Deshabhimani

print edition നികുതിയിളവും വെട്ടി സർക്കാർ; കെഎസ്ആർടിസിക്ക് വീണ്ടും 
5.64 കോടി അധിക ബാധ്യത

KSRTC Ordinary Bus
avatar
എസ് കിരൺബാബു

Published on Oct 01, 2026, 01:30 AM | 1 min read

തിരുവനന്തപുരം : കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന കെഎസ്ആർടിസിക്ക് മേൽ വീണ്ടും അധികഭാരമേൽപ്പിച്ച് സർക്കാർ. കെഎസ്ആർടിസി ബസുകൾക്ക് നൽകിയിരുന്ന മോട്ടോർ വാഹന നികുതിയിളവ് വെട്ടി. മാസം 47 ലക്ഷം രൂപ വച്ച് പ്രതിവർഷം 5.64 കോടി രൂപ കെഎസ്ആർടിസി സർക്കാരിന് അടയ്‌ക്കണം. എൽഡിഎഫ് സർക്കാരിന്റെ കാലത്ത് കെഎസ്ആർടിസിയുടെ സാമ്പത്തിക ബുദ്ധിമുട്ട്‌ കണക്കിലെടുത്താണ്‌ നികുതി പൂർണമായും ഒഴിവാക്കിയത്‌.


സൗജന്യ യാത്രാപദ്ധതി 100 ദിവസം പിന്നിടുമ്പോൾ കെഎസ്ആർടിസി നേരിടുന്നത് കടുത്ത വെല്ലുവിളിയാണ്. ഓർഡിനറി ബസുകളിൽ 68.9 ശതമാനം യാത്രക്കാരും സൗജന്യ യാത്രാക്കാരായതോടെ വരുമാനത്തിൽ വലിയ തോതിലുള്ള ഇടിവാണുണ്ടായത്.


നിലവിലെ സ്ഥിതി തുടർന്നാൽ പദ്ധതി മൂലം കെഎസ്ആർടിസിക്ക് പ്രതിവർഷം 1000 മുതൽ 1200 കോടി രൂപ വരെ അധിക ബാധ്യതയുണ്ടാകും. എന്നാൽ സർക്കാർ ബജറ്റിൽ വകയിരുത്തിയത് 600 കോടി രൂപ മാത്രമാണ്.


നിലവിൽ നഷ്ടപരിഹാരമായി സർക്കാർ അനുവദിക്കുന്ന തുകപോലും നേരിട്ട് നൽകാതെ കെഎഫ്‌സി വഴി വായ്പയായാണ് നൽകുന്നത്. ഈ വായ്പയുടെ പലിശ ബാധ്യതയും കോർപറേഷനാണ് നൽകേണ്ടത്. ഡീസലടിക്കാനും അറ്റകുറ്റപ്പണിക്കും പണമില്ലാത്തതിനാൽ 800-ലധികം ബസുകൾ കട്ടപ്പുറത്താണ്.


3241 ഓർഡിനറി ബസുകൾ നിരത്തിലിറക്കുമെന്ന് പ്രഖ്യാപിച്ച സ്ഥാനത്ത് നിലവിൽ 2663 ബസുകൾ മാത്രമാണ് സർവീസ് നടത്തുന്നത്. 2500 കോടി രൂപയുടെ കടബാധ്യതയുള്ള കെഎസ്ആർടിസി പ്രതിദിനം 1.10 കോടി രൂപയാണ് നിലവിൽ പൊതുമേഖലാ ബാങ്കുകളുടെ കൺസോർഷ്യത്തിൽ അടയ്ക്കുന്നത്. ഇത് കഴിഞ്ഞ ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് വരുത്തിവച്ച ബാധ്യതയാണ്.




Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home