"പറന്നുയരാം കരുത്തോടെ": വനിതാ കമീഷൻ ക്യാമ്പയിൻ ലോഗോ പ്രകാശനം ചെയ്തു; മഞ്ജു വാര്യർ അംബാസിഡർ

തിരുവനന്തപുരം : കേരള വനിതാ കമീഷൻ നടപ്പാക്കുന്ന "പറന്നുയരാം കരുത്തോടെ" ക്യാമ്പയിന്റെ ലോഗോ മുഖ്യമന്ത്രി പിണറായി വിജയൻ പ്രകാശനം ചെയ്തു. ജീവിത പ്രതിസന്ധികളെ തരണം ചെയ്യാൻ സ്ത്രീകളെ പ്രാപ്തരാക്കുക, അവരുടെ മനക്കരുത്ത് വർധിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് "പറന്നുയരാം കരുത്തോടെ" എന്ന ടാഗ്‌ലൈനിൽ സംസ്ഥാനത്തുടനീളം ക്യാമ്പയിൻ സംഘടിപ്പിക്കുന്നത്. നടി മഞ്ജു വാര്യരാണ് ക്യാമ്പയിൻ അംബാസിഡർ. ആദ്യഘട്ടമായി സംസ്ഥാനത്ത് മൂന്നിടങ്ങളിൽ വിവിധ മേഖലകളിൽ നിന്നുള്ള സ്ത്രീകളെ പങ്കെടുപ്പിച്ച് പരിപാടികൾ സംഘടിപ്പിക്കും.
സംസ്ഥാനതല ഉദ്‌ഘാടനം 19 ഉച്ചയ്ക്ക് 3 ന് തിരുവനന്തപുരം വൈലോപ്പിള്ളി സംസ്‌കൃതി ഭവനിൽ വനിതാ ശിശുവികസന മന്ത്രി വീണാ ജോർജ് നിർവഹിക്കും. "നമുക്കെങ്ങനെ പറന്നുയരാം" എന്ന വിഷയത്തിൽ പ്രശസ്ത ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി മോഡറേറ്ററാകുന്ന സംവാദവും ഉണ്ടാകും. സർക്കാർ പ്ലീഡർ , പ്രോസിക്യൂട്ടർ ഡോ. ടി ഗീനാകുമാരി, ജൻഡർ കൺസൽട്ടന്റ് ഡോ. ടി കെ ആനന്ദി, എഴുത്തുകാരി ഡോ. ചന്ദ്രമതി, എച്ചുമുക്കുട്ടി, മെൻ്റൽ ഹെൽത്ത് റിവ്യൂ ബോർഡ് അംഗം ഡോ. ഷാലിമ, കമീഷൻ അംഗങ്ങൾ, ഡയറക്ടർ ഷാജി സുഗുണൻ, ലോ ഓഫീസർ കെ ചന്ദ്രശോഭ തുടങ്ങിയവർ പാനലിസ്റ്റുകളാകും. തുടർന്ന് ഗായിക ആര്യ ദയാലിന്റെ സംഗീത പരിപാടി നടക്കും.
മുഖ്യമന്ത്രിയുടെ ഓഫീസിൽ നടന്ന ചടങ്ങിൽ കമീഷൻ അധ്യക്ഷ അഡ്വ. പി സതീദേവി, അംഗം അഡ്വ. ഇന്ദിര രവീന്ദ്രൻ, മെമ്പർ സെക്രട്ടറി കെ ഹരികുമാർ തുടങ്ങിയവർ പങ്കെടുത്തു. ഉദ്ഘാടന ചടങ്ങിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ ബിന്ദു, ക്ഷീര, മൃഗസംരക്ഷണ മന്ത്രി ജെ ചിഞ്ചുറാണി, വനിതാ ശിശുവികസന വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ഷർമ്മിള മേരി ജോസഫ്, ഡയറക്ടർ ഹരിത വി കുമാർ, ജില്ലാ കളക്ടർ അനുകുമാരി, പോലീസ് ഐ ജി എസ് അജിതാബീഗം, കമീഷൻ അംഗങ്ങളായ അഡ്വ ഇന്ദിരാ രവീന്ദ്രൻ, അഡ്വ എലിസബത്ത് മാമൻ മത്തായി, വി ആർ മഹിളാമണി,അഡ്വ പി കുഞ്ഞായിഷ തുടങ്ങിയവർ പങ്കെടുക്കും.










0 comments