35,000 കോടിയുടെ പദ്ധതികൾ നടപ്പാക്കി: മന്ത്രി പി രാജീവ്
ഡോ. കൃഷ്ണ എല്ലയുടെ പുതിയ നിക്ഷേപം ; ഭക്ഷ്യസംസ്‌കരണ, ലൈഫ് സയൻസസ് യൂണിറ്റിന് കല്ലിട്ടു

അങ്കമാലി (കൊച്ചി)
ആർസിസി ന്യൂട്രാഫിൽ പ്രൈവറ്റ് ലിമിറ്റഡ് യൂണിറ്റിന്റെ അത്യാധുനിക ഭക്ഷ്യ സംസ്‌കരണ, ലൈഫ് സയൻസസ് യൂണിറ്റിന്റെ നിർമാണത്തിന് കേരളത്തിൽ തുടക്കം. വ്യവസായ വികസന കോർപറേഷ (കെഎസ്‌ഐഡിസി)ന്റെ അങ്കമാലിയിലെ ബിസിനസ് പാർക്കിൽ വ്യവസായമന്ത്രി പി രാജീവ് കല്ലിട്ടു. രാജ്യത്ത് കോവിഡ് വാക്സിൻ വികസിപ്പിക്കുന്നതിൽ മുഖ്യപങ്കുവഹിച്ച ഭാരത് ബയോടെക് ചെയർമാൻ ഡോ. കൃഷ്ണ എല്ലയുടെ പുതിയ സംരംഭമാണിത്.
വ്യവസായവകുപ്പ് സംഘടിപ്പിച്ച ഇൻവെസ്റ്റ് കേരള ആഗോള നിക്ഷേപക ഉച്ചകോടിയിൽ പ്രഖ്യാപിച്ച സുപ്രധാന നിക്ഷേപ പദ്ധതി, സംസ്ഥാന സർക്കാരിന്റെയും കെഎസ്ഐഡിസിയുടെയും പിന്തുണയോടെയാണ് നടപ്പാക്കുന്നത്.
ഭക്ഷ്യസംസ്‌കരണത്തിനൊപ്പം കുറഞ്ഞ വിലയിൽ കൂടുതൽ വിറ്റഴിക്കപ്പെടുന്ന നിത്യോപയോഗ സാധനങ്ങളുടെ (ഫാസ്‌റ്റ് മൂവിങ് കൺസ്യൂമർ ഗുഡ്‌സ്) നിർമാണവും വിപുലമായ കോൾഡ് സ്റ്റോറേജ്, വെയർഹൗസിങ്, ഗവേഷണം, വികസനം, ലോജിസ്റ്റിക്സ് ഇൻഫ്രാസ്ട്രക്ചർ എന്നിവയുൾപ്പെടുന്നതാകും യൂണിറ്റ്. ഇവിടെ വികസിപ്പിച്ചെടുക്കുന്ന ഉൽപ്പന്നങ്ങൾ ഭക്ഷ്യസംസ്‌കരണം, വാക്സിൻ നിർമാണം, ഭക്ഷ്യസുരക്ഷ, കാർഷിക സംസ്കരണം, മെഡിക്കൽ സാങ്കേതികവിദ്യ എന്നിവയുൾപ്പെടെയുള്ള നിർണായക മേഖലകളിൽ ഉപയോഗിക്കും.
ഇറ്റലി, ജർമനി എന്നിവിടങ്ങളിൽനിന്ന് ഇറക്കുമതിചെയ്ത യന്ത്രങ്ങൾ ഉപയോഗിച്ച് ദീർഘകാലം ഈടുനിൽക്കുന്ന ഉൽപ്പന്നങ്ങൾ യൂണിറ്റിൽ നിർമിക്കാൻ കഴിയും. നിർമാണം പൂർത്തിയായി ആദ്യമാസങ്ങളിൽത്തന്നെ നൂറിലധികം തൊഴിലവസരങ്ങളുമുണ്ടാകും.
ഉദ്‌ഘാടനച്ചടങ്ങിൽ റോജി എം ജോൺ എംഎൽഎ അധ്യക്ഷനായി. ഡോ. കൃഷ്ണ എല്ല മുഖ്യപ്രഭാഷണം നടത്തി. മന്ത്രി പി രാജീവിന്റെ ശ്രമവും കേരളത്തിന്റെ ഇപ്പോഴത്തെ നിക്ഷേപാനുകൂല സാഹചര്യവുമാണ് പദ്ധതിക്ക് പ്രേരണയായതെന്ന് അദ്ദേഹം പറഞ്ഞു. കലക്ടർ ജി പ്രിയങ്ക, ഭാരത് ബയോടെക് ഇന്റർനാഷണൽ എക്സിക്യൂട്ടീവ് ഡയറക്ടർ സായി പ്രസാദ് ദേവരാജലു, ഇന്നൊവേറ്റീവ് ഇൻഫ്രാ ആൻഡ് മൈനിങ് സൊല്യൂഷൻസ് ഹ്യൂമൻ റിസോഴ്സസ് മേധാവി വിനോദ് കൃഷ്ണ, അങ്കമാലി നഗരസഭാധ്യക്ഷൻ ഷിയോ പോൾ തുടങ്ങിയവർ സംസാരിച്ചു.
35,000 കോടിയുടെ പദ്ധതികൾ നടപ്പാക്കി: മന്ത്രി പി രാജീവ്
ഇൻവെസ്റ്റ് കേരള ആഗോള നിക്ഷേപക ഉച്ചകോടി വ്യവസായരംഗത്ത് വൻ മുന്നേറ്റം സാധ്യമാക്കിയെന്ന് വ്യവസായമന്ത്രി പി രാജീവ് പറഞ്ഞു. ഉച്ചകോടിയിൽ ഒപ്പുവച്ചവയിൽ 35,000 കോടി രൂപയുടെ പദ്ധതികൾ നടപ്പാക്കി. നിർമാണഘട്ടത്തിലേക്ക് കടക്കുന്ന 98–-ാമത്തെ നിക്ഷേപ പദ്ധതിയാണ് ആർസിസി ന്യൂട്രാഫിൽ യൂണിറ്റെന്നും പദ്ധതിക്ക് കല്ലിട്ട് മന്ത്രി പറഞ്ഞു.
ഇൗ യൂണിറ്റ് വഴി കേരളത്തിലേക്ക് കൂടുതൽ നിക്ഷേപകരെ ആകർഷിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് വളരെ വേഗത്തിൽ നിക്ഷേപകരാറുകൾ നടപ്പാക്കപ്പെടുന്നത് കേരളത്തിന്റെ ശക്തിയാണ്. അദാനി ഗ്രൂപ്പിന്റെ കളമശേരി ലോജിസ്റ്റിക്സ് പാർക്കിനും വിവിധ മേഖലകളിലെ ബില്യൺ ഡോളർ പദ്ധതികൾക്കും കേരളം വേദിയാകുകയാണ്. ആദ്യഘട്ട നിക്ഷേപങ്ങൾ വിജയകരമായി നടപ്പായാൽ കൂടുതൽ പദ്ധതികൾക്കും വൻതോതിൽ നിക്ഷേപങ്ങൾക്കും വാതിൽതുറക്കുമെന്നും മന്ത്രി പറഞ്ഞു.










0 comments