print edition ഓങ്കോളജി പാർക്ക് നിർമാണത്തിന് നടപടിയില്ല; കെഎസ്‌ഡിപി വികസനവും നിലച്ചു


ഫെബിൻ ജോഷി
Published on Sep 30, 2026, 01:56 AM | 1 min read
ആലപ്പുഴ : പൊതുമേഖല സ്ഥാപനമായ ആലപ്പുഴ കെഎസ്ഡിപി (കേരള സ്‌റ്റേറ്റ് ഡ്രഗ്‌സ് ആൻഡ് ഫാർമസ്യൂട്ടിക്കൽ ലിമിറ്റഡ്) യിലെ മരുന്നുൽപ്പാദനം സർക്കാർ വെട്ടിക്കുറച്ചതിനുപിന്നാലെ വികസന പദ്ധതികൾക്കും താഴിടുന്നു. സർക്കാർ അധികാരമേറ്റ് നാലുമാസം പിന്നിട്ടിട്ടും സ്ഥാപനത്തിന് ചെയർമാനെ കണ്ടെത്താനായിട്ടില്ല.
സാധാരണക്കാർക്ക് 60 ശതമാനംവരെ വിലക്കുറവിൽ അർബുദ പ്രതിരോധ മരുന്ന് ലഭ്യമാക്കാൻ വിഭാവനംചെയ്‌ത ഓങ്കോളജി പാർക്ക്, ലായനി മരുന്നുകൾ നിർമിക്കുന്ന എൽവിപി– -എസ്‌വിപി പ്ലാന്റ്, 15 മരുന്നുകൾ സ്വന്തം ബ്രാൻഡിൽ വിപണിയിലെത്തിക്കുന്ന പദ്ധതി എന്നിവയാണ് അനിശ്‌ചിതത്വത്തിലായത്. ഇവയെല്ലാം തകർത്ത് സ്വകാര്യകുത്തകകൾക്ക് കൊള്ളലാഭത്തിന് വഴിയൊരുക്കുകയാണ് യുഡിഎഫ് സർക്കാർ.
കഴിഞ്ഞ നിയമസഭാതെരഞ്ഞെടുപ്പിൽ യുഡിഎഫ-ിന് മരുന്നുനിർമാണ കന്പനികൾ കോടികൾ സംഭാവന നൽകിയെന്ന് ആരോപണം ഉയർന്നിരുന്നു. സ്വകാര്യ കന്പനികളുടെ സമ്മർദത്തിനുപുറമെ, കിഫ്‌ബിയോട് യുഡിഎഫ് സർക്കാർ സ്വീകരിക്കുന്ന പ്രതികൂല നിലപാടുകൂടിയാണ് ഓങ്കോളജി പാർക്കിന്റെ ഭാവി തുലാസിലാക്കിയത്. കലവൂരിലെ കെഎസ്ഡിപി ആസ്ഥാനത്തോട് ചേർന്ന് 6.38 ഏക്കറിലാണ് പ്ലാന്റ് സ്ഥാപിക്കാൻ എൽഡിഎഫ-് സർക്കാർ നടപടി ആരംഭിച്ചത്. 180കോടി കിഫ്‌ബിയിലൂടെ സമാഹരിക്കുമ്പോൾ 50കോടി സർക്കാർ നൽകുന്ന രീതിയിൽ 230കോടി ചെലവിലാണ് പദ്ധതി വിഭാവനംചെയ്‌തത്. ഫെബ്രുവരിയിൽ കിഫ്‌ബി അംഗീകാരം ലഭിച്ചു. പ്രാരംഭപ്രവർത്തനം പുരോഗമിക്കുന്നതിനിടെയാണ് ഭരണമാറ്റം.
ലായനി മരുന്നുകൾ നിർമിക്കുന്ന പുതിയ എൽവിപി– -എസ്‌വിപി പ്ലാന്റ് കമീഷനിങ് ഘട്ടത്തിലാണ്. വാണിജ്യാടിസ്ഥാനത്തിൽ ഉൽപ്പാദനം തുടങ്ങാൻ സർക്കാരിന്റെ സാമ്പത്തികസഹായം വേണം. അതിന് യുഡിഎഫ് സർക്കാർ നടപടിയെടുക്കുന്നില്ല.
കേരളത്തിലെ മുഴുവൻ ആശുപത്രികളും ഐവി ഫ്ലൂയിഡുകൾക്കായി മറ്റ് സംസ്ഥാനങ്ങളെയാണ് ആശ്രയിക്കുന്നത്. പ്ലാന്റ് പ്രവർത്തന സജ്ജമാകുന്നതിലൂടെ തുള്ളിമരുന്നുകളും കുത്തിവയ്‌പ്പിനുള്ള മരുന്നുകളും ഐവി ഫ്ലൂയിഡുകളുമടക്കം 26 ഇനം മരുന്നുകൾകൂടി ഉൽപ്പാദിപ്പിക്കാനാകും.
സുവർണജൂബിലി ആഘോഷത്തിന്റെ ഭാഗമായി 15 മരുന്നുകൾ സ്വന്തം ബ്രാൻഡിൽ വിപണിയിലെത്തിക്കാൻ കെഎസ്ഡിപി കഴിഞ്ഞവർഷം ശ്രമം തുടങ്ങിയിരുന്നു. പൊതുവിപണിയേക്കാൾ 60 ശതമാനം വരെ വിലക്കുറവിൽ ആന്റിബയോട്ടിക്, ജീവിതശൈലി രോഗങ്ങൾക്കുള്ള മരുന്നുകൾ എന്നിവ നിർമിക്കാനായിരുന്നു പദ്ധതി. അതും നിലച്ചു.









0 comments