print edition തൊഴിലുറപ്പ് പദ്ധതി തകർക്കാൻ അനുവദിക്കില്ല ; പ്രതിഷേധം ഉയർത്തി എൽഡിഎഫ്

മഹാത്മാ ഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിനെതിരെ എൽഡിഎഫ് നേതൃത്വത്തിൽ എറണാകുളം ബോട്ടുജെട്ടിയിലെ ബിഎസ്എൻഎൽ ഓഫീസിലേക്ക് നടത്തിയ മാർച്ച് വി ശിവദാസൻ എംപി ഉദ്ഘാടനം ചെയ്യുന്നു
തിരുവനന്തപുരം
തൊഴിലുറപ്പ് പദ്ധതിയെ തകർക്കുന്ന കേന്ദ്രസർക്കാർ തീരുമാനത്തിനെതിരെ സംസ്ഥാനത്ത് എൽഡിഎഫ് നേതൃത്വത്തിൽ കനത്ത പ്രതിഷേധം. കേന്ദ്രസർക്കാർ ഓഫീസിലേക്കായിരുന്നു മാർച്ച്. തിരുവനന്തപുരം ഒഴികെയുള്ള 13 ജില്ലയിൽ നടന്ന പ്രതിഷേധത്തിൽ ആയിരങ്ങൾ പങ്കാളികളായി. ജീവിത ദാരിദ്ര്യ ലഘൂകരണത്തിനും ഗ്രാമീണ കുടുംബങ്ങളുടെ സഹായത്തിനും താങ്ങായ തൊഴിലുറപ്പ് പദ്ധതി തകർക്കുന്ന നിയമ നിർമാണത്തിൽനിന്ന് കേന്ദ്രം പിന്മാറണമെന്ന് ആവശ്യപ്പെട്ടായിരുന്നു സമരം. കേരളത്തിൽ 30 ലക്ഷത്തിലേറെ കുടുംബങ്ങളാണ് പ്രയാസത്തിലാകുക.
കൊല്ലം ചിന്നക്കട ഹെഡ് പോസ്‌റ്റാഫീസിനുമുന്നിൽ നടന്ന ധർണ സിപിഐ എം ജില്ലാ ആക്ടിങ് സെക്രട്ടറി എസ് ജയമോഹൻ ഉദ്‌ഘാടനംചെയ്‌തു. ആലപ്പുഴയിൽ സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം എം വി ജയരാജൻ, കോട്ടയം ഹെഡ് പോസ്റ്റ് ഓഫീസിനുമുന്നിൽ സിപിഐ എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ കെ ജയചന്ദ്രൻ, പത്തനംതിട്ടയിൽ ജനതാദൾ എസ് സംസ്ഥാന പ്രസിഡന്റ് അഡ്വ. മാത്യു ടി തോമസ് എംഎൽഎ, ഇടുക്കി കട്ടപ്പനയിൽ എം എം മണി എംഎൽഎ, എറണാകുളം ബോട്ട്‌ജെട്ടിയിലെ ബിഎസ്എൻഎൽ ഓഫീസിനുമുന്നിൽ വി ശിവദാസൻ എംപി, തൃശൂർ എജീസ് ഓഫീസിനുമുന്നിൽ സിപിഐ എം ജില്ലാ സെക്രട്ടറി കെ വി അബ്ദുൾ ഖാദർ, പാലക്കാട് ഹെഡ്‌പോസ്റ്റ് ഓഫീസിനുമുന്നിൽ സിപിഐ എം ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ്‌ബാബു, മലപ്പുറത്ത് സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം ഇ എന്‍ മോഹന്‍ദാസ്, കോഴിക്കോട് സിപിഐ എം ജില്ലാ സെക്രട്ടറി എം മെഹബൂബ്, വയനാട് എൽഡിഎഫ് കൺവീനർ ടി പി രാമകൃഷ്‌ണൻ, കണ്ണൂർ ആർഎസ് പോസ്റ്റോഫീസിനുമുന്നിൽ സിപിഐ എം ജില്ലാ സെക്രട്ടറി കെ കെ രാഗേഷ്, കാസർകോട് കാഞ്ഞങ്ങാട് ഹെഡ് പോസ്റ്റ് ഓഫീസിനുമുന്നിൽ ഇ ചന്ദ്രശേഖരൻ എംഎൽഎ എന്നിവർ പ്രതിഷേധമാർച്ച് ഉദ്‌ഘാടനംചെയ്‌തു.










0 comments