ad
Deshabhimani

കെ-ടെറ്റ്; ഉയർന്ന യോ​ഗ്യതയുള്ള അധ്യാപകർക്ക് ആശ്വാസവുമായി സ‌ർക്കാർ

v sivankutty
വെബ് ഡെസ്ക്

Published on Mar 02, 2026, 12:18 PM | 1 min read

തിരുവനന്തപുരം : സംസ്ഥാനത്തെ ദിവസവേതന അധ്യാപകർക്ക് ആശ്വാസവുമായി സ‍ർക്കാർ. കെ-ടെറ്റിന് സമാനമായി ഉയർന്ന യോഗ്യതകളുള്ള അധ്യാപകർക്ക് കുടിശ്ശികയുള്ള ദിവസവേതനം നൽകാൻ തീരുമാനമായി. അധ്യാപകരുടെ കെ-ടെറ്റ് യോഗ്യതയുമായി നിലനിന്നിരുന്ന ആശങ്കകളിൽ വ്യക്തത വരുത്തിയാണ് പൊതുവിദ്യാഭ്യാസ വകുപ്പ് പുതിയ ഉത്തരവ് പുറപ്പെടുവിച്ചത്. സുപ്രീംകോടതിയുടെ 2025 സെപ്തംബർ ഒന്നിലെ വിധിന്യായത്തിന്റെ പശ്ചാത്തലത്തിലാണ് പുതിയ പരിഷ്കാരങ്ങൾ നടപ്പിലാക്കുന്നതെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി വാ‍ർത്താ സമ്മേളനത്തിൽ അറിയിച്ചു.


പി.എച്ച്.ഡി, എം.ഫിൽ, നെറ്റ്, സെറ്റ്, എം.എഡ് എന്നീ യോ​ഗ്യതയുള്ള അധ്യാപകർക്ക് ഇനി മുതൽ വേതനം ഉറപ്പാക്കും. കെ-ടെറ്റ് യോഗ്യതയില്ല എന്ന കാരണത്താൽ 2025 ഒക്‌ടോബർ 31 വരെയുള്ള കാലയളവിൽ തടഞ്ഞുവെച്ച വേതനമാണ് നൽകുക. ഈ കാര്യത്തിൽ ഓരോ കേസും പ്രത്യേകം പരിശോധിച്ച് തീരുമാനമെടുക്കുന്നതിന് അനുമതി നൽകിയിട്ടുണ്ട്.


അധ്യാപകരുടെ യോഗ്യതാ മാനദണ്ഡങ്ങളിലും ഇളവ് പ്രഖ്യാപിച്ചു. കെ-ടെറ്റ് കാറ്റഗറി III വിജയിച്ച അധ്യാപകരെ കെ-ടെറ്റ് കാറ്റഗറി II നേടുന്നതിൽ നിന്നും ഒഴിവാക്കി. ഇത് സംബന്ധിച്ച 2018 മാർച്ച് 9ലെ സർക്കുലർ വ്യവസ്ഥകൾ തുടർന്നും നിലനിൽക്കുന്നതാണ്. നിലവിലെ നിർദ്ദേശങ്ങൾ സുപ്രീംകോടതിയിൽ സർക്കാർ സമർപ്പിച്ചിട്ടുള്ള റിവ്യൂ പെറ്റീഷനിലെ അന്തിമ തീരുമാനത്തിന് വിധേയമായിരിക്കും.


അധ്യാപകരുടെ സേവന വേതന വ്യവസ്ഥകൾ മെച്ചപ്പെടുത്തുന്നതിനും നിയമപരമായ തടസ്സങ്ങൾ നീക്കി അർഹമായ ആനുകൂല്യങ്ങൾ ലഭ്യമാക്കുന്നതിനും സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും മന്ത്രി വ്യക്തമാക്കി.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home