നിയമവിദ്യാർഥി ജീവനൊടുക്കിയ സംഭവം: ലോൺ ആപ്പിൽനിന്നുള്ള ഭീഷണിയെന്ന് ബന്ധുക്കൾ

കോവളം: നിയമവിദ്യാർഥി ജീവനൊടുക്കിയത് ലോൺ ആപ്പിൽനിന്നുള്ള നിരന്തര ഭീഷണിയെത്തുടർന്നെന്ന് ബന്ധുക്കൾ. തിരുവല്ലം ശാന്തിപുരം തുണ്ടുവിളവീട്ടിൽ അഹുജിത്താണ് (അക്കു– 22) മരിച്ചത്. അഹുജിത്തിന്റെ ഫോണിലേക്ക് തുടർച്ചയായി വന്ന ഫോൺകോളുകളിൽനിന്നാണ് ലോൺ ആപ്പിനെക്കുറിച്ച് അറിഞ്ഞതെന്നും വിവരങ്ങൾ പൊലീസിനെ അറിയിച്ചതായും അച്ഛൻ പറഞ്ഞു. തിരുവല്ലം പൊലീസ് അന്വേഷണം ആരംഭിച്ചു.
പാറശാല ചെറുവാരക്കോണം കോളേജ് ഓഫ് ലീഗൽ സ്റ്റഡീസിലെ ബികോം എൽഎൽബി അവസാന വർഷ വിദ്യാർഥിയായ അഹുജിത്ത് 18നാണ് വീട്ടിൽ തൂങ്ങി മരിക്കാൻ ശ്രമിച്ചത്. നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ വെള്ളി രാത്രിയാണ് മരിച്ചത്. സിപിഐ എം ശാന്തിപുരം ബ്രാഞ്ച് അംഗവും ഡിവൈഎഫ്ഐ ശാന്തിപുരം യൂണിറ്റ് ജോയിന്റ് സെക്രട്ടറിയുമാണ്. റിട്ട. കെടിഡിസി ജീവനക്കാരനായിരുന്ന ജി അജികുമാറിന്റെയും എ ആർ റൂബിയുടെയും ഇളയമകനാണ്. സഹോദരൻ: ശ്രീജിത്ത് മോനു. സഞ്ചയനം വെള്ളി എട്ടിന്.








0 comments