“അച്ഛന്റെ സാന്നിധ്യമാണ് വേണ്ടത്”; കെഎസ്എഫ്ഇ മാനേജരുടെ ട്രാൻസ്ഫർ, മകളുടെ വൈകാരിക കുറിപ്പ് വൈറലാകുന്നു

തിരുവനന്തപുരം: “ഞാൻ ഒരു ജീവനക്കാരന്റെ സൗകര്യം ചോദിക്കുന്നില്ല. എന്റെ ആരോഗ്യത്തിനും പഠനത്തിനും സുരക്ഷയ്ക്കും ആവശ്യമായ എന്റെ അച്ഛന്റെ സാന്നിധ്യമാണ് ഞാൻ ചോദിക്കുന്നത്.” കെ എസ് എഫ് ഇ ജീവനക്കാരന്റെ 18 വയസുകാരിയായ മകൾ പങ്കുവെച്ച ഈ വൈകാരിക കുറിപ്പാണ് ട്രാൻസ്ഫർ വിവാദത്തിൽ സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നത്.
രണ്ട് പെൺമക്കളുള്ള കുടുംബത്തിലെ മൂത്ത മകൾക്ക് ഗുരുതരമായ ഗ്ലൂട്ടൻ അലർജിയും പ്രത്യേക പരിചരണം ആവശ്യമായ ആരോഗ്യസ്ഥിതിയുമുണ്ട്. അനുജത്തി പത്താം ക്ലാസിലാണ്. അമ്മ കണ്ണൂർ ജില്ലയിൽ അധ്യാപികയും കുടുംബസാഹചര്യത്തെ തുടർന്ന് ഹാഫ് പേ ലീവിലുമാണ്. എറണാകുളം ജില്ലയിലെ ഞാറയ്ക്കൽ സ്വദേശിയായ അച്ഛനെ സ്ഥിരതാമസത്തിൽ നിന്ന് ഏകദേശം 305 കിലോമീറ്റർ അകലെയുള്ള ആലക്കോട്ടേക്ക് മാറ്റിയതായാണ് മകളുടെ പരാതി. ഗുരുതര വാഹനാപകടത്തെ തുടർന്ന് അച്ഛന് ആരോഗ്യപ്രശ്നങ്ങളും സ്ലീപ് അപ്നിയയും സിപിഎപി ഉപയോഗിക്കേണ്ട സാഹചര്യവുമുണ്ടെന്നും കുറിപ്പിൽ പറയുന്നു.
“അച്ഛനെ 305 കിലോമീറ്റർ അകലെ അയക്കുന്നത് ഒരു ഭരണപരമായ തീരുമാനം മാത്രമായിരിക്കാം. പക്ഷേ, അതിന്റെ ഫലം ഞങ്ങൾക്ക്, രണ്ട് പെൺമക്കൾക്ക് ഓരോ ദിവസവും നേരിടേണ്ടി വരുന്ന യാഥാർഥ്യമാണ്.” എന്നാണ് മകൾ കുറിച്ചിരിക്കുന്നത്.
രോഗബാധിതയായ ജീവനക്കാരിയുടെ കാര്യത്തിലും കരുണയില്ലെന്ന് ആരോപണം
അസിസ്റ്റന്റ് മാനേജർമാരുടെ കരട് പട്ടിക വന്നപ്പോൾ ട്യൂമർ ബാധിച്ച് അടിയന്തിര ശസ്ത്രക്രിയ കഴിഞ്ഞ് കാൻസറിന് കീമോതെറാപ്പി ഉൾപ്പെടെയുള്ള ചികിത്സയിലുള്ള ഒരു വനിതാ ജീവനക്കാരി നേരിട്ട് മുഖ്യമന്ത്രിയെ കാണുകയും രേഖാമൂലം അപേക്ഷ നൽകുകയും ചെയ്തതായി സംഘടനകൾ പറയുന്നു. ജീവനക്കാരിയുടെ മുന്നിൽവെച്ച് തന്നെ ആവശ്യമായ നടപടി സ്വീകരിക്കാൻ മുഖ്യമന്ത്രി ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിരുന്നുവെന്നാണ് സംഘടനകളുടെ വാദം. എന്നാൽ അന്തിമ പട്ടികയിൽ കരട് പട്ടികയിലെ സ്റ്റേഷനേക്കാൾ കൂടുതൽ ദൂരെയുള്ള സ്ഥലത്തേക്കാണ് ഈ രോഗബാധിത ജീവനക്കാരിയെ മാറ്റിയതെന്നാണ് ആരോപണം.
മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടുവെന്ന് പറയുന്ന സാഹചര്യത്തിലും പരിഹാരം ഉണ്ടായില്ല. നിരവധി രോഗബാധിത ജീവനക്കാരെ കുടുംബസാഹചര്യങ്ങൾ പരിഗണിക്കാതെ വിവിധ സ്ഥലങ്ങളിലേക്ക് മാറ്റിയിട്ടുണ്ടെന്നാണ് സംഘടനകളുടെ ആരോപണം.
അസിസ്റ്റന്റ് മാനേജർ ട്രാൻസ്ഫർ സംബന്ധിച്ച കേസ് ഹൈക്കോടതിയുടെ പരിഗണനയിൽ തുടരുന്നതിനിടെ പുതിയ ട്രാൻസ്ഫർ ഉത്തരവ്. W.P.(C) No.26495/2026 കേസിൽ ആഗസ്ത് ഏഴ് മുതൽ സെപ്തംബർ 15 വരെ വിവിധ ഘട്ടങ്ങളിൽ ഹൈക്കോടതി ഇടപെട്ടിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ ട്രാൻസ്ഫർ ഉത്തരവ് പുറപ്പെടുവിച്ചത്.
സെപ്റ്റംബർ 22ന് പുതിയ എംഡി ചുമതലയേറ്റ ദിവസം തന്നെ അസിസ്റ്റന്റ് മാനേജർമാരുടെ പുതിയ സ്ഥലംമാറ്റ ഉത്തരവ് പ്രസിദ്ധീകരിക്കുകയായിരുന്നു. അതേ ദിവസം ഇടതുപക്ഷ ജീവനക്കാരുടെ സംഘടനകളെ ചർച്ചയ്ക്ക് വിളിച്ച്, നിശ്ചയിച്ചിരുന്ന രാപ്പകൽ സമരം ഉൾപ്പെടെയുള്ള സമരപരിപാടികൾ മാറ്റിവയ്ക്കണമെന്ന് എംഡി അഭ്യർഥിച്ചിരുന്നു. പ്രശ്നങ്ങൾ ചർച്ചയിലൂടെ പരിഹരിക്കാമെന്ന ഉറപ്പിന്റെ അടിസ്ഥാനത്തിൽ സംഘടനകൾ സമരം മാറ്റിവച്ചെങ്കിലും, തുടർന്ന് പുതിയ സ്ഥലംമാറ്റ ഉത്തരവ് പുറത്തു വന്നു. ഹൈക്കോടതി ജീവനക്കാരുടെ ബുദ്ധിമുട്ടും സൗകര്യവും പരിഗണിക്കണമെന്ന് പറഞ്ഞ സാഹചര്യത്തിൽ, രോഗബാധിതരും കുടുംബബാധ്യതയുള്ളവരുമായ ജീവനക്കാരുടെ പരാതികൾ അവഗണിക്കപ്പെട്ടുവെന്ന ആരോപണം ഗൗരവമുള്ളതാണ്.










0 comments