print edition കെഎസ്ആർടിസി കൊറിയറും നിലച്ചു

തിരുവനന്തപുരം: ടിക്കറ്റിതര വരുമാനത്തിൽ കെഎസ്ആർടിസിയുടെ നട്ടെല്ലായിരുന്ന കൊറിയർ സംവിധാനവും നിലച്ചു. എൽഡിഎഫ് സർക്കാരിന്റെ കാലത്ത് സംസ്ഥാനത്തെ 48 ഡിപ്പോകളിൽനിന്ന് അഞ്ച് കോടിയിലേറെ ലാഭം ലഭിച്ചിരുന്ന പദ്ധതിയാണിത്.
കൊറിയർ സർവീസ് നടത്തിയിരുന്ന ആന്ധ്രപ്രദേശ് ആസ്ഥാനമായ സ്വകാര്യ കമ്പനി സിംഘു സൊല്യൂഷൻസുമായുള്ള കരാർ റദ്ദാക്കി. കെഎസ്ആർടിസിയിലേക്ക് അടയ്‌ക്കേണ്ട തുക അടയ്‌ക്കാത്തതും കൃത്യസമയത്ത് കൊറിയറുകൾ ലഭിക്കാത്തതുമാണ് കരാർ റദ്ദാക്കാൻ കാരണമെന്നാണ് അധികൃതർ പറയുന്നത്.
യുഡിഎഫ് സർക്കാരിന്റെ അനാസ്ഥയാണ് പദ്ധതി അവതാളത്തിലാകാൻ കാരണമെന്ന് ജീവനക്കാർ പറയുന്നു. ചുരുങ്ങിയ സമയത്തിനകത്ത് കേരളത്തിൽ എവിടെയും കൊറിയർ എത്തിക്കാനുള്ള നെറ്റ്‌വർക്കായിരുന്നു ഇത്. ഡോർ ഡു ഡോർ സംവിധാനം ഏർപ്പെടുത്തുന്നതിന്റെ ഭാഗമായാണ് സ്വകാര്യ കന്പനിയെ പദ്ധതിയിൽ പങ്കാളിയാക്കിയത്.
ഡിപ്പോകളിൽ കൊറിയർ സർവീസിനായി ഫ്രണ്ട് ഓഫീസുകളടക്കം തുറന്നിരുന്നു. 2023 ജൂണിൽ രണ്ടാം എൽഡിഎഫ് സർക്കാരാണ് ടിക്കറ്റിതര വരുമാനം വർധിപ്പിക്കുന്നതിനായി കുറഞ്ഞ നിരക്കിൽ കൊറിയർ അവതരിപ്പിച്ചത്.
16 മണിക്കൂറിൽ കേരളത്തിലെവിടെയും സുരക്ഷിതമായി സാധനങ്ങൾ എത്തിക്കാമെന്നതും മറ്റ് കൊറിയർ കമ്പനികളേക്കാൾ 30 ശതമാനം നിരക്ക് കുറവ് എന്നതും പ്രധാന ആകർഷണമായിരുന്നു. പ്രവർത്തനം ആരംഭിച്ച് പത്തുമാസംകൊണ്ട് കെഎസ്ആർടിസിക്ക് മൂന്ന് കോടിയിലധികം രൂപയുടെ വരുമാനം ലഭിച്ചിരുന്നു.









0 comments