കുംഭമേള വൈറൽ താരത്തിന്റെ വിവാഹം
print edition മധ്യപ്രദേശ് പൊലീസ് കേരളത്തിൽ; പൊലീസ് സംരക്ഷണം തേടി താരം

ഫർമാൻ ഖാൻ (ഇടത്) കുംഭമേള താരം (വലത്)
കൊച്ചി: കുംഭമേള വൈറല്‍ താരത്തിന്റെ വിവാഹവുമായി ബന്ധപ്പെട്ട അന്വേഷണത്തിനായി മധ്യപ്രദേശ് പൊലീസ് കേരളത്തിൽ. താരത്തെ വിവാഹം ചെയ്‌ത ഫർമാൻ ഖാനെതിരെ മധ്യപ്രദേശ് പൊലീസ് തട്ടിക്കൊണ്ടുപോകലിന് കേസ് രജിസ്‌റ്റർ ചെയ്‌തിരുന്നു. ഇതിന്റെ ഭാഗമായാണ് സിഐ, എസ്‌ഐ, രണ്ട് സിപിഒമാർ എന്നിവരടങ്ങുന്ന അന്വേഷകസംഘം എത്തിയതെന്ന് കൊച്ചി സിറ്റി പൊലീസ് കമീഷണർ കാളിരാജ് മഹേഷ്‌കുമാർ പറഞ്ഞു.
ഫർമാൻ ഖാന്റെ മുൻകൂർ ജാമ്യഹർജി ഹൈക്കോടതി പരിഗണനയിലാണ്. വിവാഹവുമായി ബന്ധപ്പെട്ട കേസിൽ മെയ് 20 വരെ ഫർമാൻ ഖാന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞിട്ടുമുണ്ട്. ഇക്കാര്യം സിറ്റി പൊലീസ് കമീഷണർ മധ്യപ്രദേശ് പൊലീസിനെ അറിയിച്ചു. താരത്തിന്റെ വിവാഹം നടത്താൻ സഹായിച്ചതായി കരുതുന്നയാളുടെ മൊഴി മധ്യപ്രദേശ് പൊലീസ് ഫോണിലൂടെ രേഖപ്പെടുത്തിയതായാണ് സൂചന. മധ്യപ്രദേശ് പൊലീസ് പെണ്‍കുട്ടിയുടെയും ഭര്‍ത്താവിന്റെയും മൊഴിയെടുക്കാനുള്ള നീക്കത്തിലാണെന്നും സൂചനയുണ്ട്.
അതേസമയം, യുവതി പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും കൊച്ചി സിറ്റി പൊലീസ് കമീഷണർക്കും ഇ – മെയിലിൽ പരാതി നൽകി. പതിനെട്ട് വയസ്സ് പൂർത്തിയായെന്നും 2008 ജനുവരി ഒന്നിനാണ് ജനിച്ചതെന്നും തെളിയിക്കുന്ന ആധാർ കാർഡിന്റെയും പാൻകാർഡിന്റെയും പകർപ്പുകൾ സഹിതമാണ് പരാതി. സ്വന്തം ഇഷ്ടപ്രകാരമാണ് കേരളത്തിൽ താമസിക്കാൻ തീരുമാനിച്ചതെന്നും പ്രായപൂർത്തിയായ വ്യക്തിയെന്ന നിലയിൽ പങ്കാളിയെ തെരഞ്ഞെടുക്കാനുള്ള അവകാശം തനിക്കുണ്ടെന്നും പരാതിയിൽ പറയുന്നു. ഫർമാൻ ഖാന്റെ അറസ്റ്റ് തടഞ്ഞുള്ള ഹൈക്കോടതി ഉത്തരവിന്റെ പകർപ്പും പരാതിക്കൊപ്പം സമർപ്പിച്ചിട്ടുണ്ട്.










0 comments