print edition എൽഡിഎഫ് ഉറപ്പിച്ചു പറഞ്ഞു; മൃഗശാല മാറ്റില്ല

തിരുവനന്തപുരം മൃഗശാലയിൽ സ്ഥലപരിമിതിയുണ്ടെന്ന മുഖ്യമന്ത്രി വി ഡി സതീശന്റെ വാദം പൊളിച്ച് നിയമസഭാ രേഖ. മൃഗശാല നഗരത്തിനു പുറത്തേക്കു മാറ്റാൻ ഉദ്ദേശിക്കുന്നില്ലെന്ന് ഒന്നാം പിണറായി സർക്കാർ നിയമസഭയിൽ മറുപടി നൽകിയിരുന്നു. മൃഗശാലയുടെ മികച്ച പ്രവർത്തനവും വിസ്തൃതിയും കണക്കിലെടുത്ത് കേന്ദ്ര മൃഗശാല അതോറിറ്റി ‘ലാർജ് കാറ്റഗറി' പദവി നൽകി അംഗീകരിച്ച കാര്യവും മറുപടിയിലുണ്ട്. 2019 ജൂൺ 24ന് ഐ ബി സതീഷിന്റെ ചോദ്യത്തിന് അന്നത്തെ മൃഗസംരക്ഷണ, മൃഗശാല മന്ത്രി കെ രാജുവാണ് മറുപടി നൽകിയത്. 2019 ജൂൺ 10ലെ നിയമസഭാ രേഖകൾപ്രകാരം, കേന്ദ്ര മൃഗശാല അതോറിറ്റി അംഗീകരിച്ച മാസ്റ്റർ പ്ലാൻ അടിസ്ഥാനമാക്കി കോടികളുടെ നവീകരണമാണ് മൃഗശാലയിൽ നടപ്പാക്കിയത്.
കാട്ടുപോത്തുകൾക്കായി വിശാലമായ പ്രകൃതിദത്ത കൂടും ജലപക്ഷികൾക്കായി അക്വേറിയവും നിർമിച്ചു. കടുവ, സിംഹം, കുരങ്ങ്, കൃഷ്ണമൃഗം, മാൻ, അരയന്നങ്ങൾ, മുള്ളൻപന്നി, കാണ്ടാമൃഗം എന്നിവയുടെ കൂടുകളും കിടങ്ങുകളും നവീകരിച്ചു. ചുറ്റുമതിൽ പുനർനിർമിച്ചു. ചിത്രശലഭ പാർക്കും നിർമിച്ചു. സന്ദർശകർക്കായി ബാറ്ററി കാറുകൾ, ഭിന്നശേഷിക്കാർക്ക് വീൽചെയറുകൾ, ഇ- ടോയ്ലറ്റുകൾ, ഫീഡിങ് റൂമുകൾ, ശീതീകരിച്ച കുടിവെള്ളസംവിധാനം എന്നിവയുമൊരുക്കി. തൃശൂർ മൃഗശാലയിലെ സ്ഥലപരിമിതി (13 ഏക്കർ) പരിഗണിച്ചാണ് വനംവകുപ്പിന്റെ പുത്തൂർ സുവോളജിക്കൽ പാർക്കിലേക്ക് മാറ്റാൻ തീരുമാനിച്ചത്. എന്നാൽ, 30 ഏക്കർ വിസ്തൃതിയും കേന്ദ്രത്തിന്റെ ലാർജ് കാറ്റഗറി പദവിയുമുള്ള തിരുവനന്തപുരം മൃഗശാല മാറ്റേണ്ട ആവശ്യമില്ല. തുച്ഛമായ പ്രവേശനഫീസ് നൽകി സാധാരണക്കാരായ കുടുംബങ്ങൾക്കും കുട്ടികൾക്കും എളുപ്പത്തിൽ വന്നുപോകാവുന്ന ചുരുക്കം ചില പൊതു ഇടങ്ങളിൽ ഒന്നാണിത്.









0 comments