കുന്നംകുളത്ത് അതിഥിത്തൊഴിലാളിയുടെ മരണം കൊലപാതകം; ഭാര്യയും ആൺ സുഹൃത്തും കസ്റ്റഡിയിൽ

തൃശൂർ: കുന്നംകുളം മരത്തംകോട് വാടക ക്വാർട്ടേഴ്‌സിൽ അതിഥിത്തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് സ്ഥിരീകരിച്ചു. ബിഹാർ സ്വദേശി മുഹമ്മദ് മുംതാബ് മിയാൻ (41) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഇയാളുടെ ഭാര്യ റോഷൻ കാത്തൂണിനെയും ആൺ സുഹൃത്ത് ഹസന്നാനെയും പൊലീസ് കസ്റ്റഡിയിലെടുത്തു.
മരത്തംകോട് പുതിയമാത്തൂർ ചിറപുറത്തെ വാടക ക്വാർട്ടേഴ്‌സിൽ കഴിഞ്ഞ ദിവസം രാവിലെ 7.30 ഓടെയാണ് മുഹമ്മദ് മുംതാബിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഹൃദയാഘാതത്തെ തുടർന്നുള്ള സ്വാഭാവിക മരണമാണെന്നായിരുന്നു പ്രാഥമിക നിഗമനം. എന്നാൽ മൃതദേഹത്തിന്റെ കഴുത്തിൽ അടയാളങ്ങൾ കണ്ടതോടെ പൊലീസിന് സംശയം തോന്നി.
പോസ്റ്റ്‌മോർട്ടം പരിശോധനയിൽ കഴുത്ത് ഞെരിച്ചും മുഖവും വായയും പൊത്തിപ്പിടിച്ചും ശ്വാസംമുട്ടിച്ചാണ് കൊലപ്പെടുത്തിയതെന്ന് കണ്ടെത്തി. ഇതോടെ കുന്നംകുളം പൊലീസ് അന്വേഷണം ഊർജിതമാക്കുകയും ഭാര്യയെയും ഇവരുടെ സുഹൃത്തിനെയും കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. ഇരുവരെയും വിശദമായി ചോദ്യം ചെയ്തുവരികയാണ്.
ഭാര്യയും ആൺ സുഹൃത്തും ചേർന്ന് കൊലപ്പെടുത്തിയെന്ന് പൊലീസ്
കെട്ടിടനിർമാണ തൊഴിലാളിയായിരുന്ന മുഹമ്മദ് മുംതാബും കുടുംബവും എട്ട് വർഷം മുമ്പാണ് ബിഹാറിൽനിന്ന് ജോലി തേടി തൃശൂരിലെത്തിയത്. മദ്യപാനത്തെച്ചൊല്ലി വീട്ടിൽ പതിവായി വഴക്കുണ്ടാകാറുണ്ടായിരുന്നുവെന്നാണ് വിവരം.
ഇതിനിടെ റോഷൻ കാത്തൂൺ ബിഹാർ സ്വദേശിയായ ഹസന്നാനുമായി അടുപ്പത്തിലായി. ഇരുവരും ചേർന്ന് കൊലപാതകം ആസൂത്രണം ചെയ്ത് നടപ്പാക്കിയെന്നാണ് പൊലീസിന്റെ പ്രാഥമിക കണ്ടെത്തൽ.
കുന്നംകുളം എസിപി ഷാജു കെ. എബ്രഹാം, സിഐ അനിൽകുമാർ ടി. മേപ്പുള്ളി, എസ്ഐ രോഹിത് എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. ഡോഗ് സ്ക്വാഡും ഫോറൻസിക് വിഭാഗവും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു.









0 comments