കോളേജ് പ്രിൻസിപ്പലിന് യൂണിവേഴ്‌സിറ്റി യൂണിയന്റെ കത്ത്
print edition കെഎസ്‌യുക്കാർക്ക് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഹാജർ നൽകണം

കെഎസ്‌യുക്കാർക്ക് തെരഞ്ഞൈടുപ്പിൽ മൽസരിക്കാനാവശ്യമായ ഹാജർ നൽകണമെന്നാവശ്യപ്പെട്ട് യൂണിവേഴ്‌സിറ്റി യൂണിയൻ ലെറ്റർ ഹെഡിൽ പഴഞ്ഞി എംഡി കോളേജ് പ്രിൻസിപ്പാളിന് അയച്ച കത്ത്
കെ എൻ സനിൽ
Published on Oct 03, 2026, 01:31 AM | 1 min read
തൃശൂർ : അധ്യയന ദിവസങ്ങളിൽ കോളേജിൽ വരാത്ത കെഎസ്‌യു നേതാക്കൾക്ക് കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ആവശ്യമായ ഹാജർ നൽകാനാവശ്യപ്പെട്ട് പ്രിൻസിപ്പലിന് കലിക്കറ്റ് സർവകലാശാലാ യൂണിയന്റെ കത്ത്. കുന്നംകുളം പഴഞ്ഞി എംഡി കോളേജ് പ്രിൻസിപ്പലിനാണ് യൂണിയന്റെ 2024–25 വർഷത്തെ ലെറ്റർ ഹെഡിൽ കെഎസ്‌യു നേതാക്കൾ കത്തയച്ചത്.
തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന എല്ലാ കെഎസ്‌യുക്കാർക്കും ഹാജർ ഉയർത്തിക്കൊടുക്കണമെന്നാണ് ആവശ്യം. സർവകലാശാല യൂണിയൻ സംഘടിപ്പിക്കുന്ന പരിപാടികളിൽ പങ്കാളികളാവുകയോ വളന്റിയർമാരായി പ്രവർത്തിക്കുകയോ ചെയ്യുന്നവർക്കാണ് ആ ദിവസങ്ങളിലെ ഹാജർ ലഭിക്കാൻ അർഹത. ഇതിന് സാക്ഷ്യപത്രം നൽകേണ്ടത് സർവകലാശാല യൂണിയൻതന്നെയാണ്. പക്ഷേ, അതിന് മാനദണ്ഡങ്ങളുണ്ട്. ആർക്കാണ് ഹാജർ നൽകേണ്ടത്, എത്രദിവസത്തേക്കാണ് നൽകേണ്ടത് എന്നെല്ലാം വ്യക്തമായി രേഖപ്പെടുത്തണം. അതിനുപകരം തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നവർക്ക് അതിനാവശ്യമായ ഹാജർ നൽകണമെന്നാണ് 2024–25ലെ ചെയർപേഴ്‌സൺ പി കെ ഷിഫാനയുടെയും ജനറൽ സെക്രട്ടറി വി സുഫിയാന്റെയും പേരിലുള്ള കത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്.
സർവകലാശാല യൂണിയൻ സംഘടിപ്പിക്കുന്ന കലോത്സവങ്ങൾ, കായികമേളകൾ, ചിലച്ചിത്രമേളകൾ, സാഹിത്യ ക്യാന്പുകൾ, സഹവാസക്യാന്പുകൾ, പഠനോത്സവങ്ങൾ തുടങ്ങിയവയിലെ പങ്കാളികൾക്കും വളന്റിയർമാർക്കുമാണ് സാധാരണ ഇത്തരത്തിൽ ഹാജർ ലഭിക്കുന്നതിനുള്ള സാക്ഷ്യപത്രം നൽകുക. പതിവായി ക്ലാസിൽ കയറാത്ത കെഎസ്‌യു നേതാക്കൾക്ക് കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് പ്രിൻസിപ്പൽമാരിൽ സമ്മർദം ചെലുത്തുന്നതിന്റെ ഭാഗമാണ് ഇൗ കത്ത്.
പഴഞ്ഞി എംഡി കോളേജിനുപുറമെ ഒറ്റപ്പാലം എൻഎസ്‌എസ് കോളേജ്, കോഴിക്കോട് ഗുരുവായൂരപ്പൻ കോളേജ് എന്നിവിടങ്ങളിലേക്കും ഇത്തരത്തിൽ കത്തയച്ചിട്ടുണ്ട്. അതേസമയം, പരീക്ഷയെഴുതാനുള്ള ഹാജർ ഇളവ് വിദ്യാർഥി യൂണിയൻ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് ബാധകമല്ലെന്ന് കലിക്കറ്റ് സർവകലാശാല സ്‌റ്റുഡന്റ്‌സ് വെൽഫെയർ ഡിപ്പാർട്ട്‌മെന്റിന്റെ അറിയിപ്പിൽ പറഞ്ഞു.








0 comments