print edition വ്യാജ വാർത്ത നൽകി; ജയ്ഹിന്ദ് ടിവിക്കെതിരെ മന്ത്രി കെ രാജന്റെ പരാതി

ഒല്ലൂർ: വ്യാജ വാർത്ത നൽകി അപകീർത്തിപ്പെടുത്താൻ ശ്രമിച്ചതിന് ജയ്ഹിന്ദ് ടിവിക്കെതിരെ ഒല്ലൂരിലെ എൽഡിഎഫ് സ്ഥാനാർഥി കെ രാജൻ തെരഞ്ഞെടുപ്പ് കമീഷന് പരാതി നൽകി.
യുഡിഎഫ് സ്ഥാനാർഥി ഷാജി കോടങ്കണ്ടത്ത് നൽകിയ കേസുമായി ബന്ധപ്പെട്ട് കെ രാജന്റെ ചിത്രം ഉൾപ്പെടുത്തി വ്യാജവാർത്ത നൽകിയതിനെതിരെയാണ് പരാതി. അപകീർത്തികരമായ വാർത്ത പിൻവലിച്ച് മാപ്പ് പ്രസിദ്ധീകരിക്കണം എന്നാവശ്യപ്പെട്ട് ജയ്ഹിന്ദ് ടിവിക്ക് വക്കീൽ നോട്ടീസും അയച്ചിട്ടുണ്ട്.
ഡിജിറ്റൽ റീ സർവേയ്‌ക്ക് ഉപകരണങ്ങൾ വാങ്ങിയതിൽ ക്രമക്കേട് ആരോപിച്ച് ഷാജി കോടങ്കണ്ടത്ത് ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. എന്നാൽ ഇൗ കേസിൽ കെ രാജൻ കക്ഷിയല്ല. പിന്നീട് ഷാജി കോടങ്ങണ്ടത്ത് വാർത്താസമ്മേളനം വിളിച്ച്, രാജനെതിരെ കോടതി അന്വേഷണത്തിന് ഉത്തരവിട്ടെന്ന് വ്യാജ വാർത്ത പ്രചരിപ്പിക്കുകയായിരുന്നു.
ഇതേത്തുടർന്ന് രാജൻ നൽകിയ ഹർജി പരിഗണിച്ച ഹൈക്കോടതി, ഷാജിയും വാർത്ത പ്രസിദ്ധീകരിച്ച ദീപിക പത്രവും മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടു. തുടർന്ന് ഷാജി കോടങ്ങണ്ടത്തും ദീപിക പത്രവും മാപ്പ് പറഞ്ഞു.
ജയ് ഹിന്ദ് ടിവി ചെയർമാൻ കൂടിയായ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് വാർത്ത പിൻവലിച്ച് മാപ്പ് പറയണം എന്നും നോട്ടീസിൽ ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യം ഹൈക്കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തുമെന്നും കെ രാജൻ പറഞ്ഞു.










0 comments