ad
Deshabhimani

print edition ക്ഷയരോഗത്തിനെതിരെ കുടുംബശ്രീയും; ബോധവൽക്കരണം ഓരോ കുടുംബത്തിലേക്കും

Kudumbashree

പ്രതീകാത്മക ചിത്രം

വെബ് ഡെസ്ക്

Published on Aug 14, 2026, 01:13 AM | 1 min read

ആലപ്പുഴ: ക്ഷയരോഗത്തിനെതിരായ പോരാട്ടം കൂടുതൽ ശക്തമാക്കാൻ കുടുംബശ്രീ. ‘ടി ബി മുക്ത കേരളം’ എന്ന ലക്ഷ്യം കൈവരിക്കുന്നതിനായി സംസ്ഥാന ടി ബി സെല്ലിന്റെ നേതൃത്വത്തിലാണ് കുടുംബശ്രീയുമായി ചേർന്ന് വിപുലമായ ബോധവൽക്കരണം. കുടുംബശ്രീയുടെ ഫുഡ്, ന്യൂട്രീഷൻ, ഹെൽത്ത്, വാഷ്-സാനിട്ടേഷൻ (എഫ്എൻഎച്ച്ഡബ്ല്യു.) പദ്ധതിയുടെ ഭാഗമായാണിത്. സംസ്ഥാനത്തുടനീളമുള്ള കുടുംബശ്രീ സംവിധാനത്തെ പ്രയോജനപ്പെടുത്തി രോഗത്തെക്കുറിച്ചുള്ള അവബോധം താഴെത്തട്ടിൽ എത്തിക്കും.


കാമ്പയിന്റെ ഭാഗമായി ജില്ലാ, ബ്ലോക്ക് തലങ്ങളിൽ ആരോഗ്യ വകുപ്പുമായി സംയോജിച്ച് ആസൂത്രണ- ഏകോപന യോഗങ്ങളും വിവിധ പ്രവർത്തനങ്ങളും സംഘടിപ്പിക്കും. സിഡിഎസ്, എഡിഎസ്, അയൽക്കൂട്ട തലങ്ങളിലും അവബോധ ക്ലാസുകൾ നടത്തും. ആലപ്പുഴ ജില്ലയിലെ സിഡിഎസ് ചെയർപേഴ്സൺമാർക്കും ഉദ്യോഗസ്ഥർക്കുമുള്ള പരിശീലനം പുർത്തിയായി.


ഇവരിലൂടെ സിഡിഎസ് അംഗങ്ങളിലേക്കും തുടർന്ന് അയൽക്കൂട്ടങ്ങളിലേക്കും അവിടെനിന്ന് ഓരോ കുടുംബങ്ങളിലേക്കും ബോധവത്കരണ സന്ദേശം എത്തിക്കും. ക്ഷയരോഗത്തിന്റെ പ്രധാന ലക്ഷണങ്ങൾ, രോഗവ്യാപനത്തിന് കാരണമാകുന്ന സാഹചര്യങ്ങൾ, രോഗനിർണയത്തിനുള്ള പരിശോധനകൾ, ലഭ്യമായ ചികിത്സാ സംവിധാനങ്ങൾ, പോഷകാഹാരത്തിന്റെ പ്രാധാന്യം എന്നിവയെക്കുറിച്ചാണ് ബോധവത്ക്കരിക്കുന്നത്.


​ക്ഷയരോഗത്തെക്കുറിച്ച് സമൂഹത്തിൽ നിലനിൽക്കുന്ന തെറ്റിദ്ധാരണകളും ഭീതിയും മാറ്റിയെടുക്കുകയാണ് പ്രധാന ലക്ഷ്യം. പ്രാദേശിക തലത്തിൽ ആരോഗ്യ വകുപ്പ് സംഘടിപ്പിക്കുന്ന ടി ബി സ്ക്രീനിങ് ക്യാമ്പുകളിൽ അംഗങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കും. ജില്ല മിഷൻ ജീവനക്കാർ, ബ്ലോക്ക് കോ–-ഓർഡിനേറ്റർമാർ, സാന്ത്വന വളന്റിയർമാർ, കെ 4 കെയർ വളന്റിയർമാർ, ഹരിതകർമസേന അംഗങ്ങൾ, സാമൂഹിക വികസന ഉപസമിതി കൺവീനർമാർ എന്നിവർക്ക് പ്രത്യേക അവബോധ പരിശീലനങ്ങളും നൽകും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home