print edition കെഎസ്ആർടിസി സൗജന്യ യാത്ര: ഓർഡിനറി ബസുകൾ ഫാസ്റ്റാക്കാൻ നീക്കം

എസ് സുധീഷ്
Published on Jun 11, 2026, 12:01 AM | 1 min read
ചിറ്റൂർ: കെഎസ്‌ആർടിസി ഓർഡിനറി ബസുകളുടെ ഗ്രേഡ് മാറ്റാൻ നീക്കം. യുഡിഎഫ് സർക്കാർ ഓർഡിനറി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യയാത്രയ്‌ക്കുള്ള ഉത്തരവിറക്കിയതിന് പിന്നാലെയാണ് ബസുകളുടെ ഗ്രേഡ് മാറ്റി ടൗൺ ടു ടൗൺ, സൂപ്പർഫാസ്റ്റ്, ഫാസ്റ്റ് പാസഞ്ചർ എന്നിങ്ങനെ മാറ്റാനുള്ള നീക്കം.
ഗ്രേഡ് മാറ്റിയാൽ സൗജന്യയാത്ര ഒഴിവാകും. ചിറ്റൂർ ഡിപ്പോയിൽനിന്ന് 33 സർവീസാണുള്ളത്. ഇതിൽ പൊള്ളാച്ചി, കോയമ്പത്തൂർ ഭാഗത്തേക്ക് സർവീസ് നടത്തുന്ന 13 ബസുകളിൽ 11 എണ്ണം ഓർഡിനറിയാണ്. യാത്രക്കാർ കൂടുതലുള്ള സർവീസുകളായതിനാൽ നല്ല കലക്ഷൻ കിട്ടുന്നവയാണിത്.
ഈ റൂട്ടിൽ സ്ത്രീകൾക്ക് സൗജന്യയാത്ര അനുവദിച്ചാൽ കെഎസ്ആർടിസി വലിയ നഷ്ടത്തിലാകുമെന്ന് കണ്ടാണ് ഗ്രേഡ് മാറ്റാൻ നീക്കം. ഗ്രേഡ് മാറ്റിയാൽ ചിറ്റൂർ ഡിപ്പോയിൽനിന്ന് ഓർഡിനറിയായി സർവീസ് നടത്തുന്നത് ഒരു ബസ് മാത്രമാകും. അതും ഭാഗികമായി മാത്രം. ചിറ്റൂരിൽ മാത്രമല്ല ജില്ലയിലെ മറ്റ് ഡിപ്പോകളിലും ഇൗ നീക്കം തുടങ്ങിയതായാണ് വിവരം.










0 comments