കെഎസ്ആർടിസിയിൽ ഡിഎ പരിഷ്കരണം: രണ്ട് ഗഡുക്കൾ അനുവദിച്ചു; സർക്കാർ 10 കോടി അധികം നൽകും

തിരുവനന്തപുരം: കെഎസ്ആർടിസി ജീവനക്കാർക്കും പെൻഷൻകാർക്കും ആശ്വാസമായി രണ്ട് ഗഡു ഡിഎ (ക്ഷാമബത്ത), ഡിആർ (ക്ഷാമാശ്വാസം) എന്നിവ അനുവദിച്ചു. ജീവനക്കാരുടെ ഡിഎയിലും പെൻഷൻകാരുടെ ഡിആറിലും ഏഴ് ശതമാനം വർദ്ധനവാണ് ഇതോടെ ഉണ്ടാകുന്നത്.
ഇതിനാവശ്യമായ 10 കോടി രൂപ അധിക സഹായമായി കോർപറേഷന് അനുവദിച്ചതായി ധനമന്ത്രി കെഎൻ ബാലഗോപാൽ അറിയിച്ചു. 2022 ജനുവരി മുതൽ സാമ്പത്തിക ആനുകൂല്യം ലഭ്യമാകുന്ന തരത്തിലാണ് കെഎസ്ആർടിസിയിൽ ശമ്പള പരിഷ്കരണം നടപ്പിലാക്കിയത്.
ഇതിന്റെ തുടർച്ചയായാണ് ഇപ്പോൾ രണ്ട് ഗഡുക്കൾ കൂടി അനുവദിക്കാൻ സർക്കാർ തീരുമാനിച്ചത്. കോർപറേഷന്റെ സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും ജീവനക്കാരുടെ ക്ഷേമം മുൻനിർത്തി സർക്കാർ വലിയ പിന്തുണയാണ് നൽകുന്നത്. ഈ സാമ്പത്തിക വർഷം മാത്രം ഇതുവരെ 1,574 കോടി രൂപയാണ് സർക്കാർ സഹായമായി കെഎസ്ആർടിസിക്ക് നൽകിയത്.
ഇതിൽ 1,439 കോടി രൂപ പ്രത്യേക സഹായമായും പുതിയ ബസുകൾ വാങ്ങുന്നതടക്കമുള്ള മൂലധന ചെലവുകൾക്കായി 135 കോടി രൂപയും കൈമാറി. ബജറ്റിൽ വകയിരുത്തിയ 1035 കോടി രൂപയ്ക്ക് പുറമെ 539 കോടി രൂപ അധിക സഹായമായും നൽകി. ഇടതുപക്ഷ സർക്കാർ അധികാരത്തിൽ വന്ന ശേഷം ഇതുവരെ ആകെ 9,015 കോടി രൂപയാണ് കെഎസ്ആർടിസിയുടെ നിലനിൽപ്പിനും വികസനത്തിനുമായി അനുവദിച്ചത്.









0 comments