മരുന്നില്ല; എലിപ്പനി മരണം വർധിക്കുന്നു

തിരുവനന്തപുരം : ആശുപത്രികളിലെ മരുന്ന് പ്രതിസന്ധിക്കിടെ സംസ്ഥാനത്ത് എലിപ്പനി വ്യാപനവും മരണവും രൂക്ഷം. എലിപ്പനി പ്രതിരോധ മരുന്നായ ഡോക്സിസൈക്ലിൻ പല ആശുപത്രികളിലും സ്‌റ്റോക്കില്ലാത്തതാണ് സ്ഥിതി വഷളാക്കിയത്. കഴിഞ്ഞ രണ്ട് മാസത്തിനുള്ളിൽ 85 പേരാണ് എലിപ്പനി ബാധിച്ച് മരിച്ചത്. ആഗസ്‌തിൽ 668 പേർക്ക് എലിപ്പനി ബാധിച്ചതിൽ 42 പേർ മരിച്ചു. ആ മാസം 31ന് മാത്രം എട്ട് പേരാണ് എലിപ്പനി ബാധിച്ച് മരിച്ചത്. രണ്ട് വീതം കോഴിക്കോട്, കണ്ണൂർ സ്വദേശികളും, കൊല്ലം, എറണാകുളം, തൃശൂർ, മലപ്പുറം സ്വദേശികളുമാണ് മരിച്ചത്.
സെപ്‌തംബറിൽ 559 പേർക്ക് രോഗം ബാധിച്ചതിൽ 43 പേരും മരിച്ചു. ഇൗ മാസം അഞ്ച് ദിവസം പിന്നിട്ടപ്പോൾ 68 പേർക്ക് രോഗം ബാധിച്ചു. ഒരു മരണവും സ്ഥിരീകരിച്ചു. വിവിധ പകർച്ച വ്യാധികൾ പിടിപെട്ട് ആഗസ്‌ത്, സെപ്‌തംബർ മാസങ്ങളിൽ 200 പേരാണ് സംസ്ഥാനത്ത് മരിച്ചത്.
എലിപ്പനിക്കുപുറമെ ഡെങ്കിപ്പനിയും വ്യാപകമാകുന്നുണ്ട്. ഒക്ടോബറിൽ അഞ്ചു ദിവസത്തിൽ 194 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 563 പേർ രോഗലക്ഷണങ്ങളുമായി ചികിത്സയിലാണ്. തിരുവനന്തപുരം, കൊല്ലം ജില്ലകളിലാണ് കൂടുതൽ രോഗബാധിതർ. തിരുവനന്തപുരം–43, കൊല്ലം–36 എന്നിങ്ങനെയാണ് അഞ്ചുദിവസത്തെ രോഗബാധിതരുടെ എണ്ണം. 34,549 പേരാണ് പനി ബാധിച്ച് ചികിത്സ തേടിയത്. മലേറിയ ബാധിച്ച് 20 പേർ ചികിത്സയിലുണ്ട്.









0 comments