print edition യുവതിയുടെ പരാതിയിൽ കേസ്; കെഎസ്‌യു ജില്ലാ പ്രസിഡന്റ് വിവാഹവാഗ്ദാനം ചെയ്‌ത് പണം തട്ടി

എം സി അതുൽ
കണ്ണൂർ: കെഎസ്‌യു കണ്ണൂർ ജില്ലാ പ്രസിഡന്റ് എം സി അതുൽ വിവാഹവാഗ്ദാനം ചെയ്‌ത് പണം തട്ടിയെടുത്തെന്ന കേസിൽ പൊലീസ് അന്വേഷണം തുടങ്ങി. അതുലിനെതിരെ മുൻ കെഎസ്‌യു പ്രവർത്തകയായ പേരാവൂർ സ്വദേശിനി സിറ്റി പൊലീസ് കമീഷണർക്ക് നൽകിയ പരാതിയിലാണ് കേസെടുത്തത്. കണ്ണൂർ വനിതാ പൊലീസ് എസ്‌ഐക്കാണ് അന്വേഷണച്ചുമതല. മന്ത്രി വീണാ ജോർജിനെ കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയാണ് അതുൽ.
അതുലുമായി പ്രണയത്തിലായിരുന്നുവെന്നും വിവാഹവാഗ്ദാനംചെയ്‌ത് പല ഘട്ടങ്ങളിലായി ഒന്നര ലക്ഷത്തോളം രൂപ കൈപ്പറ്റിയതായും പരാതിയിൽ പറയുന്നു. അതുലിന് മറ്റ് ബന്ധങ്ങൾ ഉണ്ടെന്നറിഞ്ഞാണ് പ്രണയത്തിൽനിന്ന് പിന്മാറിയത്. പണം തിരിച്ചുനൽകാൻ ആവശ്യപ്പെട്ടപ്പോൾ ഭീഷണിപ്പെടുത്തി.
പരാതിപ്പെടാൻ ശ്രമിച്ചപ്പോഴൊക്കെ രാഷ്ട്രീയസ്വാധീനം ഉപയോഗിച്ച് പിന്തിരിപ്പിക്കാൻ ശ്രമിച്ചു.കെഎസ്‌യു മുൻ ജില്ലാ പ്രസിഡന്റ് ഫർഹാൻ മുണ്ടേരി ഉൾപ്പെടെയുള്ളവർ അതുലിനുവേണ്ടി ഇടപെട്ടു. താൻ വിഷാദരോഗത്തിന് ചികിത്സയിലാണെന്നും യുവതിയുടെ പരാതിയിലുണ്ട്.










0 comments