കെഎസ്‌ആർടിസി ബിസിനസ് ക്ലാസ് ബസുകൾ പരിഗണനയിൽ: മന്ത്രി ഗണേഷ്‌കുമാർ

കായംകുളം: 20 കോടിയോളം ചെലവഴിച്ച് തിരുവനന്തപുരത്തുനിന്ന് എറണാകുളത്തേക്ക് ബിസിനസ് ക്ലാസ് ബസുകളടക്കം കെഎസ്‌ആർടിസി വാങ്ങുമെന്ന് മന്ത്രി കെ ബി ഗണേഷ്‌കുമാർ. കായംകുളം കെഎസ്ആർടിസി ബസ് ടെർമിനലിന്റെ നിർമാണോദ്ഘാടനം നടത്തി സംസാരിക്കുകയായിരുന്നു മന്ത്രി. ബിസിനസ് ക്ലാസ് ബസുകൾക്ക് ഓരോ ജില്ലയിലും ഒരു സ്‌റ്റോപ്പ് മാത്രമേ ഉണ്ടാകൂ. ഡ്രൈവറെ കൂടാതെ ഒരു ഹോസ്‌റ്റസും ആഹാരം നൽകാൻ പാൻട്രി സൗകര്യവും ടോയ്‌ലറ്റ് സംവിധാനവും ഉണ്ടാകും. മിൽമയുടെ ഉൽപ്പന്നങ്ങളും മിതമായ നിലയിൽ നൽകും.
രാജ്യത്തെ എല്ലാ ട്രാൻസ്‌പോർട്ട് കോർപറേഷനുകളെയും പിന്നിലാക്കി കെഎസ്ആർടിസി പ്രവർത്തനലാഭത്തിൽ മുന്നിലെത്തിയെന്നും മന്ത്രി പറഞ്ഞു. കൂട്ടായ പ്രവർത്തനത്തിലൂടെ കെഎസ്ആർടിസി വളർച്ചയുടെ പാതയിലാണ്. അനുദിനം യാത്രക്കാരുടെ എണ്ണവും വർധിച്ചുവരികയാണ്. ടിക്കറ്റ് ഇനത്തിൽ പ്രതിദിനം ഒമ്പതുകോടിയോളം രൂപയുടെ വരുമാനമാണ് നേടുന്നത്. കുറഞ്ഞ നിരക്കിൽ ബസ് സ്‌റ്റേഷനുകളിൽ കുടിവെള്ളം എത്തിക്കാനുള്ള കരാർ ഉണ്ടാക്കിയതായും മന്ത്രി പറഞ്ഞു.










0 comments