സിയാദിന്റെ കസ്റ്റഡി മരണം കേന്ദ്രഏജൻസി അന്വേഷിക്കണം: സർക്കാർ കേസ് അട്ടിമറിക്കുന്നു: എം വി ഗോവിന്ദൻ

കൊല്ലം: പൊലീസിന്റെ ക്രൂരമർദനത്തിന് ഇരയായി കുണ്ടറയിലെ സിയാദ് മരിച്ച കേസ് കേന്ദ്ര ഏജൻസി അന്വേഷിക്കണമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. സംസ്ഥാന പൊലീസോ ക്രൈംബ്രാഞ്ചോ അന്വേഷിച്ചാൽ കേസിൽ നീതി ലഭിക്കില്ലെന്ന് ഉറപ്പായ സാഹചര്യത്തിലാണ് കേന്ദ്ര ഏജൻസി അന്വേഷണമെന്ന ആവശ്യം ഉന്നയിക്കുന്നത്.
വിശദമായ അന്വേഷണം നടക്കുന്നതിന് മുൻപേ സിയാദ് മരിച്ചത് മഞ്ഞപ്പിത്തം കൊണ്ടാണ് എന്ന് മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും പ്രസ്താവിച്ചത് കുറ്റക്കാരായ പൊലീസുകാരെ സംരക്ഷിക്കാനാണെന്നും എം വി ഗോവിന്ദൻ പറഞ്ഞു. കൊട്ടാരക്കരയിൽ റൂറൽ എസ് പി ഓഫീസിലേക്ക് സിപിഐ എം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും ചേർന്ന് കേസ് അട്ടിമറിക്കാൻ ശ്രമിക്കുന്ന പശ്ചാത്തലത്തിൽ സംസ്ഥാന പൊലീസിന്റെ അന്വേഷണം പ്രഹസനമാകും. യുഡിഎഫ് അധികാരത്തിൽ വന്ന ശേഷം പൊലീസിന്റെ നിഷ്പക്ഷത പൂർണ്ണമായും നഷ്ടപ്പെട്ടു. കുണ്ടറയിലെയും കൂടലിലെയും ക്രൂര സംഭവങ്ങൾ സംസ്ഥാനത്ത് നിരപരാധികളായ മനുഷ്യർക്ക് നേരെ പൊലീസ് അഴിച്ചുവിടുന്ന ക്രൂരതകൾക്ക് ഉദാഹരണമാണെന്നും അദ്ദേഹം പറഞ്ഞു.










0 comments