മൃഗസ്നേഹികള്‍ക്ക് സന്തോഷവാര്‍ത്ത; കേരളത്തില്‍ അരുമകളുടെ വില്‍പ്പനയ്ക്ക് 'ഡിജിറ്റല്‍ പ്ലാറ്റ്ഫോം', ഇന്ത്യയിലാദ്യം

മന്ത്രി ജെ ചിഞ്ചുറാണി ഡിജിറ്റല്‍ പ്ലാറ്റ്ഫോമിന്‍റെ ഉദ്ഘാടനം നിര്‍വ്വഹിക്കുന്നു
തിരുവനന്തപുരം: സംസ്ഥാന സർക്കാർ മൃഗസംരക്ഷണ മേഖലയിലെ വിപണന വെല്ലുവിളികൾക്ക് പരിഹാരമായി ലൈവ്സ്റ്റോക്ക് ആന്‍റ് പെറ്റ്സ് ട്രേഡിങ് ഓണ്‍ലൈന്‍ പ്ലാറ്റ്ഫോം, ലാപ്ടോപ്പ് (LAPTOP ,Livestock And Pets Trading Online Platform) എന്ന ഓൺലൈൻ ട്രേഡിംഗ് പ്ലാറ്റ്ഫോം വികസിപ്പിച്ചിരിക്കുന്നു. ഇന്ത്യയില്‍ തന്നെ ആദ്യമായാണ് സംസ്ഥാന മൃഗ സംരക്ഷണ വകുപ്പ് വളര്‍ത്തുമൃഗ വില്‍പ്പനയ്ക്കായി ഡിജിറ്റല്‍ പ്ലാറ്റ്ഫോം രൂപപ്പെടുത്തിയത്. കൊല്ലം പ്രസ് ക്ലബില്‍ നടന്ന ചടങ്ങില്‍ മന്ത്രി ജെ ചിഞ്ചുറാണി ഓണ്‍ലൈന്‍ പ്ലാറ്റ്ഫോം ഉദ്ഘാടനം ചെയ്തു.
ഇടനിലക്കാരില്ലാതെ, സുതാര്യവും സുരക്ഷിതവുമായ വില്‍പ്പനയുടെയും വാങ്ങലിന്‍റെയും സാധ്യതകള്‍ തെളിയുന്നതോടൊപ്പം മൃഗങ്ങള്‍ക്കുള്ള വാക്സിനേഷന്‍, ആരോഗ്യ സര്‍ട്ടിഫിക്കേഷന്‍ എല്ലാം ഈ പ്ലാറ്റ്ഫോമിലൂടെ സാധ്യമാകും. കൂടാതെ കൃത്യമായ വിപണി അടിസ്ഥാനമാക്കിയുള്ള വിലകള്‍ കര്‍ഷകര്‍ക്ക് കൂടുതല്‍ ഫലപ്രദമാകും.
കെ.എൽ.ഡി ബോർഡ്,കേരള സ്റ്റാർട്ടപ്പ് മിഷൻ മുഖേന 'അമിഗോസിയ' എന്ന ഏജൻസിയുടെ സഹകരണത്തോടെ രൂപപ്പെടുത്തിയ ഈ മൊബൈൽ വെബ് ആപ്പ് കന്നുകാലികൾ, വളർത്തുമൃഗങ്ങൾ,പക്ഷികൾ, അലങ്കാര മത്സ്യങ്ങൾ എന്നിവയുടെ വാങ്ങൽ സുരക്ഷിതവും സുതാര്യവുമായ വില്പനയ്ക്ക് അവസരം ഒരുക്കുന്നു.
കൂടാതെ മൃഗങ്ങള്‍ക്കുള്ള തീറ്റ, തീറ്റ സപ്ലിമെന്റുകൾ, ഉപകരണങ്ങൾ എന്നിവ ആപ്പിൽ ഉൾപ്പെടുത്തുകയും എല്ലാ ഇടപാടുകളുടെയും ഡിജിറ്റൽ രേഖകൾ സൂക്ഷിക്കുകയും ചെയ്യുന്നു. ഇതിലൂടെ സുതാര്യമായ രീതിയിൽ വ്യാപാരത്തെ പ്രോത്സാഹിപ്പിക്കുന്നു.
മൃഗഡോക്ടർമാർ, ഗതാഗത സേവന ദാതാക്കൾ, ഇൻഷുറൻസ് കമ്പനികൾ എന്നിവരെയും ആപ്പുമായി കൂട്ടിയോജിപ്പിച്ചിട്ടുണ്ട്. പരാതികള്‍ സമയബന്ധിതമായി പരിഹരിക്കുന്നതിനായുള്ള പ്രത്യേക സൗകര്യവും ഒരുക്കിയിരിക്കുന്നു. ഇംഗ്ലീഷ്, മലയാളം, തമിഴ് ഭാഷകളില്‍ ലഭ്യമായ ഈ ആപ്ലിക്കേഷന്‍ പ്ലേസ്റ്റോറില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാം.










0 comments