വീണ്ടും 10 കോടി ക്ലബ്ബിൽ കെഎസ്ആർടിസി; ദിവസങ്ങൾക്കുള്ളിൽ പുത്തൻ കലക്ഷൻ റെക്കോർഡ്, നേടിയത് 11.71 കോടി രൂപ

തിരുവനന്തപുരം: വീണ്ടും കോടി കിലുക്കത്തിൽ കെഎസ്ആർടിസി. രണ്ടാമത്തെ ഏറ്റവും വലിയ പ്രതിദിന ടിക്കറ്റ് വരുമാന നേട്ടത്തിനാണ് തിങ്കളാഴ്ച സാക്ഷിയായത്. ജനുവരി അഞ്ചിനാണ് ഏറ്റവും മികച്ച പ്രതിദിന വരുമാനമായ 13.01 കോടിയെന്ന നേട്ടം കെഎസ്ആർടിസി സ്വന്തമാക്കിയത്. ഇപ്പോഴിതാ ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ രണ്ടാമത്തെ(ജനുവരി 12) ഉയർന്ന കലക്ഷനായ ₹11.71 കോടിയും നേടി കെഎസ്ആർടിസി കുതിക്കുകയാണ്.
തുടരെ ചരിത്ര നേട്ടം കൈവരിച്ച കെഎസ്ആര്‍ടിസിക്ക് അഭിനന്ദനങ്ങളുമായി മന്ത്രി കെ ബി ഗണേഷ് കുമാറും രംഗത്തെത്തി.
നമ്മൾ നേടുന്ന സ്ഥിരതയാർന്ന ഓരോ നേട്ടങ്ങളും നമ്മുടെ കൂട്ടായ പ്രവർത്തനം കൊണ്ടാണ്. കൂടെനിന്ന്, കൂട്ടായ പ്രവർത്തനങ്ങളിലൂടെ നമ്മൾ നേടിയ ഈ നേട്ടങ്ങൾ നമ്മൾ തുടർന്നുകൊണ്ടേയിരിക്കും... നമ്മൾക്ക് കഴിയും, നിങ്ങൾ കൂടെ നിന്നാൽ മതി..നമ്മൾ എവിടെ നിന്ന് ഒരുമിച്ചു തുടങ്ങിയോ അവിടെനിന്നെല്ലാം ഒരുപാട് ദൂരങ്ങൾ മുന്നോട്ട് സഞ്ചരിച്ചു .. ചേർത്ത് പിടിച്ചവർക്ക്, നിർദ്ദേശങ്ങൾ നൽകിയവർക്ക്, നല്ല വിമർശനങ്ങൾക്ക് ഒരുപാട് നന്ദി.. ടീം കെഎസ്ആര്‍ടിസിക്ക് അഭിനന്ദനങ്ങൾ മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.
മുന്നൊരുക്കങ്ങളും പരിഷ്കരണങ്ങളുമാണ് സ്ഥിരതയാർന്ന പ്രവർത്തനം കാഴ്ച വെക്കാൻ കെഎസ്ആര്‍ടിസിക്ക് സഹായകമായത്. ഇതിന് തെളിവാണ് 2024 ഡിസംബർ മാസത്തിൽ 7.8 കോടി രൂപ ശരാശരി പ്രതിദിന കളക്ഷനിൽ നിന്ന് 2025 ഡിസംബറിൽ 8.34 കോടി രൂപയിലേക്കെത്തിയത്. 2025 ജനുവരി മാസം 7.53 കോടി ശരാശരി പ്രതിദിന വരുമാനം ഉണ്ടായിരുന്നിടത്ത് 2026 ജനുവരിയിൽ ഇതുവരെ 8.86 കോടിയിലേക്ക് ഉയർത്തിക്കൊണ്ട് വരാനുമായി.
പെട്ടെന്നുണ്ടായതോ പ്രത്യേക ദിവസങ്ങളില്‍ ഉണ്ടായതോ ആയ വരുമാന വര്‍ധനയല്ല നിലവില്‍ കെഎസ്ആര്‍ടിസിക്ക് ഉണ്ടായിട്ടുള്ളത് എന്നതാണ് ശ്രദ്ധേയം. യാത്രക്കാരുടെ സൗകര്യങ്ങളും സേവനങ്ങളും മെച്ചപ്പെടുത്തി കൂടുതൽ യാത്രക്കാരെ കെഎസ്ആർടിസിയിലേക്ക് തിരികെയെത്തിക്കാനായത് നേട്ടങ്ങൾ സ്വന്തമാക്കാൻ സഹായിച്ച ഘടകങ്ങളാണ്.
2024 ൽ ശരാശരി 19.84 ലക്ഷം പ്രതിദിന യാത്രക്കാർ ഉണ്ടായിരുന്ന കെഎസ്ആർടിസിയിൽ നിലവിൽ 20.27 ലക്ഷം പ്രതിദിന യാത്രക്കാരാണ് ഉള്ളത്. അതായത് പ്രതിദിനം ശരാശരി 43,000 യാത്രക്കാരുടെ വർദ്ധനവ് നേടാനായി. 1.6 കോടിയാണ് നിലവിലെ കെഎസ്ആർടിസി യാത്രക്കാരുടെ വാർഷിക വർദ്ധനവ്.
മുഖ്യന്ത്രിയുടെ നിർദ്ദേശങ്ങളും ഗതാഗത മന്ത്രിയുടെ കാലോചിതമായ പരിഷ്കരണ നടപടികളും, ജീവനക്കാരുടെയും, സൂപ്പർവൈസർമാരുടെയും, ഓഫീസർമാരുടെയും ഏകോപിതമായ പരിശ്രമത്തിന്റയും ഫലമാണ് തുടർച്ചയായ വരുമാന നേട്ടത്തിന് പിന്നിൽ.
കെഎസ്ആർടിസി മാനേജ്മെന്റിന്റെ നേതൃത്വത്തിൽ നടത്തിയ തുടർ പ്രവർത്തനങ്ങളും ഈ മുന്നേറ്റത്തിൽ നിർണായകമായി. പുതിയ ബസുകളുടെ വരവും, സേവനങ്ങളിൽ കൊണ്ടുവന്ന ഗുണപരമായ മാറ്റങ്ങളും യാത്രക്കാർക്കിടയിൽ കെഎസ്ആർടിസിയെ കൂടുതൽ ജനപ്രിയമാക്കി.
അഭിമാനകരമായ ഈ നേട്ടത്തിനായി പ്രവർത്തിച്ച കെഎസ്ആർടിസി സിഎംഡിയോടും മുഴുവന്‍ ജീവനക്കാരോടും വിശ്വാസ്യത പുലർത്തിയ യാത്രക്കാരോടും മന്ത്രി നന്ദി രേഖപ്പെടുത്തി.










0 comments