മേപ്പുരയില്ലാത്തവന് എന്ത് തീപ്പൊരി? അതാള് വേറെയാണ്; കെ ടി ജലീൽ

തിരുവനന്തപുരം: എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് റെയ്ഡിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയന് പിന്തുണയുമായി കെ ടി ജലീൽ. സാമൂഹിക മാധ്യമത്തിൽ പങ്കുവെച്ച പോസ്റ്റിലൂടെയാണ് അദ്ദേഹം പിണറായിക്ക് പിന്തുണ അറിയിച്ചത്. കേരള നിയമസഭയിൽ തൻ്റെ ഇരു കരങ്ങളും ഉയർത്തിപ്പിടിച്ച് "ഈ കൈകൾ ശുദ്ധമാണ്, ആരെയും ഭയപ്പെടേണ്ടതില്ലെന്ന്"യാതൊരു സങ്കോചവുമില്ലാതെ പ്രഖ്യാപിച്ച പിണറായി വിജയൻ്റെ ദേഹത്ത് സ്പർശിക്കാൻ കേന്ദ്ര-കേരള സർക്കാരുകളുടെ സംവിധാനങ്ങൾ അടപടലം ഇറങ്ങി വന്നാലും നടക്കില്ല. അതാള് വേറെയാണ്. പിണറായി അരുതാത്തതൊന്നും ചെയ്യില്ലെന്ന് അദ്ദേഹത്തെ അടുത്ത് മനസ്സിലാക്കിയവർക്കെല്ലാം ഉറപ്പാണെന്നും ജലീൽ ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
മേപ്പുരയില്ലാത്തവന് എന്ത് തീപ്പൊരി?
കേരള നിയമസഭയിൽ തൻ്റെ ഇരു കരങ്ങളും ഉയർത്തിപ്പിടിച്ച് "ഈ കൈകൾ ശുദ്ധമാണ്, ആരെയും ഭയപ്പെടേണ്ടതില്ലെന്ന്"യാതൊരു സങ്കോചവുമില്ലാതെ പ്രഖ്യാപിച്ച പിണറായി വിജയൻ്റെ ദേഹത്ത് സ്പർശിക്കാൻ കേന്ദ്ര-കേരള സർക്കാരുകളുടെ സംവിധാനങ്ങൾ അടപടലം ഇറങ്ങി വന്നാലും നടക്കില്ല. അതാള് വേറെയാണ്.
കള്ളക്കേസുകളും ജയിലുകളും മർദ്ദനങ്ങളും എത്ര നേരിട്ട മനുഷ്യനാണ് പിണറായി വിജയൻ. വലതുപക്ഷ പാർട്ടികളും മാധ്യമങ്ങളും മുഴുവൻ തൻ്റെ ഒരു റാത്തൽ ഇറച്ചിക്കായി പേ പിടിച്ച് ഓടി നടന്നിട്ടും ആ മനുഷ്യനെ ആർക്കും ഒരു ചുക്കും ചെയ്യാനായില്ല.
മോദിയുടെ രാഷ്ട്രീയ ദർശനത്തെ നഖശിഖാന്തം എതിർത്ത പിണറായി, തൻ്റെ സർക്കാരിനെ വലിച്ച് താഴെയിടുമെന്ന് കേരളത്തിൽ വന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി പ്രസംഗിച്ചപ്പോൾ "അതിന് ആ തടി പോരെന്ന്" തിരിച്ചടിച്ച് പോരാട്ട വീര്യം തെളിയിച്ച ധീരനാണ്.
പിണറായി അരുതാത്തതൊന്നും ചെയ്യില്ലെന്ന് അദ്ദേഹത്തെ അടുത്ത് മനസ്സിലാക്കിയവർക്കെല്ലാം ഉറപ്പാണ്. സഖാവെ, കൂടെയുണ്ട്, ഏതറ്റം വരെയും










0 comments