ad
Deshabhimani

ഭൂമി തരംമാറ്റ അപേക്ഷ നിരസിച്ചു; ആർഡിഒ 10,000 രൂപ പിഴയിട്ട് ഹൈക്കോടതി

habeas corpus filed in high court
avatar
സ്വന്തം ലേഖിക

Published on Oct 28, 2025, 09:25 AM | 1 min read

കൊച്ചി: രേഖകളിലില്ലെന്ന കാരണം പറഞ്ഞ് ഭൂമി തരംമാറ്റ അപേക്ഷ നിരസിക്കുകയും നിയമനടപടികളിലേക്ക് എത്തിക്കുകയും ചെയ്ത മലപ്പുറം തിരൂർ ആർഡിഒ 10,000 രൂപ അപേക്ഷകന് നൽകണമെന്ന് ഹൈക്കോടതി. പൊന്നാനി തലേക്കര വീട്ടിൽ ടി ജെ കിഷോറിന് ഒരുമാസത്തിനകം പണം നൽകാനാണ്‌ ജസ്റ്റിസ് സി എസ് ഡയസിന്റെ ഉത്തരവ്‌. ഭൂമി തരംമാറ്റ അപേക്ഷയിൽ ആർഡിഒ നാലാഴ്ചയ്ക്കകം നിയമപരമായ തീരുമാനമെടുക്കണം. അധികാരപ്പെട്ട ഉദ്യോഗസ്ഥന്റെ വീഴ്ചയും അവഗണനയുമാണ് ഹർജിക്കാരനെ നിയമനടപടികളിലേക്ക് വലിച്ചിഴച്ചതെന്ന് വിലയിരുത്തിയാണ് നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ടത്.


കിഷോറിന്റെ ഉടമസ്ഥതയിലുള്ള 6.07 ആർ (15 സെന്റ്) നിലം പതിറ്റാണ്ടുകൾക്കുമുമ്പ് നികത്തിയതാണ്. അവിടെ വീടും നിർമിച്ചു. പുരയിടമായി തരംമാറ്റി നൽകാനുള്ള അപേക്ഷ ആദ്യം ആർഡിഒ നിഷേധിച്ചു. കലക്ടർക്ക് അപ്പീൽ നൽകിയെങ്കിലും കാലതാമസം വന്നതിനാൽ ഹൈക്കോടതിയെ സമീപിച്ചു. തുടർന്ന് അപേക്ഷ ഉടൻ തീർപ്പാക്കാൻ കോടതി നിർദേശിച്ചു. കലക്ടർ അത് ആർഡിഒയ്‌ക്ക്‌ കൈമാറിയെങ്കിലും വീണ്ടും നിരസിച്ചു. ഭാഗികമായി കൃഷിസ്ഥലമാണെന്നും ഡാറ്റാ ബാങ്കിൽ ഉൾപ്പെട്ടിട്ടുണ്ടെന്നും വില്ലേജ് ഓഫീസറുടെ റിപ്പോർട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് രണ്ടുവട്ടവും അപേക്ഷ നിരസിച്ചത്. തുടർന്ന് കിഷോറിന്റെ ഭാര്യ സുജയ ഹൈക്കോടതിയിൽ പുതിയ ഹർജി നൽകി. ഭൂമി ഡാറ്റാ ബാങ്കിൽപ്പെട്ടതല്ലെന്ന വില്ലേജ് ഓഫീസറുടെ രേഖയും തൊട്ടടുത്ത സ്ഥലം തരംമാറ്റി നൽകിയ രേഖയുമടക്കം ഹാജരാക്കിയാണ് അനുകൂല ഉത്തരവ് നേടിയത്.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home