്ത്
പച്ചത്തുരുത്ത് വ്യാപനത്തിന്റെ ഭാഗമായി പോത്തൻകോട് ഗ്രാമപഞ്ചായത്തിലെ വെള്ളാണിക്കൽ പാറയിൽ ഒരുക്കുന്ന ഓർമത്തുരുത്ത് ജൂൺ 5 ന് ഹരിതകേരളം മിഷൻ വൈസ് ചെയർപേഴ്സൺ ഡോ. ടി എൻ സീമ വൃക്ഷ തൈ നട്ട് ഉദ്ഘാടനം ചെയ്യും. നിലവിലെ പഞ്ചായത്ത് ഭരണസമിതിയുടെ ഓർമ നിലനിർത്താനായി തീർക്കുന്ന ഓർമത്തുരുത്തിൽ പോത്തൻകോട് ഗ്രാമപഞ്ചായത്തിലെ എല്ലാ വാർഡുകളിലെയും ജനപ്രതിനിധികൾ തൈകകൾ നടും.
ഒരു കോടി തൈകൾ നട്ട് ഹരിതകേരളം മിഷന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഒരു തൈ നടാം ജനകീയ വൃക്ഷവൽക്കരണ ക്യാമ്പയിൻ ലോഗോ ചടങ്ങിൽ ഡോ. ടി എൻ സീമ പ്രകാശനം ചെയ്യും.
സംസ്ഥാനത്തെ ആദ്യ പച്ചത്തുരുത്തിന് ആറ് വയസ്
സംസ്ഥാനത്തെ ആദ്യ പച്ചത്തുരുത്തിന് 2025 ജൂൺ 5 ന് ആറ് വയസ്. 2019 ജൂൺ 5 ന് നീർമാതള തൈ നട്ട് മുഖ്യമന്ത്രി പിണറായി വിജയനാണ് പോത്തൻകോട് ഗ്രാമപഞ്ചായത്തിൽ വേങ്ങോട് കുടുംബാരോഗ്യ കേന്ദ്രത്തിൽ സംസ്ഥാനത്തെ ആദ്യ പച്ചത്തുരുത്തിന് തുടക്കം കുറിച്ചത്. ഡോ. ടി എൻ സീമയുടെ നേതൃത്തിൽ ഹരിതകേരളം മിഷൻ സംഘം വ്യാഴാഴ്ച ഈ പച്ചത്തുരുത്ത് സന്ദർശിക്കും. ഒൌഷധ സസ്യങ്ങൾ ഉൾപ്പെടെ നിരവധി മരങ്ങൾ വളർന്ന് പച്ചത്തുരുത്ത് ജൈവവൈവിദ്ധ്യസമ്പന്നമാണ്.










0 comments